National
ബര്‍ത്ത് പൊട്ടി മലയാളി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജെബി മേത്തര്‍ എം പി റെയില്‍വേ മന്ത്രിയെ കണ്ടു
അഡ്വ. ജെബി മേത്തര്‍ എം. പി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി
ന്യൂഡല്‍ഹി | എറണാകുളം – നിസാമുദ്ദിന്‍ എക്‌സ്പ്രസില്‍ യാത്രചെയ്യവേ ബര്‍ത്ത് പൊട്ടിവീണ് മരിച്ച പൊന്നാനി സ്വദേശി അലി ഖാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. ജെബി മേത്തര്‍ എം. പി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി.
ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേ അധികാരികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും ജെബി മേത്തര്‍ എം പി ആവശ്യപ്പെട്ടു. സംഭവത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
എറണാകുളം – ബംഗളൂരു വന്ദേ ഭാരതിന് അനുമതി ലഭ്യമായിട്ടും സര്‍വീസ് ആരംഭിച്ചിട്ടില്ലായെന്ന് ജെബി മേത്തര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സര്‍വിസിനായുള്ള കോച്ചുകള്‍ കൊല്ലം യാര്‍ഡില്‍ എത്തിച്ചിട്ട് നാളേറെയായി. എറണാകുളം – ബംഗളൂരു എക്‌സ്പ്രസ്സ് ഉടന്‍ ആരംഭിക്കുന്ന വിഷയം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി.




