International
പിഎന്‍ബി വായ്പ തട്ടിപ്പ് കേസ്: മുഖ്യപ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി അനുമതി
15 ദിവസത്തിനുള്ളില്‍ ബെല്‍ജിയന്‍ സുപ്രീം കോടതിയില്‍ ചോക്‌സിക്ക് അപ്പീല്‍ നല്‍കാം.

ന്യൂഡല്‍ഹി| പഞ്ചാബ് നാഷണല്‍ ബേങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി വ്യവസായി മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കി ബെല്‍ജിയം കോടതി. ബെല്‍ജിയന്‍ പോലീസ് മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത് സാധുവാണെന്ന് ആന്റ്വെര്‍പ്പിലെ കോടതി വ്യക്തമാക്കി. 15 ദിവസത്തിനുള്ളില്‍ ബെല്‍ജിയന്‍ സുപ്രീം കോടതിയില്‍ ചോക്‌സിക്ക് അപ്പീല്‍ നല്‍കാം. പഞ്ചാബ് നാഷണല്‍ ബേങ്കില്‍ നിന്ന് വ്യാജരേഖകള്‍ ഉപയോഗിച്ച് 13,000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ പ്രധാന പ്രതിയാണ് ചോക്സി.
വായ്പാ തട്ടിപ്പ് പുറത്തുവന്നതിനുശേഷം ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടുകയും ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. ചോക്‌സിയുടെ അനന്തരവന്‍ നീരവ് മോദിയാണ് കേസിലെ മറ്റൊരു പ്രതി. 2018ലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. അതിനു തൊട്ടുമുമ്പാണ് മെഹുല്‍ ചോക്സിയും നീരവ് മോദിയും രാജ്യം വിട്ടത്.
ഇന്ത്യയുടെ ആവശ്യത്തെതുടര്‍ന്ന് 2025 ഏപ്രില്‍ 11ന് ചോക്‌സിയെ ബെല്‍ജിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.