Business
കുവൈത്തില്‍ ലുലു ഡെയ്‌ലി പ്രവര്‍ത്തനം ആരംഭിച്ചു
ഹവല്ലിയിലെ അല്‍ ബാഹര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്വദേശി പ്രമുഖനായ ഫഹാദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബാഹര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കുവൈത്ത് | കുവൈത്തിലെ പതിനേഴാമത് ലുലു സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹവല്ലിയിലെ അല്‍ ബാഹര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്വദേശി പ്രമുഖനായ ഫഹാദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബാഹര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ലുലു കുവൈത്ത് ഡയറക്ടര്‍ കെ എസ് ശ്രീജിത്ത്, റീജ്യണല്‍ ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
കുവൈത്തില്‍ നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പദ്ധതികള്‍ അടുത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. സാല്‍മിയ, ജാബര്‍ അല്‍ അഹമ്മദ്, സബാഹ് അല്‍ സാലെ, ഹെസ്സ അല്‍ മുബാറക്, അല്‍ മുത്‌ല സിറ്റി എന്നിവിടങ്ങളിലാണ് പുതിയ ലുലു സ്റ്റോറുകള്‍ വരുന്നത്. ഇതുകൂടാതെ ഷദാദിയയില്‍ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് കോള്‍ഡ് സ്റ്റോറേജിന്റെ പ്രരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ലുലു പദ്ധതി
തൃശൂര്‍ ലുലു മാള്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും ആര്‍ക്കും ആരെയും ചോദ്യം ചെയ്യാന്‍ അവകാശവും അധികാരവുമുണ്ടെന്ന് യൂസഫലി പറഞ്ഞു. നിയമപരമായി എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് പരിശോധിക്കും. ഏത് രാജ്യത്തും നിയമത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂവെന്നും യൂസഫലി പറഞ്ഞു.