Connect with us

Kerala

ജസ്ന തിരോധാന കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ലോഡ്ജ് ജീവനക്കാരി

ഒരു പരീക്ഷ എഴുതാൻ പോകുവാണെന്നും സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്.

Published

|

Last Updated

മുണ്ടക്കയം | എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്‌ജ്‌ ജീവനക്കാരി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്‌ജിൽ കണ്ടതായാണ് ഇവർ വെളിപ്പെടുത്തിയത്.അഞ്ജാതനായ മറ്റൊരു യുവാവും, പെൺകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായി ജീവനക്കാരി പറയുന്നു.

വെളുത്തു മെലിഞ്ഞ പെൺകുട്ടി റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ടായിരുന്നതായും ഇവർ പറയുന്നു. പല്ലിൽ കമ്പി ഇട്ടിരുന്നത് കൊണ്ടാണ് സംശയം പിന്നീട് തോന്നിയത്. തുടർന്ന് പത്രത്തിലും മറ്റും വന്ന ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്. കാണാതാകുന്ന ദിവസങ്ങൾക്ക് മുമ്പ് ഉള്ള ഒരു ദിവസം രാവിലെ 11.30 ഓടെയാണ് പെൺകുട്ടിയെ കണ്ടത്.

ഒരു പരീക്ഷ എഴുതാൻ പോകുവാണെന്നും സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. പിന്നീട് വെളുത്തു മെലിഞ്ഞ രൂപമുള്ള അഞ്ജാതനായ യുവാവ് ഉച്ചയോടെ വന്ന് മുറിയെടുത്തു. 102-ാം നമ്പർ മുറിയാണ് യുവാവ് എടുത്തത്. നാലുമണികഴിഞ്ഞ് രണ്ട് പേരും പോവുകയും ചെയ്തെന്നും സിബിഎ ഇതിനെക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ലെന്നും മുൻ ലോഡ്‌ജ് ജീവനക്കാരി പറഞ്ഞു.

മാധ്യമങ്ങളിൽ ജസ്‌നയുടെ പടം സഹിതം വാർത്ത വന്നപ്പോൾ ഇത് അന്ന് ലോഡ്‌ജിൽ വച്ച് കണ്ട പെൺകുട്ടിയല്ലേ എന്ന് ലോഡ്‌ജ് ഉടമയോട് ചോദിച്ചിരുന്നെന്നും എന്നാൽ ഇതേക്കുറിച്ച് ആരോടും ഒന്നും പറയണ്ടെന്ന് ലോഡ്‌ജ് ഉടമ നിർദ്ദേശിച്ചിരുന്നതായും മുൻ ജീവനക്കാരി പറയുന്നു.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ എല്ലാ വിവരവും പറഞ്ഞതായും മുൻ ലോഡ്ജ് ജീവനക്കാരി വ്യക്തമാക്കി. ഇപ്പോൾ ലോഡ്ജിലെ നിന്നും ജോലി ഉപേക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തൽ നടത്തുന്നത് എന്നും ഇവർ പറഞ്ഞു.

---- facebook comment plugin here -----

Latest