Connect with us

മുഖാമുഖം

കഥകളിലെ മാജിക്കൽ റിയലിസം ത്രില്ലിംഗ്

റീന പി ജി/ സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? കുട്ടിക്കാല വായനയും കുടുംബ പശ്ചാത്തലവും എങ്ങനെയായിരുന്നു?

ജനനം മുതൽ അച്ഛന്റെ രൂപത്തിൽ കഥകളെന്റെ കൂടെയുണ്ടായിരുന്നു. കഥകൾ എഴുതാനും ധാരാളം വായിക്കാനുമുള്ള സാഹചര്യങ്ങൾ നിർബന്ധപൂർവം ഉണ്ടാക്കിത്തന്നിരുന്നത് അച്ഛനായിരുന്നു. അച്ഛൻ അധ്യാപകനായിരുന്നു. പച്ചീരി ഗോവിന്ദൻ മാസ്റ്റർ എന്നാണ് പേര്. ധാരാളം വായിക്കുകയും തത്വചിന്താപരമായി സംസാരിക്കുകയും നാടകങ്ങളും മറ്റും രചിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ കർശനമായ വാക്കായിരുന്നു വായന ശീലമാക്കാൻ കാരണം. കൂടെ നിൽക്കുന്നുവെന്ന് ആത്മാർഥമായി വിശ്വസിക്കുന്നവർ തന്നെ അത്യന്തം വേദനിപ്പിക്കുന്ന തരത്തിൽ ശത്രുക്കളാണെന്ന് മനസ്റ്റിലായപ്പോൾ ഞാൻ കൂടുതൽ എഴുത്തിലേക്കും വായനയിലേക്കും മുഴുകുകയാണ് ചെയ്തത്. അതിന്റെ മധുരമായ പ്രതിഫലവും എനിക്ക് സാഹിത്യ ലോകത്ത് നിന്ന് കിട്ടുന്നുണ്ട്. ചില വാശികൾ തന്നെയാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് ഞാൻ വിശ്വസിക്കുന്നു.

? പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്താകെ ആളിക്കത്തുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സമയം. അതേ തുടർന്ന് പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ പ്രഖ്യാപനവും വരുന്നു. ഇതിനിടയിലാണ് തെരുവിൽ ഒറ്റപ്പെട്ടു പോയ ഒരു ബംഗ്ലാദേശുകാരന്റെ കഥയുമായി റീന പി ജി വരുന്നത്. ഈ കഥയുടെ രചനാ പശ്ചാത്തലം വിശദമാക്കാമോ?

വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കർഫ്യൂ എന്ന കഥയുടെ ജനനം. ഒറ്റയിരുപ്പിന് എഴുതിത്തീർത്ത കഥയായിരുന്നു അത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകമാകെ വിറങ്ങലിച്ച് നിന്നിരുന്ന സമയമായിരുന്നു. അതിന് തൊട്ടുമുമ്പായിരുന്നു ഇന്ത്യാ ഗവൺമെന്റ്പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത്. മതത്തിന്റെ പേരിൽ സ്വന്തം രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ഈ ബില്ല് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാക്കിസ്ഥാനിൽ അഹ്മദിയ മുസ്്ലിം വിഭാഗവും ഷിയ മുസ്്ലിംകളും ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ, തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്്ലിംകൾക്ക് മറ്റ് മുസ്്ലിം രാജ്യങ്ങളിൽ അഭയം തേടാമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചിരുന്നു. 1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയതാണ്. തങ്ങളുടെ പൂർവികർ എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ അസം ജനതക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളൂ. ഈ തർക്കങ്ങൾക്കിടയിലാണ് കൊറോണ ലോക്ക്ഡൗൺ വരുന്നത്.

