Connect with us

editorial

മാക്രോണിന്റെ രാജിയില്‍ തീരില്ല പ്രതിസന്ധി

ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പങ്കാളിത്തം നല്‍കിയും നയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ അവരുടെ അഭിപ്രായം മാനിച്ചും പരസ്പര സഹകരണത്തിലും വിശ്വാസത്തിലും ഊന്നിക്കൊണ്ടുള്ള ഭരണത്തിനു മാത്രമേ ഫ്രാന്‍സില്‍ ഭരണസ്ഥിരത ഉറപ്പ് വരുത്താനാകുകയുള്ളൂ.

Published

|

Last Updated

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചെലവ് ചുരുക്കല്‍ നയത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഫ്രാന്‍സിന്റെ രാഷ്ട്രീയ അടിത്തറയെ തന്നെ ബാധിക്കുന്ന വിധം വളര്‍ന്നിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാര്‍ രാജിവെച്ചൊഴിയേണ്ടി വന്നതും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജിക്കു വേണ്ടി മുറവിളി ഉയരുന്നതും യൂറോപ്പിലെ രണ്ടാമത്തെ പ്രമുഖ രാഷ്ട്രമായ ഫ്രാന്‍സ് അനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

പ്രധാനമന്ത്രിപദത്തിലേറി ഒരു മാസവും പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസവും തികയും മുമ്പേയാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന് രാജിവെച്ചൊഴിയേണ്ടി വന്നത്. കഴിഞ്ഞ തിങ്കളാഴ്ച മന്ത്രിസഭയുടെ ആദ്യയോഗം ചേരാനിരിക്കെ ഞായറാഴ്ച അദ്ദേഹം രാജി സമര്‍പ്പിച്ചു. പുതിയ മന്ത്രിസഭയില്‍ ഇടതുപക്ഷ ഗ്രൂപ്പിന് മതിയായ അംഗീകാരം നല്‍കാതിരുന്നത് വിമര്‍ശന വിധേയമായിരുന്നു. മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി മുന്നോട്ട് പോയാല്‍ തന്റെ മുന്‍ഗാമി ഫ്രാങ്കോയിസ് ബെയ്‌റോവിനെ പോലെ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തുപോകേണ്ടി വരുമോ എന്ന ആശങ്കയായിരിക്കാം സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ രാജിക്ക് പ്രേരകം.

സെപ്തംബര്‍ ആദ്യത്തില്‍ അവതരിപ്പിച്ച ചെലവ് ചുരുക്കല്‍ പദ്ധതിയാണ് ഫ്രാങ്കോയിസ് ബെയ്‌റോ സര്‍ക്കാറിന്റെ പതനത്തിനു കാരണം. പെന്‍ഷനും സാമൂഹിക സഹായങ്ങളും മരവിപ്പിക്കല്‍, രണ്ട് പൊതുഅവധികള്‍ റദ്ദാക്കല്‍, പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64 ആയി ഉയര്‍ത്തല്‍ തുടങ്ങിയവയാണ് ചെലവ് ചുരുക്കലിന് കണ്ടെത്തിയ മാര്‍ഗങ്ങള്‍. ഇതുവഴി 44 ബില്യന്‍ യൂറോ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഫ്രാന്‍സിന്റെ സാമൂഹിക ക്ഷേമം വിപുലമാണ്.

പെന്‍ഷന്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വളരെ ഉയര്‍ന്നതാണ് സര്‍ക്കാര്‍ ചെലവുകള്‍. ജനസംഖ്യയില്‍ വയോധികരുടെ അനുപാതം ഉയരുന്നത് ഭാവിയില്‍ ഈ ചെലവുകള്‍ വര്‍ധിക്കാനും ഇടയാക്കും. ഇതടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ മേഖലകളില്‍ കൈവെക്കാന്‍ തീരുമാനിച്ചത്. ഫ്രഞ്ച് നിയമനിര്‍മാണ സഭയായ നാഷനല്‍ അസംബ്ലിയില്‍ വോട്ടെടുപ്പിനു വെച്ചാല്‍ ചെലവ് ചുരുക്കല്‍ ബില്ല് പരാജയപ്പെടുമെന്നു മനസ്സിലാക്കിയ പ്രസിഡന്റ് മാക്രോണ്‍, ബില്ല് വോട്ടെടുപ്പിനു വിടാതെ ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം (49-3 വകുപ്പ്) ഉപയോഗിച്ച് ഭരണഘടനാ കൗണ്‍സിലിന് വിടുകയായിരുന്നു. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധമുയര്‍ന്നു. ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ കൗണ്‍സിലിന്റെ പ്രഖ്യാപനം വന്നതോടെ തൊഴിലാളി യൂനിയനുകളും വിദ്യാര്‍ഥികളും പെന്‍ഷന്‍കാരും തെരുവിലിറങ്ങി. രാജ്യത്തുടനീളം നഗരങ്ങളും ഗ്രാമങ്ങളും പ്രതിഷേധക്കാര്‍ കൈയടക്കി.

