Business
ചരിത്ര നേട്ടത്തിൽ മേയ്ത്ര: കേരളത്തിൽ ആദ്യമായി സർജറി കൂടാതെ അതിസങ്കീർണ ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
ഇന്ത്യൻ നിർമ്മിതമായ മൈവൽ (MyVal) എന്ന വാൽവ് ഉപയോഗിച്ചാണ് മേയ്ത്രയിലെ വിദഗ്ധർ സർജറി കൂടാതെയുള്ള അതിസങ്കീർണമായ വാൽവ് മാറ്റിവെക്കൽ വിജയകരമായി പൂർത്തിയാക്കിയത്.
കോഴിക്കോട്| ഹൃദയസംബന്ധമായ അസുഖങ്ങളാൽ വർഷങ്ങളായി ബുദ്ധിമുട്ടുകളനുഭവിച്ച 60കാരിയായ രോഗിക്ക് മേയ്ത്ര ആശുപത്രിയിൽ പുതിയൊരു ജീവിതം ലഭിച്ചു. വർഷങ്ങൾക്ക് മുൻപ് രണ്ടു ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗിക്ക്, വീണ്ടും ഒരു വാൽവിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതോടെയാണ് നവീനമായ ഈ ചികിത്സ നിർദേശിച്ചത്.
ഒരിക്കൽക്കൂടി ഓപ്പൺ ഹാർട്ട് സർജറി നടത്തുന്നത് അതീവ അപകടകരമാണെന്നത് കണക്കിലെടുത്ത്, മേയ്ത്രയിലെ ഹാർട്ട് ടീം അത്യാധുനികമായ ട്രൈകസ്പിഡ് ട്രാൻസ്‌കാഥറ്റർ വാൽവ് റിപ്ലേസ്മെന്റ് (TTVR) ചികിത്സ നിർദേശിച്ചു. ഇന്ത്യയിൽ മൂന്നാമത്തെതും, കേരളത്തിൽ ആദ്യമായിട്ടുമാണ് ഈ നവീന സാങ്കേതിക വിദ്യ പ്രയോഗിക്കപ്പെട്ടത്. രോഗിയുടെ കാലിലെ രക്തക്കുഴലിലൂടെയാണ് ഹൃദയത്തിന്റെ വലതുഭാഗത്തുള്ള തകരാറിലായ ട്രൈകസ്പിഡ് വാൽവ് മാറ്റിവെച്ചത്. ഇന്ത്യൻ നിർമ്മിതമായ മൈവൽ (MyVal) എന്ന വാൽവ് ഉപയോഗിച്ചാണ് മേയ്ത്രയിലെ വിദഗ്ധർ ഈ സർജറി കൂടാതെയുള്ള അതിസങ്കീർണമായ വാൽവ് മാറ്റിവെക്കൽ വിജയകരമായി പൂർത്തിയാക്കിയത്.
അത്യാധുനികമായ കാത്ത് ലാബിലെ 3ഡി ഫ്യൂഷൻ ടെക്നോളജിയും TEE എക്കോ കാർഡിയോഗ്രാം സംവിധാനത്തിലെയും ലൈവ് ഗൈഡൻസിലാണ് ലോകോത്തരമായ ഈ കത്തീറ്റർ ചികിത്സ നടപ്പാക്കിയത്. ഹൃദയ വാൽവ് ചികിത്സയിലെ ശക്തമായ സാങ്കേതിക മുന്നേറ്റത്തിന്റെ ഫലമായി ഹൃദയത്തിന്റെ 4 വാൽവുകളും കത്തീറ്ററിലൂടെ മാറ്റാൻ ഇന്ന് ഇന്ത്യയിൽ സാധ്യമാണെന്ന് മേയ്ത്ര കാർഡിയോളജി വിഭാഗം മേധാവി ഡോ ഷഫീക് മാട്ടുമ്മൽ അറിയിച്ചു.
2017ൽ മലബാറിൽ ആദ്യമായി സർജറി കൂടാതെയുള്ള വാൽവ് മാറ്റിവെക്കൽ നടപ്പാക്കിയ ഡോ. ഷഫീക് മാട്ടുമ്മലിന്റെ നേതൃത്വത്തിലാണ് ഈ ചരിത്ര മുന്നേറ്റവും നടന്നത്. TTVR നൊപ്പം മറ്റു അത്യാധുനിക ഹൃദയ വാൽവ് മാറ്റിവെക്കൽ സാങ്കേതിക വിദ്യകളായ TAVI, TMVR, TPVR തുടങ്ങിയവയും ഡോ. ഷഫീക്കിന്റെ നേതൃത്വത്തിൽ മേയ്ത്രയിൽ നിരന്തരം നടന്നു വരുന്നു.
വാൽവ് സംബന്ധമായ എല്ലാ ചികിത്സകളും ഏകോപിതമായി ലഭ്യമാക്കുന്നതിനായി, മേയ്ത്ര സെന്റർ ഫോർ എക്സലൻസ് ഇൻ ഹാർട്ട് & വാസ്കുലാർ കെയറിന് കീഴിൽ വാൽവ് ക്ലിനിക് പ്രവർത്തിക്കുന്നു. ഈ നേട്ടത്തോടെ ഇന്ത്യയിലെ എല്ലാത്തരം വാൽവ് മാറ്റിവെക്കൽ ചികിത്സകളും നൽകുന്ന മുൻനിര ടോപ് ടെൻ ആശുപത്രികളിൽ മേയ്ത്ര ആശുപത്രിയും അഭിമാനത്തോടെ ഇടം നേടി.



