Connect with us

Malappuram

മഅ്ദിന്‍ ഫിയസ്ത അറബിയ്യ; ദ്വൈമാസ ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

രണ്ട് മാസം നീണ്ട് നില്‍ക്കുന്ന പരിപാടി സുഡാന്‍ അംബാസിഡര്‍ അബ്ദുള്ള ഉമര്‍ ബഷീര്‍ അല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന പരിപാടി സുഡാന്‍ അംബാസിഡര്‍ അബ്ദുള്ള ഉമര്‍ ബഷീര്‍ അല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

യൂറോപ്പിനെ നവോത്ഥാനത്തിലേക്കു കൂട്ടിക്കൊണ്ടു പോയ അറബി ഭാഷ ഇന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നത് വൈരുധ്യമാണെന്നും അറബി ഭാഷക്ക് ആഗോള തലത്തില്‍ വലിയ സ്വാധീനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അറബി ഭാഷാ പഠന രംഗത്ത് മഅദിന്‍ അക്കാദമിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും മഅദിന്‍ അറബിക് വില്ലേജ് പുതിയ തലമുറക്ക് പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ലിബിയന്‍ അംബാസിഡര്‍ ഡോ. അഹ്മദ് ജിബ്‌രീല്‍ മുഖ്യാതിഥിയായി.

ഡിസംബര്‍ 18 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 70 സെഷനുകളിലായി 150 പഠനങ്ങളാണ് നടക്കുക.

ഇന്റര്‍നാഷണല്‍ അറബിക് സമ്മേളനം, യുവ ഗവേഷകരുടെ സംഗമം, പ്രമുഖരുമായുള്ള ഇന്റര്‍വ്യൂ, ഭാഷാ പഠന മാതൃകകള്‍, അറബിക് കലിഗ്രഫി വര്‍ക്ക് ഷോപ്പ്, അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലെ ഭാഷാ പഠന രീതികള്‍, അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ നടക്കും.

ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, അബൂബക്കര്‍ ലത്വീഫി, അറബിക് വില്ലേജ് ഡയറക്ടര്‍ കെ.ടി അബ്ദുസ്സമദ് സഖാഫി, അബ്ദുല്‍ ജലീല്‍ അസ്ഹരി, ജുനൈദ് അദനി എന്നിവര്‍ പ്രസംഗിച്ചു.