Connect with us

International

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ നിയമിച്ചു

നഗ്മ ഉടന്‍ തന്നെ ചുമതലയേറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടന്‍ തന്നെ ചുമതലയേറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. 1991 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്.

മൂന്നു പതിറ്റാണ്ടായി നയതന്ത്ര രംഗത്ത് സേവനം അനുഷ്ഠിച്ചു വരികയാണ് നഗ്മ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോള്‍ (സെറിമോണിയല്‍) ആയി നിയമിതയായ നഗ്മ 1991-ലാണ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേരുന്നത്. പാരീസില്‍ നയതന്ത്ര ജീവിതം ആരംഭിച്ച നഗ്മ ഇന്ത്യന്‍ എംബസിയിലും യുനെസ്‌കോയിലും ജോലി ചെയ്തിട്ടുണ്ട്.

റഷ്യയുമായും സിഐഎസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 മുതല്‍ 2012 വരെ തായ്ലാന്‍ഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു. ഐ കെ ഗുജ്റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍, പേഴ്സണല്‍ സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest