Connect with us

Education

തൊഴിലന്വേഷകര്‍ക്ക് ഉള്‍കാഴ്ച നല്‍കി മര്‍കസ് ഐ ടി ഐ ടെക് ടോക്

അഭ്യസ്തവിദ്യരായ യുവാക്കളാണ് കേരളത്തിന്റെ സമ്പത്തെന്ന് ഡോ. പി സരിന്

Published

|

Last Updated

കോഴിക്കോട് | അഭ്യസ്തവിദ്യരായ യുവസമൂഹമാണ് കേരളത്തിന്റെ സമ്പത്തെന്നും കൃത്യമായ മാര്‍ഗദര്‍ശനങ്ങളിലൂടെ നൈപുണിയും അവസരങ്ങളും ലഭ്യമാക്കി അവരെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ.പി സരിന്‍. തൊഴിലന്വേഷകരായ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം പരിചയപ്പെടുത്തുന്ന മര്‍കസ് ഐ ടി ഐ പദ്ധതി ‘ടെക് ടോക്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാന കേരളം മുന്നോട്ട് പോവുന്നതെന്നും പഠനത്തിന് ശേഷം അവരുടെ കഴിവുകള്‍ സംസ്ഥാനത്തിന് വേണ്ടിതന്നെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കമ്പനികളിലുള്‍പ്പെടെ പ്ലേസ്‌മെന്റ് നല്‍കുന്ന മര്‍കസ് സ്ഥാപനങ്ങള്‍ വിജ്ഞാന കേരളത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പ്രശംസിച്ചു.

ഐ ടി ഐ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രിന്‍സിപ്പല്‍ എന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മര്‍കസ് അക്കാഡമിക് ആന്‍ഡ് കള്‍ച്ചറല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ ബാദുഷ സഖാഫി ഡോ. സരിന് ഉപഹാരം കൈമാറി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, മാനേജ്മന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹ്മൂദ് കോറോത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അശ്റഫ് കാരന്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: മര്‍കസ് ഐ ടി ഐ ‘ടെക് ടോക്’ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ.പി സരിന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

Latest