ലോകവിനോദ സഞ്ചാര കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചു പൂട്ടേണ്ടി വന്നു. സാധാരണക്കാരും തൊഴിലാളികളും ആശ്രയിക്കുന്ന പൊതുമേഖലക്കും സേവനങ്ങള്‍ക്കുമെതിരെയുള്ള കടന്നാക്രമണമായാണ് ചെലവ് ചുരുക്കല്‍ നടപടികളെ വിലയിരുത്തപ്പെട്ടത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം ഉദ്യോഗാര്‍ഥികളായ യുവാക്കളെയും ക്ഷുഭിതരാക്കി. ഈ അവസരം മുതലെടുത്ത് പ്രതിപക്ഷം നാഷനല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയും 194നെതിരെ 280 വോട്ടുകള്‍ക്ക് പാസ്സാകുകയും ചെയ്തു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് ഫ്രാന്‍സ്. പൊതുകടം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 110-115 ശതമാനം വരെ എത്തിയതായി കണക്കാക്കപ്പെടുന്നു. ഏകദേശം 6.5 ട്രില്യന്‍ ഡോളര്‍ വരുമിത്. പ്രസിഡന്റ് മാക്രോണിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍. സമ്പന്നര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരെ സാമ്പത്തികമായി ഞെരുക്കുന്നതുമാണ് മാക്രോണിന്റെ സാമ്പത്തിക നയങ്ങളെന്ന വിമര്‍ശം ശക്തമാണ്.

കേവല ആഭ്യന്തര പ്രശ്‌നത്തില്‍ ഒതുങ്ങുന്നതല്ല, യൂറോപിനെ മൊത്തത്തില്‍ തന്നെ ബാധിച്ചേക്കാവുന്ന പ്രതിസന്ധിയാണ് ഫ്രാന്‍സ് അഭിമുഖീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം, അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം, യൂറോപില്‍ ശക്തിപ്പെടുന്ന ജനകീയ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ആഗോള പ്രാധാന്യം തന്നെയുണ്ട് ഫ്രാന്‍സിലെ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധിക്ക്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വന്‍ സാമ്പത്തിക സഹായ പദ്ധതികളാണ് പൊതുകടത്തിന്റെ നിരക്ക് കുത്തനെ ഉയരാന്‍ പ്രധാന കാരണമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണമിക് കോ ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ അഭിപ്രായം.

ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലെന്നതാണ് ഫ്രാന്‍സ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊരു കാരണം. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷവും വിശാല ഇടതുസഖ്യവും ചേര്‍ന്ന സര്‍ക്കാറാണ് നിലവില്‍ രാജ്യം ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മരീന്‍ ലേപെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതു കക്ഷി മുന്നേറ്റം നടത്തിയപ്പോള്‍, അവരെ തടയാനായി രൂപപ്പെടുത്തിയതാണ് ഈ ഭരണകക്ഷി സഖ്യം. ഇവരില്‍ ആര്‍ക്കും പാര്‍ലിമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ല. ഭരണപരമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.

പ്രസിഡന്റ് മാക്രോണിന്റെ രാജിയും പുതിയ തിരഞ്ഞെടുപ്പുമാണ് ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് നിര്‍ദേശിക്കപ്പെടുന്ന പരിഹാരം. ഇതോടെ പ്രക്ഷോഭം താത്കാലികമായി കെട്ടടങ്ങിയേക്കാമെങ്കിലും പ്രശ്‌നത്തിന്റെ വേരുകള്‍ അപ്പടി അവശേഷിക്കും. വ്യക്തിപരമല്ല, ഭരണഘടനാ സംവിധാനത്തിലെ അസന്തുലിതാവസ്ഥയാണ് പ്രശ്‌നത്തിന്റെ കാതല്‍. പ്രസിഡന്റ് രാജിവെച്ച് തിരഞ്ഞെടുപ്പ് നടത്തിയാലും ഒരു കക്ഷിക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാനിടയില്ല. ഭരണപരമായ അസ്ഥിരത പിന്നെയും തുടരും. ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പങ്കാളിത്തം നല്‍കിയും നയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ അവരുടെ അഭിപ്രായം മാനിച്ചും പരസ്പര സഹകരണത്തിലും വിശ്വാസത്തിലും ഊന്നിക്കൊണ്ടുള്ള ഭരണത്തിനു മാത്രമേ ഫ്രാന്‍സില്‍ ഭരണസ്ഥിരത ഉറപ്പ് വരുത്താനാകുകയുള്ളൂ.

---- facebook comment plugin here -----

Latest