Connect with us

Editors Pick

ജീവൻ തരും റെഡ് ക്രോസ്

ഇന്ന് റെഡ്ക്രോസ് & റെഡ് ക്രസന്‍റ് ദിനം

Published

|

Last Updated

റെഡ്ക്രോസ് എന്ന സംഘടനയെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ആപത്ഘട്ടങ്ങളില്‍ ലോകത്ത് എത്രയോ മനുഷ്യര്‍ അവരുടെ കൈത്തലങ്ങളില്‍ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറിയിട്ടുമുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ അടിയന്തര സഹായവും പ്രവര്‍ത്തനങ്ങളും നടത്തുക, അത്യാവശ്യ സന്ദര്‍ഭങ്ങളിലെ രക്തദാനം‌, രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, അടിയന്തഘട്ടങ്ങളിലും ദുരന്തമേഖലകളിലും സൈന്യത്തോടൊത്തുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി റെഡ്ക്രോസിന്‍റെ പ്രവര്‍ത്തന മേഖല വിപുലമാണ്. ലോകമാകെയും പല പേരുകളിൽ ഇന്‍റര്‍നാഷണല്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങള്‍ മനുഷ്യരുടെ നിസ്സഹായതകളിലേക്ക് കാരുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടുന്നു. ഈ കാരുണ്യത്തിന്‍റെ അംഗീകാരമായി മെയ് എട്ടിന് ലോകമെങ്ങും റെഡ്ക്രോസ് & റെഡ് ക്രസന്‍റ് ദിനമായി ആചരിക്കുന്നു.

എന്താണ് റെഡ് ക്രസന്റ്?

ബഹുഭൂരിഭാഗം രാഷ്ട്രങ്ങളിലും റെഡ്ക്രോസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടന യുഎഇ, സഊദി തുടങ്ങി ഇസ് ലാമിക-മുസ്ലിം ഭൂരിപക്ഷമുള്ള 34 രാജ്യങ്ങളില്‍ റെഡ് ക്രസന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൂതന്മാര്‍ക്ക് ഭൂരിപക്ഷമുള്ള ഇസ്രായേലില്‍ റെഡ് ഡയമണ്ട് (റെഡ് ഷീല്‍ഡ് ഓഫ് ഡേവിഡ്) എന്ന പേരാണ് സംഘടന സ്വീകരിച്ചിട്ടുള്ളത്. യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ ദുരന്തമുഖങ്ങളില്‍ മനുഷ്യത്വപരമായ സേവനങ്ങളും സഹായങ്ങളും നല്‍കുകയെന്നതാണ് ഈ സംഘടനകളുടെ ദൗത്യം.

വിവിധ രാജ്യങ്ങളില്‍ അതത് പ്രദേശങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് റെഡ് ക്രസന്റ് പ്രവര്‍ത്തിക്കുക. സഹായം ആവശ്യപ്പെടുമ്പോള്‍ ദുരന്ത മുഖങ്ങളിലെത്തി സഹായം ചെയ്യുകയും സന്നദ്ധ പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്വീകരിക്കുന്നത്.

ഇന്ന് ദുരന്ത മുഖത്ത് കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തിര സഹായം എത്തിക്കുക, ജനീവ കരാര്‍ പ്രകാരം യുദ്ധത്തടവുകാരെ കൈമാറുക, ഭവന രഹിതരായവര്‍ക്ക് വീട് വച്ച് നല്‍കുക, ദുരന്ത പ്രദേശങ്ങളില്‍ കാണാതായവരെ കണ്ടെത്തി കുടുംബത്തെ ഏല്‍പ്പിക്കുക തുടങ്ങിയ ചുമതലകളാണ് സംഘടന നടത്തുന്നത്. ദുരന്തപ്രദേശങ്ങളില്‍ യാതൊരു വിധേയത്വവുമില്ലാതെ സ്വത്രന്ത്രമായി സര്‍വവ്യാപിയായി ഐക്യത്തോടെ ഇടപെടുന്ന സംഘടന അബൂദാബി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണു പ്രവര്‍ത്തനം.

ഇന്ത്യയിലെ സഹായങ്ങള്‍ക്ക് പുറമെ പാകിസ്ഥാന്‍, മൗറിത്താനിയ, ഫിലിപ്പൈന്‍സ്, ഇന്തോനേസ്യ, സിറിയ, ലബനാന്‍, ബംഗ്ലാദേശ്, ടാന്‍സാനിയ, ചൈന, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അടിയന്തിര സഹായങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രളയാനന്തരം ദുരിതാശ്വാസത്തിന്‍റെ ഭാഗമായി കേരളത്തില്‍ വീടുകള്‍ വെച്ചു നല്‍കാന്‍ യു എ ഇ ചുമതലപ്പെടുത്തിയത് റെഡ് ക്രസന്‍റിനെയായിരുന്നു.

യുഎന്‍ അംഗീകരിച്ച ഇത്തരമൊരു അന്താരാഷ്ട്ര സംഘടനയ്ക്കു ഏത് രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താനും ആ രാജ്യത്തെ സര്‍ക്കാരിന്‍റെ പ്രത്യേകാനുമതി ആവശ്യമില്ല. ഇന്‍റര്‍നാഷണല്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ, ന്യൂ ഡല്‍ഹി ആസ്ഥാനമായാണ് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തെ പല പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട് അവരും.

ജൂനിയർ റെഡ്ക്രോസ്

വിദ്യാര്‍ത്ഥികളില്‍ സഹായസന്നദ്ധതയും അപര സ്നേഹവും വളര്‍ത്തുന്നതിനായി ജൂനിയർ റെഡ്ക്രോസും ഇവിടെയും‌ പ്രവര്‍ത്തിക്കുന്നുണ്ട്. റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി, പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ൽ ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി. ജൂനിയർ റെഡ് ക്രോസിന്റെ പിന്നിലെ സമഗ്രമായ ആശയം രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ്.

അതിലൂടെ അവർ ഒരു ദിവസം ലോകസമാധാനം സ്ഥാപിക്കുന്നതിനും മനുഷ്യരാശിയുടെ ക്ഷേമത്തിനും അവരുടേതായ രീതിയിൽ സംഭാവന നൽകാനാവും എന്നാണ് പ്രതീക്ഷ. നിസ്തുലമായ സേവനത്തിനായി പ്രാപ്തിയും മനസ്സുമുള്ള യുവതയിലാണ് ലോകത്തിന്‍റെ പ്രതീക്ഷ.

Latest