Uae
വിമാനങ്ങളിൽ ആഡംബര ക്യാബിനുകൾക്ക് ഏറെ ആവശ്യക്കാർ
ഗൾഫിൽ പ്രീമിയം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ദുബൈ|വിമാനങ്ങളിൽ ആഡംബര ക്യാബിനുകൾക്ക് യാത്രക്കാർ ഏറുന്നതായി റിപ്പോർട്ട്. മറ്റ് ആഗോള വിപണികളെ അപേക്ഷിച്ച് ഗൾഫിൽ ഈ വർധനവ് കുതിച്ചുയരുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വിലയിരുത്തി. ഗൾഫ് എയർലൈനുകൾ ആഡംബര ക്യാബിനുകളിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നുണ്ട്. 2024ൽ ആഗോളതലത്തിൽ 14.7 ശതമാനം പേരും യാത്ര ചെയ്യാൻ ബിസിനസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര പ്രീമിയം യാത്രയിൽ ഈ മേഖല 11 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തിയതായി 2024ലെ വേൾഡ് എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിൽ പറയുന്നു.
പല എയർലൈനുകളും അവരുടെ വിമാനങ്ങളുടെ ഇന്റീരിയറുകളും പ്രീമിയം സീറ്റുകളും നവീകരിച്ചു. ആഡംബര സൗകര്യ കിറ്റുകൾ, മികച്ച ഭക്ഷണക്രമം എന്നിവ പോലുള്ള ഫ്രണ്ട് – ക്യാബിൻ സേവനങ്ങൾ വർധിപ്പിക്കുന്നതിലേക്ക് എയർലൈനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എമിറേറ്റ്സ് എയർലൈൻ അതിന്റെ ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സ്വർണം പൂശിയ ബൾഗറി കണ്ണാടിയും ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ഒരു കുപ്പി ഓ ഡി പെർഫ്യൂമും വാഗ്ദാനം ചെയ്യുന്നു. ഖത്വർ എയർവേയ്സ് കഴിഞ്ഞ വർഷം ദോഹയിൽ നിന്നുള്ള 13 അന്താരാഷ്ട്ര റൂട്ടുകളിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് “കാവിയർ’ വിളമ്പാൻ തുടങ്ങി.
എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഖത്വർ എയർവേയ്സ് എന്നിവയുൾപ്പെടെയുള്ള ദീർഘദൂര വിമാനക്കമ്പനികളാണ് ഈ വളർച്ചക്ക് നേതൃത്വം നൽകുന്നത്. ഈ വിമാനക്കമ്പനികൾ അവരുടെ ഹബ്ബുകളിലൂടെ ഭൂഖണ്ഡാന്തര യാത്രക്കാരുടെ ഗതാഗതം വർധിപ്പിക്കുകയും ചെയ്തു. യുക്രെയ്‌നിലെ യുദ്ധം കാരണം പാശ്ചാത്യ വിമാനക്കമ്പനികൾ റഷ്യൻ വ്യോമാതിർത്തിയിലൂടെ പറക്കുന്നത് ഒഴിവാക്കുമ്പോൾ, നിരവധി മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികൾ ഈ മേഖലക്ക് മുകളിലൂടെയാണ് പറക്കുന്നത്.