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത, ജോലി ചെയ്ത് ഭക്ഷണം സമ്പാദിക്കാൻ സാധിക്കാത്ത അങ്ങാടിയിലെ ഭക്ഷണശാലകളെയും നല്ലവരായ ആളുകളെയും ആശ്രയിച്ച് ജീവിതം കഴിച്ച് കൂട്ടുന്നവരുണ്ടാകില്ലേ? അത്തരത്തിൽ ശൂന്യമായ നിരത്തിൽ പെട്ടു പോയ ഭോലാറാം എന്ന ബംഗ്ലാദേശി വൃദ്ധന്റെ കഥയാണ് കർഫ്യൂ. അങ്ങനെയൊരാളെ എനിക്കൊട്ടുമേ പരിചയമില്ല. തികച്ചും ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കഥാപാത്രമായിരുന്നു ഭോലാറാം. യുവത്വത്തിന്റെ കാലത്ത് വിവാഹം കഴിഞ്ഞ് അധികം നാളാവുന്നതിന് മുന്പേ തന്നെ കൂട്ടുകാരുടെ കൂടെ കേരളത്തിലേക്ക് വണ്ടി കയറിയതാണ് ഭോലാറാം. അയാളുടെ നല്ല ആരോഗ്യമുള്ള കാലം മുഴുവൻ ഭാര്യക്കും മക്കൾക്കും വേണ്ടി അധ്വാനിച്ച് മക്കളെ സർക്കാർ ജോലിക്കാരാക്കി വീടും പുരയിടവും എല്ലാം സ്വന്തം അധ്വാനം കൊണ്ട് സമ്പാദിച്ച ഭോലാറാമിനെ ഭാര്യ മരിച്ചതോടെ മക്കൾ അവഗണിക്കുകയാണ്. അതിനെ തുടർന്ന് അയാൾ പിന്നീട് നാട്ടിലേക്ക് പോകാതായി. വയസ്സായി ജോലി ചെയ്യാൻ വയ്യാതായ ഭോലാറാമിന് ഇപ്പോൾ കൂട്ടായി ചലമൊലിക്കുന്ന മന്തുകാലു മാത്രമായി. നാഥുറാം എന്ന സുഹൃത്ത് ഭോലാറാമിനോട് പറയുന്നുണ്ട്, ലോകം മുഴുവൻ സ്തംഭിക്കുന്നത് മുന്നിൽ കണ്ട് എല്ലാ അന്യസംസ്ഥാന തൊഴിലാളികളും നാട്ടിലേക്കുള്ള വണ്ടി കയറി, നമുക്കും പോവേണ്ടേ എന്ന്! ഭോലാ റാം പറയുന്നുണ്ട്, നാടും വീടും ഇല്ലാത്തവൻ എങ്ങോട്ടു പോവാനാണ്! അതും സുഖമില്ലാത്ത മന്തു കാൽ വെച്ച് എന്ന്. ഒടുവിൽ ആ കൂട്ടുകാരനും നാട്ടിൽ പോയി, ഭോലാ റാം ഒറ്റക്കാവുകയാണ്. അടുത്തുള്ള ചായക്കടക്കാരനാണ് രാവിലെയും ഉച്ചക്കും രാത്രിക്കുമുള്ള അന്നം ഭോലാറാമിന് കൊടുക്കുന്നത്. അന്ന് കർഫ്യു ആയതുകൊണ്ട് ഭോലാറാമിന് പച്ചവെള്ളം പോലും കിട്ടിയിട്ടില്ല. ഭോലാ റാമിന് ഭക്ഷണവും വെള്ളവും നൽകുന്നത് പോലീസുകാരാണ്. ലോക്ക്ഡൗൺ വന്നപ്പോൾ ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയപ്പോഴാണ് കടത്തിണ്ണകൾ കിടക്കയാക്കുന്ന അനാഥർ ഒറ്റപ്പെട്ടു പോയത്. പൗരത്വം തെളിയിക്കുക എന്ന ഇരട്ട കൊലക്കയർ കൂടിയാകുമ്പോൾ ഇത്തരം അനാഥർ കരയിൽ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെയാകുന്നു. കിടക്കാനൊരു കൂര പോലും ഇല്ലാത്തവന് എന്ത് പൗരത്വമാണ്?

