Kerala
മന്‍ കി ബാത്ത് വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന പരിപാടി: കേന്ദ്രമന്ത്രി ഡോ. എസ് ജയശങ്കര്‍
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്‍ കി ബാത്ത് ക്വിസ് മത്സര വിജയികളായ മലയാളി വിദ്യാര്‍ഥി സംഘവുമായി മന്ത്രി സംവദിച്ചു.
ന്യൂഡല്‍ഹി | വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന പ്രഭാഷണ പരിപാടിയാണ് മന്‍ കി ബാത്ത് എന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന, അഭിമാനവും ദേശീയതയും വളര്‍ത്തുന്ന പരിപാടി വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവും പരിവര്‍ത്തന ശക്തിയും പകരുന്നു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്‍ കി ബാത്ത് ക്വിസ് മത്സര വിജയികളായ മലയാളി വിദ്യാര്‍ഥി സംഘവുമായി അദ്ദേഹം സംവദിച്ചു. മുന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പമാണ് 23 അംഗ വിദ്യാര്‍ഥി സംഘം എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്.
പ്രധാനമന്ത്രിയുടെ പ്രഭാഷണ പരിപാടി ശ്രദ്ധയോടെ ശ്രവിച്ച്, മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥി സംഘത്തെ അനുമോദിച്ച ജയശങ്കര്‍, വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ചെലവഴിച്ചത് ഊഷ്മള നിമിഷങ്ങള്‍ എന്നും വി മുരളീധരന് നന്ദി അറിയിക്കുന്നതായും ഫേസ്ബുക്കില്‍ കുറിച്ചു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യനുമായും വിദ്യാര്‍ഥികള്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെയും സമീപത്തെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും സ്മാരകങ്ങളിലും പാര്‍ലിമെന്റിലും വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി.
നാളെ ഉച്ച്ക്ക് 12.30 ന് ധനമന്ത്രി നിര്‍മല സീതാരാമനുമായി വിദ്യാര്‍ഥി സംഘം കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് ദേശീയ ബാല ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ കൂടി പങ്കെടുത്ത ശേഷമാണ് സംഘം നാട്ടിലേക്ക് മടങ്ങുക.
നെഹ്‌റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയികളായ 23 വിദ്യാര്‍ഥികളാണ് ഡല്‍ഹി സന്ദര്‍ശന സംഘത്തിലുള്ളത്.