Connect with us

Kerala

മഴ ശക്തം; ഇടുക്കിയില്‍ വെള്ളപ്പൊക്കം

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കും

Published

|

Last Updated

ഇടുക്കി | അതിശക്തമായ മഴയില്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കും. കട്ടപ്പനക്ക് സമീപം ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ടു.

രാവിലെ എട്ടുമണിയോടെമുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തി. ഹൈറേഞ്ചില്‍ മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്.

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ കനക്കുന്നതിനാല്‍ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

Latest