Connect with us

Articles

കേരളത്തിനു നേരേ മര്‍ക്കട മുഷ്ടി

നടപടിയുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്നും സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും നാടിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം തരില്ലെന്നും പറയുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്.

Published

|

Last Updated

സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് യൂനിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് സംസ്ഥാന താത്പര്യത്തിന് എതിരാണ്. സംസ്ഥാന സര്‍ക്കാറുകളുമായി നല്ല ബന്ധത്തിന് ഉതകുന്ന നിലയിലുള്ള ഒരു സമീപനമല്ല യൂനിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം, ധന ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയില്‍നിന്ന് എടുക്കുന്ന വായ്പ തുടങ്ങിയവ സംസ്ഥാനത്തിന്റെ വരുമാന മാര്‍ഗങ്ങളില്‍ അവഗണിക്കാനാകാത്ത ഭാഗമാണ്. ഈ വരുമാന മര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്ന നിലയില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന യൂനിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ.

സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരുന്ന കേന്ദ്ര നികുതി വിഹിതത്തില്‍ പകുതിയിലേറെ കുറഞ്ഞു. ജി എസ് ടി നഷ്ടപരിഹാരം ഇല്ലാതാക്കിയത് കേരളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. റവന്യൂ കമ്മി ഗ്രാന്റിലും ഈ വര്‍ഷം വലിയ കുറവുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് കേന്ദ്രാവിഷ്‌കൃത പദ്ധതി ഗ്രാന്റുകളിലടക്കം അര്‍ഹതപ്പെട്ടതും കേരളം മുന്‍കൂര്‍ ചെലവിട്ടതുമായ തുകകള്‍ പോലും നിഷേധിക്കുന്ന സമീപനം. ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും നിരവധി കത്തുകള്‍ നല്‍കി. രാഷ്ട്രീയമായും നമ്മുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി. എന്നിട്ടും നീതി നിഷേധിക്കപ്പെടുന്ന ഘട്ടത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തിന് ഇപ്പോള്‍ സ്വാഭാവികമായും കിട്ടേണ്ട 13,609 കോടി രൂപ ഉണ്ട്. ഈ പണം തരണമെങ്കില്‍ ഹരജി പിന്‍വലിക്കണമെന്നതായിരുന്നു യൂനിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ നിലപാട്. ഇക്കഴിഞ്ഞ 19ന് സുപ്രീം കോടതി ഹരജി വീണ്ടും പരിഗണിച്ചപ്പോഴും യൂനിയന്‍ സര്‍ക്കാര്‍ നിലപാട് വിചിത്രമായിരുന്നു. പണം കൊടുക്കാനുണ്ട്, എന്നാല്‍, ഹരജി പിന്‍വലിച്ചാലേ നല്‍കൂ എന്ന സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാനത്തെ സമ്മര്‍ദത്തിലാക്കി ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ്. സംസ്ഥാനം നല്‍കിയ കേസില്‍ നീതിയുക്തമായ കാര്യങ്ങള്‍ ഉണ്ടെന്നത് തിരിച്ചറിഞ്ഞുള്ള സമ്മര്‍ദ തന്ത്രമാണ് പിന്‍വലിക്കല്‍ ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്. കേന്ദ്രം കേരളത്തിനു നേരേ ‘മര്‍ക്കട മുഷ്ടി’ കാട്ടുകയാണ്.

സാമ്പത്തിക വര്‍ഷാവസാന മാസമായ മാര്‍ച്ചില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ചെലവാണുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കേരളത്തിന്റെ ട്രഷറി ചെലവ് 22,000 കോടിയോളം രൂപയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് യൂനിയന്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരം സാഹചര്യം സിനിമാ കഥകളില്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍, ഒരു സംസ്ഥാനത്തിന് നേരെയാണീ രീതി പ്രയോഗിക്കുന്നത്.

ഭരണഘടനാപരമായ സംസ്ഥാനത്തിന്റെയും യൂനിയന്‍ സര്‍ക്കാറിന്റെയും അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നതു തന്നെയാണ് കേരള സര്‍ക്കാറിന്റെ പ്രതീക്ഷ. ഭരണഘടന അനുസരിച്ച് കോടതിയിലൂടെയുള്ള ഒരു തര്‍ക്ക പരിഹാരം ആവശ്യപ്പെടുമ്പോള്‍, അത് പാടില്ലെന്നാണ് യൂനിയന്‍ സര്‍ക്കാര്‍ പറയുന്നത്. നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്നും സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും നാടിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം തരില്ലെന്നും പറയുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്. അര്‍ഹതപ്പെട്ടത് ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഒരു അഭിപ്രായവും പറയാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്ന പഴയകാല മുതലാളിമാരുടെ നിലവാരത്തിലേക്ക് യൂനിയന്‍ സര്‍ക്കാര്‍ താഴ്ന്നിരിക്കുകയാണ്. ജനാധിപത്യപരമായും നിയമപരമായും സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

അര്‍ഹതപ്പെട്ട പണം ലഭിക്കേണ്ടത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണ്. ഒപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രയത്നവുമാണ്.
അധികാരം യൂനിയന്‍ സര്‍ക്കാറിന്റെ കൈയിലാണ് എന്നതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ ഏറ്റവും ന്യായമായ അവകാശങ്ങളെ ഹനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ഗൗരവകരമായ കാര്യമാണ്.

 

Latest