Connect with us

Siraj Article

കര്‍ഷക സമരം അടയാളപ്പെടുത്തുന്നത്‌

ലഖിംപൂരിലെ വാര്‍ത്തകള്‍ പുറം ലോകത്തെത്താതിരിക്കാന്‍ ഇന്റര്‍നെറ്റ് മരവിപ്പിച്ചും കൂടുതല്‍ കര്‍ഷകര്‍ പ്രദേശത്തേക്ക് എത്താതിരിക്കാന്‍ അതിര്‍ത്തികള്‍ അടച്ചും പോലീസ് സന്നാഹം വിന്യസിച്ചും കേന്ദ്ര സര്‍ക്കാര്‍ അടിച്ചൊതുക്കല്‍ നയം തുടരുകയാണ്. പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രഭാതം സ്വപ്‌നം കണ്ട് പൂര്‍വാധികം ശക്തിയോടെ പോരാളികളിപ്പോഴും അടര്‍ക്കളത്തില്‍ തന്നെയാണ്

Published

|

Last Updated

നിങ്ങളുടെ വാക്കുകള്‍ കൊണ്ടെന്നെ വെടിവെച്ചിടാം/ നിങ്ങളുടെ തീവ്രമായ നോട്ടം കൊണ്ടെന്നെ മുറിച്ചു കളയാം/ വെറുപ്പു കൊണ്ട് നിങ്ങള്‍ക്കെന്നെ കൊല്ലാം/ പക്ഷേ,/ എന്നാലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും, ധൂളി പോലെ… 2014ല്‍ വിടപറഞ്ഞ, കറുത്ത വര്‍ഗക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പൊരുതിയ അമേരിക്കന്‍ കവയിത്രി മായാ ആഞ്ജലേയുടെ വരികളാണിത്. അതിജീവനത്തിന്റെ തീക്ഷ്ണമായ ഭാഷകള്‍ ഇന്ത്യയിലെല്ലായിടത്തും ഇപ്പോള്‍ മുഴങ്ങി തുടങ്ങിയിട്ടുണ്ട്. ഹം ഹോംഗേ കാംയാബ് (നമ്മള്‍ അതിജയിക്കും) എന്ന ഉറച്ച സ്വരമാണ് ഒരു വര്‍ഷമായി കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. ചീറി വരുന്ന ജല പീരങ്കികള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നവരാണ് പ്രക്ഷോഭത്തിന് മുന്നില്‍ നില്‍ക്കുന്നത്. എതിരെ വരുന്ന ഏത് അക്രമങ്ങളെയും നേരിടാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറായി നില്‍ക്കുന്നവരാണവര്‍.

2020 സെപ്തംബറില്‍ കേന്ദ്ര മന്ത്രിസഭ കാര്‍ഷിക ബില്ല് പാസ്സാക്കിയത് മുതല്‍ ആരംഭിച്ച സമരത്തിന്റെ വീര്യം ഒട്ടും ചോര്‍ന്നിട്ടില്ല. “സമരം ചെയ്യുന്ന കര്‍ഷകരെ പാഠം പഠിപ്പിക്കും. വെറും രണ്ട് മിനുട്ട് കൊണ്ട് അവരെ ഞാന്‍ ശരിപ്പെടുത്തും’ എന്ന് ആക്രോശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്രയുടെ പ്രസ്താവനക്കെതിരെ കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. അജയ്കുമാര്‍ മിശ്രയുടെ മണ്ഡലം ഉള്‍ക്കൊള്ളുന്ന ബന്നവിര്‍ പുര്‍ ഗ്രാമത്തില്‍ ചില പദ്ധതികളുടെ ഉദ്ഘാടനം ആസൂത്രണം ചെയ്തിരുന്നു. മുഖ്യാതിഥിയായി എത്തുന്ന യു പിയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഹെലികോപ്ടര്‍ ഇറങ്ങുന്ന മഹാരാജ അഗ്രസേന്‍ മൈതാനത്തിലെ ഹെലിപാടിന് സമീപം കര്‍ഷകര്‍ ഒത്തുകൂടി പ്രതിഷേധിച്ചു. സമരം മതിയാക്കി സ്ഥലം വിടാന്‍ ബി ജെ പി ആക്രോശിച്ചിട്ടും വീര്യമുള്ള സമരപോരാളികള്‍ അനങ്ങിയില്ല. അവരിലേക്കാണ് ആശിഷ് മിശ്രയുടേത് ഉള്‍പ്പെടെ മൂന്ന് കാര്‍ അതിവേഗത്തില്‍ ഇടിച്ച് കയറിയത്.

