Kerala
പട്ടം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കരകുളം സ്വദേശി ഭാസുരനാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഭാസുരന്‍ കൊലപാതകം നടത്തി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

തിരുവനന്തപുരം| പട്ടം എസ് യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഭാര്യ ജയന്തിയെ ഭാസുരന്‍ ആശുപത്രിയില്‍ വച്ച് കൊലപ്പെടുത്തിയത്. ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ചാണ് ഭാസുരന്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
ഒരു വര്‍ഷമായി ജയന്തി വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഭാസുരന്‍ കൊലപാതകം നടത്തി ആത്മഹത്യ ചെയ്തതെന്നാണ് ഇവരുടെ മകള്‍ നല്‍കിയ മൊഴിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. അഞ്ചാംനിലയില്‍ നിന്ന് ചാടിയ ഭാസുരനെ ഗുരുതര പരുക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരിച്ചത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)