National
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അഭയ് കീഴടങ്ങുകയായിരുന്നു.
ബെംഗളുരു|വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍. ബെംഗളുരു ഗോട്ടിഗരെയിലെ സ്വകാര്യ സ്‌കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അഭയ് കീഴടങ്ങുകയായിരുന്നു. യുവതിയുടെ പത്തുവയസുകാരിക്ക് ക്രിക്കറ്റ് കോച്ചിംഗ് നല്‍കാനെത്തി അടുപ്പം സ്ഥാപിച്ചു. യുവതി ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ച് മുങ്ങിയെന്നാണ് അഭയ് മാത്യുവിനെതിരെ പരാതി നല്‍കിയത്.
നാട്ടിലായിരുന്ന അഭയ് പോലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. അഭയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്ത് വയസുകാരിക്ക് ബാറ്റ് വാങ്ങാന്‍ 2000 രൂപ നല്‍കി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് വിവാഹമോചിത കൂടിയായ യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവുമായുള്ള അകല്‍ച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിച്ചു. പിന്നീട് വാടകവീട് തരപ്പെടുത്തി നല്‍കുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വര്‍ഷത്തോളം യുവതി താമസിച്ചത്. ഇതിനിടെ ഗര്‍ഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി കടന്നുകളയുകയുമായിരുന്നു എന്നുമാണ് യുവതിയുടെ പരാതി.
ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അഭയ് വിശദീകരണവുമായി എത്തിയിരുന്നു. താന്‍ മുങ്ങിയതല്ല എന്നും സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയതാണെന്നുമായിരുന്നു അഭയ് മാത്യുവിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് അഭയ് മാത്യു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.