നിയോ ലിബറല്‍ കോര്‍പറേറ്റ് രാഷ്ട്രീയ നയത്തിന്റെ ഫലമായി ദാരിദ്ര്യത്തിലും കടക്കെണിയിലും പെട്ട് ആത്മഹത്യ ചെയ്യാന്‍ വിധിക്കപ്പെട്ട കര്‍ഷക വംശത്തിന്റെ രാഷ്ട്രീയപരമായ ജീവിതോത്ഥാനത്തെയാണ് കര്‍ഷക സമരം അടയാളപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ ഒരു അതീത ഭരണകൂടമായി മാറിയ കോര്‍പറേറ്റ് സൗഹൃദ ഹിന്ദുത്വ സര്‍വാധിപത്യ വാഴ്ചയെ പ്രതിരോധിക്കുന്ന ആദ്യത്തെ സുശക്തമായ സമരവും പ്രക്ഷോഭവുമാണ് കര്‍ഷക സമരം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാമൂഹിക ബന്ധങ്ങളും കൂടിച്ചേരലുകളും റദ്ദാക്കപ്പെട്ട കാലത്ത് ഭരണകൂട ഭീകരത സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് മുന്നില്‍ സംഘടിത തൊഴിലാളി വര്‍ഗവും വിദ്യാര്‍ഥി യുവജന നിരകളും രാഷ്ട്രീയ കക്ഷികളും പൗരാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിരോധ പ്രസ്ഥാനങ്ങളൊക്കെയും തകര്‍ന്നുവീണു കഴിഞ്ഞ ഈ പ്രതിസന്ധിയില്‍ ജനാധിപത്യത്തിന്റെ അന്തിമ സംരക്ഷകരായി ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കാന്‍ കര്‍ഷക സംഘടനകള്‍ക്ക് കഴിയുന്നു. ജനകീയ വിമോചന വിപ്ലവ പ്രസ്ഥാനങ്ങളുടെ മുന്നണി ശക്തിയാണ് ഈ കര്‍ഷക വൃന്ദമെന്ന് അവര്‍ തെളിയിക്കുകയാണ്.

ഭാരത് കിസാന്‍ യൂനിയന്‍ പ്രസിഡന്റ് 2020 ഡിസംബറില്‍ ദി വയറിന് നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്, “ഞങ്ങളുടെ പ്രസ്ഥാനം രാഷ്ട്രീയമല്ല എന്ന് പറയുമ്പോള്‍ ഒരു രാഷ്ട്രീയ കക്ഷിയുമായി ഞങ്ങള്‍ ബന്ധിതരല്ല എന്നാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയുടെ കോര്‍പറേറ്റ് വത്കരണത്തെ എതിര്‍ക്കുന്നു എന്ന അര്‍ഥത്തില്‍ തികച്ചും രാഷ്ട്രീയപരമാണ് ഈ സമരം’. രാഷ്ട്രീയ വേഷമണിഞ്ഞ് ആരും വരേണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഇന്ത്യയില്‍ വ്യത്യസ്ത സമയങ്ങളില്‍ രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഒരു കക്ഷി രാഷ്ട്രീയ പരിതസ്ഥിതി ഉണ്ടായിരുന്നു. 1929ല്‍ രൂപവത്കരിച്ച കിസാന്‍ സഭ വ്യത്യസ്ത പാര്‍ട്ടികളുടെയും അതിന്റെ രൂപമാറ്റങ്ങളുടെയും ചരിത്രം പറയുന്നുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നു മിക്ക കര്‍ഷക വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും.

ഇപ്പോള്‍ കേന്ദ്രമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. ലഖിംപൂരിലെ വാര്‍ത്തകള്‍ പുറം ലോകത്തെത്താതിരിക്കാന്‍ ഇന്റര്‍നെറ്റ് മരവിപ്പിച്ചും കൂടുതല്‍ കര്‍ഷകര്‍ പ്രദേശത്തേക്ക് എത്താതിരിക്കാന്‍ അതിര്‍ത്തികള്‍ അടച്ചും പോലീസ് സന്നാഹം വിന്യസിച്ചും കേന്ദ്ര സര്‍ക്കാര്‍ അടിച്ചൊതുക്കല്‍ നയം തുടരുകയാണ്. പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രഭാതം സ്വപ്‌നം കണ്ട് പൂര്‍വാധികം ശക്തിയോടെ പോരാളികളിപ്പോഴും അടര്‍ക്കളത്തില്‍ തന്നെയാണ്.