Kerala
മത്സ്യത്തിന്റെ കുത്തേറ്റ് സുഷുമ്‌ന നാഡി തകര്‍ന്നു; ചികിത്സയിലൂടെ മാലദ്വീപ് സ്വദേശിക്ക് പുതുജീവന്‍
ടൈഗര്‍ ഫിഷ് ഗണത്തില്‍പ്പെടുന്ന ബറക്കുഡ മത്സ്യമാണ് കുത്തിയത്

കൊച്ചി | മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരുക്കേറ്റ മാലദ്വീപ് സ്വദേശിക്ക് ചികിത്സയിലൂടെ പുതുജീവന്‍. ടൈഗര്‍ ഫിഷ് ഗണത്തില്‍പ്പെടുന്ന ബറക്കുഡ മത്സ്യമാണ് കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെ 32 വയസ്സുകാരനെ ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌ന നാഡിക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത യുവാവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയാണ് ജീവിതത്തിലേക്കെത്തിച്ചത്.
ആദ്യം മാലദ്വീപിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ എയര്‍ ലിഫ്റ്റ് ചെയ്ത് അമൃതയില്‍ എത്തിക്കുകയായിരുന്നു. മത്സ്യത്തിന്റെ പല്ല് സുഷുമ്‌ന നാഡിയില്‍ തറച്ചതിനാല്‍ യുവാവിന്റെ ഇടതുകൈയും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധപരിശോധനയില്‍ കഴുത്തിലെ സുഷുമ്‌ന നാഡിയില്‍ മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങള്‍ തറച്ചതായി കണ്ടെത്തി.
ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാല്‍വിന്‍ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ചികിത്സക്കും ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയത്. ഗുരുതരാവസ്ഥ തരണം ചെയ്ത യുവാവിനെ വാര്‍ഡിലേക്ക് മാറ്റി.