Connect with us

media one

മീഡിയാവണ്‍: കേന്ദ്ര വിലക്കിന് സുപ്രീം കോടതി സ്‌റ്റേ

ഇതോടെ, മീഡിയ വണ്‍ ചാനലിന് താത്കാലികമായി സംപ്രേഷണം നടത്താം.

Published

|

Last Updated

ന്യൂഡല്‍ഹി | മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിന് സ്റ്റേ ഉത്തരവുമായി സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് സ്‌റ്റേ അനുവദിച്ചത്. ഇതോടെ, മീഡിയ വണ്‍ ചാനലിന് താത്കാലികമായി സംപ്രേഷണം നടത്താം.

ഒരുതരത്തിലും സ്റ്റേ അനുവദിക്കരുതെന്ന കേന്ദ്ര സർക്കാറിൻ്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ വിഷയത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനൽ സംപ്രേഷണം നടത്താം. നിലവിൽ മീഡിയാവണ്ണിൻ്റെ സാമൂഹിക മാധ്യമ ചാനലുകളും പേജുകളും വെബ്സൈറ്റുമാണ് പ്രവർത്തിക്കുന്നത്.

കേന്ദ്ര സർക്കാർ നൽകിയ ഫയലുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി ഉത്തരവ്. ഇന്ന് കേസ് പരിഗണിച്ച സമയത്ത് സീൽ ചെയ്ത കവറിൽ രേഖകൾ സമർപ്പിച്ചതിന് സുപ്രീം കോടതി നിശിത വിമർശം നടത്തിയിരുന്നു. തുടർന്നാണ് രേഖകൾ നൽകിയത്. ഈ രേഖകൾ മീഡിയാവണ്ണിൻ്റെ ഹരജിക്കാർക്ക് നൽകുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം വാര്‍ത്താവിനിമയ മന്ത്രാലയം തടഞ്ഞത്. ഇത് ചോദ്യം ചെയ്ത് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹരജികൾ പരിഗണിച്ച കോടതി വിലക്ക് രണ്ട് ദിവസത്തേക്ക് മരവിപ്പിച്ചു. പിന്നീട് സർക്കാർ മുദ്രവെച്ച കവറിൽ നലകിയ രേഖകൾ വിശദമായി പരിശോധിച്ച കോടതി വിലക്ക് ശരിവെക്കുകയായിരുന്നു. ഇതോടെ ചാനൽ വീണ്ടും പ്രവർത്തനം നിർത്തി. തുടർന്നാണ് അപ്പീൽ ഹരജിയുമായി മാനേജ്‌മെന്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിനുവേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്രസർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് കോടതിയിൽ ഹാജരായത്.

ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിനുശേഷം കേസ് വിധി പറയാൻ മാറ്റി. തുടർന്ന് മാർച്ച് രണ്ടിന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സിംഗിൾ ബഞ്ച് വിധി ശരിവെച്ച് മീഡിയവൺ ചാനലിൻെറ ഹർജി തള്ളി. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിനു കൈമാറിയിരുന്നത്. ഇതിന് ശേഷമാണ് മാനേജ്‌മെന്റും ജീവനക്കാരും സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കുകയായിരുന്നു. ചാനൽ വിലക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest