Connect with us

Editorial

മാനസികാരോഗ്യ സാക്ഷരതയില്‍ മലയാളി പിന്നില്‍

"ആത്മഹത്യ ഒന്നിനും പരിഹാരമല്ലെ'ന്ന ബോധവത്കരണ പ്രചാരണം ശക്തമാണെങ്കിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കണ്ടുവരുന്നത്. 2019ല്‍ ഏഴ് ലക്ഷമായിരുന്നു ആഗോളതലത്തില്‍ ആത്മഹത്യാ നിരക്കെങ്കില്‍ 2020ല്‍ 7,40,000 ആയി ഉയര്‍ന്നു.

Published

|

Last Updated

ലോക ആത്മഹത്യാ പ്രതിരോധ ദിനമാണിന്ന്. ഇന്റര്‍നാഷനല്‍ അസ്സോസിയേഷന്‍ ഫോര്‍ സൂയിഡൈസ് പ്രിവന്‍ഷന്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 2003 സെപ്തംബര്‍ പത്തിനാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ആത്മഹത്യാ പ്രവണതയെ എങ്ങനെ ഫലപ്രദമായി തടയാമെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ആത്മഹത്യ തടയുന്നതിനുള്ള രാഷ്ട്രങ്ങളുടെ നയങ്ങളും പദ്ധതികളും വിപുലപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. എന്നാല്‍ 22 വര്‍ഷമായി തുടര്‍ന്നു വരുന്ന ഈ ദിനാചരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കാര്യമായ ഫലപ്രാപ്തി ഉണ്ടാക്കുന്നില്ല. ‘ആത്മഹത്യ ഒന്നിനും പരിഹാരമല്ലെ’ന്ന ബോധവത്കരണ പ്രചാരണം ശക്തമാണെങ്കിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കണ്ടുവരുന്നത്. 2019ല്‍ ഏഴ് ലക്ഷമായിരുന്നു ആഗോളതലത്തില്‍ ആത്മഹത്യാ നിരക്കെങ്കില്‍ 2020ല്‍ 7,40,000 ആയി ഉയര്‍ന്നു. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ഒരു ആത്മഹത്യ നടക്കുന്നുവെന്നാണ് കണക്ക്.
വ്യത്യസ്തമല്ല ഇന്ത്യയിലെ സ്ഥിതിയും. 1,71,000 ആത്മഹത്യകളാണ് 2022ല്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് 2021നെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധനവ് കാണിക്കുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ബി)യുടെ നിരീക്ഷണത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലാണ് ആത്മഹത്യ. യുവാക്കളിലാണ് കൂടുതല്‍. പ്രതിദിനം ഏകദേശം 160 യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നുണ്ട് രാജ്യത്ത്. 40 ശതമാനത്തിലേറെയും 30 വയസ്സിനു താഴെയുള്ളവരാണ്.

വിഷാദ രോഗമാണ് ആത്മഹത്യയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തുടക്കത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചാല്‍ വലിയൊരളവോളം ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്നാണ് മനശ്ശാസ്ത്ര പക്ഷം. എന്നാല്‍ ഒരു വ്യക്തിയെ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ഒരാളിലെ വിഷാദരോഗം തിരിച്ചറിയുക വിശേഷിച്ചും. ഒന്നിലും താത്പര്യം കാണിക്കാതിരിക്കുക, വിശപ്പില്ലായ്മ, ശരീരത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലായ്മ, ആരുടെയും സഹായം തേടാതിരിക്കുക, മരണത്തെയും ആത്മഹത്യയെയും കുറിച്ച് സംസാരിക്കുക തുടങ്ങിയവയാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. വിഷാദരോഗം ബാധിച്ചയാള്‍ക്ക് രോഗം ബാധിക്കാത്ത ആളെ അപേക്ഷിച്ച് ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇരുപത് ഇരട്ടിയാണ്.
സമ്മര്‍ദമേറിയ കുടുംബ പശ്ചാത്തലം, ഗാര്‍ഹിക പീഡനം, സാമ്പത്തിക ഞെരുക്കം, തൊഴില്‍രാഹിത്യം, പരീക്ഷയിലെ പരാജയം, പ്രിയപ്പെട്ടവരുടെ വിയോഗം, ലഹരി ഉപയോഗം, പ്രണയ ബന്ധങ്ങളിലെ പരാജയം, സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ എന്നിവയും ആത്മഹത്യയിലേക്ക് നയിച്ചേക്കാം. രാജ്യത്ത് കര്‍ഷകരില്‍ ആത്മഹത്യാ നിരക്ക് വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണം കാര്‍ഷികവൃത്തിയിലെ നഷ്ടം കാരണം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കമാണല്ലോ.

