Kozhikode
സി ബി എസ് ഇ അത്ലറ്റിക് മീറ്റില്‍ തിളങ്ങി മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
വിവിധ ഇനങ്ങളിലായി ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയാണ് മെംസ് വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

കുന്ദമംഗലം|കുന്നംകുളത്ത് നടന്ന സിബിഎസ്ഇ ക്ലസ്റ്റര്‍ അത്ലറ്റിക് മീറ്റില്‍ തിളങ്ങി കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. വിവിധ ഇനങ്ങളിലായി ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയാണ് മെംസ് വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഡിസ്‌കസ് ത്രോ ഇനത്തില്‍ മുഹമ്മദ് അസ്ഹരി സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും നേടി. ഷോട്ട്പുട്ടില്‍ വെള്ളി മെഡലും നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും നവാസ് അലി കരസ്ഥമാക്കി. ജാവലിന്‍ ത്രോയില്‍ മുസമ്മില്‍ ഷബീറിന് വെങ്കല മെഡല്‍ ലഭിച്ചു.
വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരും മാനേജ്‌മെന്റും ഊഷ്മള സ്വീകരണം നല്‍കി. ഈ വിജയങ്ങള്‍ സ്‌കൂളിന്റെ കായികരംഗത്തെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.