International
ലൂവ്രെ മ്യൂസിയം കവര്‍ച്ച; മുഖ്യ ആസൂത്രകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
ഇന്നലെ രാത്രി പാരീസില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പാരീസ് | ഫ്രാന്‍സിലെ ലൂവ്രെ മ്യൂസിയത്തില്‍ നിന്ന് അമൂല്യ ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. ഇന്നലെ രാത്രി പാരീസില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കവര്‍ച്ച നടത്തിയ നാലംഗ സംഘത്തില്‍ മൂന്നു പേരെ കണ്ടെത്തിയിട്ടുണ്ട്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഈ മാസം 19-നാണ് കവര്‍ച്ച നടന്നത്. ലൂവ്രിന്റെ രണ്ടാം നിലയിലെ ബാല്കണിവഴി അപ്പോളോ ഗാലറിയില്‍ കടന്ന മോഷ്ടാക്കള്‍ 10.2 മില്യണ്‍ ഡോളര്‍ (ഏകദേശം 867 കോടി രൂപ) മൂല്യമുള്ള എട്ട് ആഭരണങ്ങളാണ് കവര്‍ന്നത്. മോഷ്ടാക്കള്‍ നാല് മിനിറ്റ് മാത്രമാണ് അകത്ത് ഉണ്ടായിരുന്നത്. മോഷണത്തിന് ശേഷം ഇവര്‍ രണ്ട് സ്‌കൂട്ടറുകളില്‍ കയറി രക്ഷപ്പെട്ടു.
മോഷണത്തില്‍ ആദ്യം അറസ്റ്റിലായ രണ്ട് പേര്‍ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയില്‍ നിന്ന് ഫ്രഞ്ച് കിരീടാഭരണങ്ങള്‍ മോഷ്ടിച്ചവരാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അള്‍ജീരിയയിലേക്കുള്ള വണ്‍ വേ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാളെ അറസ്റ്റ് ചെയ്തത്.