? പല കഥകളിലും മാജിക്കൽ റിയലിസം കൊണ്ടുവരുന്നതായി തോന്നിയിട്ടുണ്ട്. “പെരുച്ചാഴി’ എന്ന കഥയിൽ ഇത് പ്രകടവുമാണ്. മനുഷ്യന്റെ പൊങ്ങച്ച സംസ്കാരത്തെയും നഷ്ടപ്പെട്ട മാനവികതയേയും കുറിച്ച് വേട്ടക്കാരനെ ബോധവത്കരിക്കുകയാണല്ലോ കെണിയിൽ നിന്നും രക്ഷപ്പെട്ട പെരുച്ചാഴി. അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പ്രതീകമായ മനുഷ്യനെ തിരുത്തുകയാണോ കഥയിലൂടെ കഥാകാരി?

കഥകളിൽ മാജിക്കൽ റിയലിസം കൊണ്ടുവരുന്നത് വളരെയധികം ത്രില്ലിംഗും അഡ്വഞ്ചറസും ആണ്. ഒരു പെരുച്ചാഴി തന്നെ പ്രധാന കഥാപാത്രമായി വരുന്ന കഥയാണ് “പെരുച്ചാഴി’. ഈ കഥക്ക് നിദാനമായ ത്രെഡ് ലഭിക്കുന്നത് പറമ്പിൽ വല്ലാതെ ശല്യമുണ്ടാക്കിയ ഒരു പെരുച്ചാഴിയെ പിടിക്കാൻ കെണിവെച്ചതിനെ തുടർന്ന് കൊല്ലാൻ കൊണ്ടുപോകുന്ന സമയത്ത് അത് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട സംഭവത്തിൽ നിന്നാണ്. മനുഷ്യനും പെരുച്ചാഴിക്കും ജീവന് ഒരേ പ്രാധാന്യം തന്നെയാണുള്ളത്. മരിക്കാൻ പോകുകയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാകണം ഒരു സൂത്രവിദ്യയിലൂടെ വീട്ടുകാരനെ കബളിപ്പിച്ച് അവൻ രക്ഷപ്പെടുന്നത്. പെരുച്ചാഴി ബുദ്ധിമാനാണ്. യഥാർഥത്തിൽ പെരുച്ചാഴിയും മനുഷ്യനും അനിമേലിയ സാമ്രാജ്യത്തിൽ കോർ ഡേറ്റ ഫൈലത്തിൽ മമേലിയ എന്ന ഒരേ ക്ലാസിൽ പെട്ടതാണ്. മനുഷ്യന്റെ പൊങ്ങച്ച സംസ്കാരത്തെയും നഷ്ടപ്പെട്ട മാനവികതയെയും കുറിച്ച് ബോധവാനാക്കുന്നതിനും പെരുച്ചാഴി തന്റെ പ്രഭാഷണത്തിലൂടെ ശ്രമിക്കുന്നുണ്ട്. നീ മനുഷ്യരെ ഉപദ്രവിക്കുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിന് പെരുച്ചാഴി ഞാൻ എന്റെ ഭക്ഷണത്തിനുള്ള വക തേടുകയല്ലേ ചെയ്യുന്നത് എന്ന മറുചോദ്യത്താൽ മനുഷ്യന്റെ സ്വത്വബോധത്തെ ഉണർത്തുകയാണ് ചെയ്യുന്നത്. പിന്നീടാണ് കഥയിലേക്ക് മാജിക്കൽ റിയലിസം കൊണ്ടുവന്നത്. ഇത് യഥാർഥത്തിൽ ഇരയും വേട്ടക്കാരനും തമ്മിലോ യജമാനനും അടിമയും തമ്മിലോ ഉള്ള പോരാട്ടമാണെങ്കിലും അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പ്രതീകമായ മനുഷ്യനെ അടിപതറിക്കുകയാണ് ഇവിടെ പെരുച്ചാഴി. ഇതെല്ലാം മനുഷ്യന്റെ അധികാരത്തെയും അധിനിവേശത്തെയും തറപറ്റിക്കാൻ ഒരു ചെറു ജീവിക്ക് പോലും കഴിയും എന്ന് സമർഥിക്കാനാണ് ഈ കഥയിലൂടെ ശ്രമിച്ചത്.