Business
മൈക്രോസോഫ്റ്റ് സി ഇ ഒ സത്യാ നദെല്ലയ്ക്ക് 8,000 കോടി രൂപയുടെ ശമ്പള പാക്കേജ്; എ ഐ രംഗത്തെ മുന്നേറ്റത്തിന് അംഗീകാരം
നദെല്ലയുടെ ശമ്പളത്തിൽ ഭൂരിഭാഗവും അതായത് ഏകദേശം 8.42 കോടി ഡോളർ, കമ്പനിയുടെ വിപണി പ്രകടനവുമായി ബന്ധിപ്പിച്ച ഓഹരി അവാർഡുകളായാണ് നൽകിയിരിക്കുന്നത്.

വാഷിങ്ടൺ ഡി സി | മൈക്രോസോഫ്റ്റ് സി ഇ ഒ സത്യാ നദെല്ലയ്ക്ക് 2025 സാമ്പത്തിക വർഷത്തേക്ക് 9.65 കോടി ഡോളറിൻ്റെ (ഏകദേശം 8000 കോടി രൂപ) റെക്കോർഡ് ശമ്പള പാക്കേജ്. മുൻ വർഷത്തെ 7.91 കോടി ഡോളറിൽ (ഏകദേശം 6600 കോടി രൂപ) നിന്ന് 22% വർധനവാണിത്. എ ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) രംഗത്ത് കമ്പനിയെ മുൻനിരയിൽ എത്തിച്ചതിനും, തന്ത്രപരമായ കാഴ്ചപ്പാടിനും അംഗീകാരം നൽകിയാണ് മൈക്രോസോഫ്റ്റ് ബോർഡ് ഈ വർധനവ് അനുവദിച്ചത്.
മൈക്രോസോഫ്റ്റ് സമർപ്പിച്ച പ്രോക്സി ഫയലിങ് പ്രകാരം, നദെല്ലയുടെ ശമ്പളത്തിൽ ഭൂരിഭാഗവും അതായത് ഏകദേശം 8.42 കോടി ഡോളർ, കമ്പനിയുടെ വിപണി പ്രകടനവുമായി ബന്ധിപ്പിച്ച ഓഹരി അവാർഡുകളായാണ് നൽകിയിരിക്കുന്നത്. 95% ത്തിൽ അധികം ശമ്പളവും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബോർഡ് വ്യക്തമാക്കുന്നു. 95 ലക്ഷം ഡോളർ (ഏകദേശം 79 കോടി രൂപ) കാഷ് ബോണസ്, 25 ലക്ഷം ഡോളർ അടിസ്ഥാന ശമ്പളം, 1,96,000 ഡോളർ മറ്റ് ആനുകൂല്യങ്ങൾ എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.
എ ഐ രംഗത്തെ മുന്നേറ്റം; വരുമാനം 28,170 കോടി ഡോളറിലേക്ക്
മൈക്രോസോഫ്റ്റിന്റെ വളർച്ചാ നിരക്കും ഓഹരി ഉടമകൾക്കുള്ള വരുമാനവും ശമ്പളം നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 15% വർധിച്ച് 28,170 കോടി ഡോളറിലെത്തി. അറ്റാദായം 16% ഉയർന്ന് 10,180 കോടി ഡോളറിലെത്തി. അസൂർ, കോപൈലറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ ഈ മികച്ച പ്രകടനത്തിന് നിർണായക പങ്ക് വഹിച്ചതായി നഷ്ടപരിഹാര സമിതി എടുത്തുപറഞ്ഞു. ഈ വളർച്ച സത്യാ നദെല്ലയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ടീമും ഈ തലമുറ മാറ്റത്തിൽ മൈക്രോസോഫ്റ്റിനെ വ്യക്തമായ എ ഐ നേതാവാക്കി മാറ്റിയെന്ന് തെളിയിക്കുന്നതായി ബോർഡ് പ്രസ്താവിച്ചു.
നദെല്ല സി ഇ ഒ ആയി സ്ഥാനമേറ്റ 2014 മുതൽ മൈക്രോസോഫ്റ്റിൻ്റെ പ്രകടനത്തിലും അദ്ദേഹത്തിൻ്റെ ശമ്പളത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 2015 ൽ ഏകദേശം 1.8 കോടി ഡോളറായിരുന്നത് 2022 ൽ 5.5 കോടി ഡോളറിലെത്തി. ഈ വർഷം മൈക്രോസോഫ്റ്റിൻ്റെ ഓഹരി വില 23% വർധിച്ചു. കഴിഞ്ഞ വർഷം 3 ട്രില്യൺ ഡോളർ വിപണി മൂലധനത്തിൽ എത്തുന്ന രണ്ടാമത്തെ കമ്പനിയായി മൈക്രോസോഫ്റ്റ് മാറിയിരുന്നു. 2019 മുതൽ ഓപ്പൺ എ ഐയിൽ 1,300 കോടി ഡോളറിൽ അധികം മൈക്രോസോഫ്റ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.