Connect with us

Kerala

എല്‍ ഡി എഫിലെ പല കക്ഷികളും നേതാക്കളും യു ഡി എഫിന്റെ ഭാഗമാകും: അടൂര്‍ പ്രകാശ്

പുനസ്സംഘടനയ്ക്കു ശേഷം വിപുലീകരണ ചര്‍ച്ചകള്‍.

Published

|

Last Updated

പത്തനംതിട്ട | കോണ്‍ഗ്രസ്സ് പുനസ്സംഘടനയ്ക്കു ശേഷം യു ഡി എഫ് വിപുലീകരണ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. പല കക്ഷികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ ഡി എഫിലെ പല കക്ഷികളും നേതാക്കളും യു ഡി എഫിന്റെ ഭാഗമാകുമെന്നതില്‍ തര്‍ക്കമില്ല. ഒരു കക്ഷിയുടെയും പേര് ഇപ്പോള്‍ പറയാനില്ല. അത് തുടര്‍ചര്‍ച്ചകളെ ബാധിക്കുമെന്നും പത്തനംതിട്ട പ്രസ്സ് ക്ലബില്‍ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അടൂര്‍ പ്രകാശ് പറഞ്ഞു.

നിലവില്‍ യു ഡി എഫ് ശക്തമാണ്. വിപുലീകരണമില്ലെങ്കിലും 2026ല്‍ പാര്‍ട്ടി അധികാരത്തിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. കോന്നി അടക്കം ഏതു സീറ്റിലും മത്സരിക്കാന്‍ തയ്യാറാണ്. പാര്‍ട്ടി പറയുന്നതാകും തീരുമാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ താന്‍ തന്നെ മത്സരിക്കണമെന്നതായിരുന്നു പാര്‍ട്ടി തീരുമാനം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍പട്ടികയും പരിശോധിച്ച് ഇരട്ടവോട്ടുകള്‍ കണ്ടെത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. സി പി എമ്മിന്റെയും ബി ജെ പിയുടെയും കള്ളവോട്ട് ശ്രമം പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യം കോണ്‍ഗ്രസ്സിലും യു ഡി എഫിലും ചര്‍ച്ച ചെയ്യും.

തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് വാര്‍ഡുകള്‍ വിഭജിച്ചത് അശാസ്ത്രീയമായിട്ടാണ്. ഒരു വീട്ടിലെ വോട്ടര്‍മാരെ രണ്ടു വാര്‍ഡുകളിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വാര്‍ഡുകള്‍ വിഭജിക്കാനും തിരഞ്ഞെടുപ്പ് നടത്താനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ യു ഡി എഫ് അന്വേഷിക്കും. ഇതിനെതിരേ കോടതിയെ സമീപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ അതാത് വാര്‍ഡില്‍ തന്നെയാകും തീരുമാനിക്കുക. പുറത്തുനിന്നുള്ള ഇടപെടലുണ്ടാകില്ല. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡം.

രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുകയാണ്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ 2024ല്‍ 1.72 ലക്ഷം കള്ളവോട്ടുകള്‍ താന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ബോധ്യപ്പെടുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അദ്ദേഹം സമയം അനുവദിച്ചില്ല. പലതവണ ഇ മെയില്‍ അയച്ചിട്ടും കമ്മീഷന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. 2019ല്‍ താന്‍ ആറ്റിങ്ങല്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ 1.14 ലക്ഷം കള്ളവോട്ടുകള്‍ കണ്ടെത്തിയിരുന്നു. പല നേതാക്കളുടെയും മക്കള്‍ക്ക് ഉള്‍പ്പടെ കള്ളവോട്ട് ഉണ്ടെന്നും കണ്ടെത്തി. ഐ ടി വിദഗ്ധരെയും യുവാക്കളെയും നിയോഗിച്ചാണ് പട്ടിക പരിശോധിച്ചത്. 58,000 അനധികൃത പേരുകള്‍ നീക്കം ചെയ്തു. യു ഡി എഫിന് പ്രതീക്ഷയില്ലാതിരുന്ന മണ്ഡലത്തില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് താന്‍ വിജയിച്ചു. 2024ല്‍ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ 2019ല്‍ ഒഴിവാക്കിയവരെയെല്ലാം ഉള്‍പ്പെടുത്തിയതാണ് കണ്ടത്. 1,72,015 അനധികൃത പേരുകള്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെട്ടപ്പോള്‍ ഒരു നിയമസഭാ മണ്ഡലത്തിലെ 400ല്‍ താഴെ അനധികൃത വോട്ടുകള്‍ മാത്രമാണ് നീക്കം ചെയ്തത്. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ബൂത്തുകളില്‍ കാമറ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചതുകൊണ്ട് കള്ളവോട്ടുകള്‍ തടയാന്‍ കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഇപ്പോഴും അനധികൃത പേരുകളുണ്ട്. ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇ മെയിലായി അയച്ച പരാതിക്ക് മറുപടി കിട്ടിയില്ല. ജനാധിപത്യത്തെ തകര്‍ക്കാന്‍ യു ഡി എഫ് അനുവദിക്കില്ല. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. കള്ളവോട്ടുകള്‍ തടയുന്നതില്‍ തന്റെ അനുഭവം പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുമായി പങ്കുവച്ചിരുന്നതാണ്. തൃശൂരിലെ വോട്ടര്‍പട്ടികയെ സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന ആശങ്കകളും പരിശോധിക്കപ്പെടേണ്ടതാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Latest