കേരളത്തിലും ഉയര്‍ന്നു കൊണ്ടിരിക്കുന്നു ആത്മഹത്യാ നിരക്ക്. ദേശീയ ശരാശരിയേക്കാളും ഏറെ മുകളില്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022ല്‍ 10,162 പേര്‍ ആത്മഹത്യ ചെയ്തു. 2021, 2017 വര്‍ഷങ്ങളില്‍ യഥാക്രമം 9,549ഉം 7,870ഉം ആയിരുന്നു. 2017ല്‍ ഒരു ലക്ഷം പേരില്‍ 22.86 പേര്‍ സ്വയം ജീവനൊടുക്കിയപ്പോള്‍ 2021ല്‍ നിരക്ക് 26.9 ആയും 2022ല്‍ 28.5 ആയും വര്‍ധിച്ചു. 2022ല്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് ആത്മഹത്യാ കേസുകളുടെ കാര്യത്തില്‍ കേരളം. ആത്മഹത്യാ നിരക്കിന്റെ ഇരുപത് ഇരട്ടി ആത്മഹത്യാ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. എങ്കില്‍ 2022ല്‍ രണ്ട് ലക്ഷത്തോളം ആത്മഹത്യാ ശ്രമങ്ങള്‍ നടന്നിട്ടുണ്ടാകണം സംസ്ഥാനത്ത്. സാക്ഷരതയിലും സാമൂഹിക ബോധത്തിലും മുന്നിലാണ് മലയാളിയെങ്കിലും മാനസികാരോഗ്യ സാക്ഷരതയും പ്രശ്‌നങ്ങളെ നേരിടാനുള്ള ആത്മധൈര്യവും കുറവാണ് പലരിലും.

കേരളത്തില്‍ നടക്കുന്ന ആത്മഹത്യകളില്‍ നല്ലൊരു പങ്കും കുടുംബം ഒന്നിച്ചോ കമിതാക്കള്‍ ഒന്നിച്ചോ ചേര്‍ന്നു നടത്തുന്ന കൂട്ട ആത്മഹത്യകളാണ്. ഭര്‍ത്താവും ഭാര്യയും കുട്ടികളും ഒന്നിച്ചുള്ള കൂട്ടമരണങ്ങള്‍ പതിവു വാര്‍ ത്തയായിരിക്കുന്നു. ഇവയില്‍ നല്ലൊരു പങ്കും ആത്മഹത്യകളല്ല, കൂട്ടക്കൊലപാതകങ്ങളാണ്. കുടുംബനാഥന്‍ ആത്മഹത്യക്ക് തീരുമാനിക്കുകയും മറ്റു കുടുംബാംഗങ്ങളെ വിഷം കൊടുത്ത് കൊല്ലുകയോ നിര്‍ബന്ധിപ്പിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുകയോ ആണ് പലപ്പോഴും. ഭാര്യയുടെയും കുട്ടികളുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കയായിരിക്കണം ഇത്തരം കൂട്ടമരണങ്ങളുടെ പിന്നില്‍.

കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റത്തിനും ഉപഭോഗ സംസ്‌കാരത്തിനും മദ്യപാനം പോലുള്ള ലഹരി ഉപയോഗത്തിനും ആത്മഹത്യാ വര്‍ധനവില്‍ വലിയ പങ്കുണ്ട്. കൂട്ടുകുടുംബങ്ങളില്‍ മാനസിക പ്രയാസങ്ങളും സമ്മര്‍ദങ്ങളും മറ്റുള്ളവരോട് തുറന്നു പറയാനും പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും സാഹചര്യമുണ്ടായിരുന്നു. ദമ്പതികള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്താല്‍ കുടുംബ കാരണവര്‍ ഇടപെട്ട് അത് പരിഹരിക്കും. സഹകരണത്തിന്റെയും പാരസ്പര്യത്തിന്റേതുമായിരുന്നു വലിയൊരളവോളം അന്ന് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍. അണുകുടുംബങ്ങളിലേക്ക് മാറിയപ്പോള്‍ സമാശ്വസിപ്പിക്കാനും പ്രശ്‌നപരിഹാരം നിര്‍ദേശിക്കാനും ആളില്ലാതായി. എല്ലാം സ്വയം താങ്ങണം. താങ്ങാനാകാത്ത വിധം മനസ്സ് തളരുമ്പോള്‍ ആത്മഹത്യയിലേക്ക് നീങ്ങുകയാണ്.

മത- ദൈവ വിശ്വാസങ്ങള്‍ക്ക് ആത്മഹത്യ തടയുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആരോഗ്യ ശാസ്ത്ര പ്രസിദ്ധീകരണമായ “ബി എം സി പബ്ലിക് ഹെല്‍ത്ത്’ നടത്തിയ പഠനത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. ഇത് മതവിശ്വാസത്തിന്റെ പ്രതിഫലനമായേക്കാമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇതര രാജ്യങ്ങളിലും മതചിട്ട പാലിച്ചു ജീവിക്കുന്നവരില്‍ ആത്മഹത്യ കുറവാണെന്നതും ശ്രദ്ധേയമാണ്.

Latest