Articles
ന്യായാധിപരാണെന്ന ബോധ്യം അവര്‍ക്കുണ്ടാകട്ടെ
രാഹുല്‍ ഗാന്ധി സവര്‍ക്കറെ ബ്രിട്ടീഷ് സേവകന്‍ എന്ന് പരാമര്‍ശിച്ചതിനെ കടന്നാക്രമിക്കുകയായിരുന്നു ജസ്റ്റിസ് ദത്ത. വൈസ്രോയിക്കുള്ള കത്തുകളില്‍ നിങ്ങളുടെ വിശ്വസ്ത സേവകന്‍ എന്നതിന് ചുവടെ ഒപ്പ് വെച്ചെന്ന് സങ്കല്‍പ്പിച്ചാല്‍ ആ പേരില്‍ മാത്രം മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷ് സേവകനെന്ന് വിളിക്കാനാകുമോ എന്ന് ചോദിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, പരമോന്നത കോടതിയിലെ ന്യായാധിപ പദവിയിലിരുന്ന് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് നിസ്സാര കാര്യമല്ല.

വിദേശ പൗരന്‍ ഉള്‍പ്പെട്ട ഒരു സിവില്‍ കേസില്‍ സുപ്രീം കോടതി ജഡ്ജി സൂര്യകാന്ത്, ദുബൈയിലെ കുടുംബ കോടതിയെ കുറിച്ച് വിചാരണക്കിടെ പോയവാരം നടത്തിയ പരാമര്‍ശം പ്രതിലോമകരമായിരുന്നു. ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ദുബൈയിലെ കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാലാണ്, മനുഷ്യത്വവിരുദ്ധമായ നടപടികള്‍ക്ക് അറിയപ്പെട്ടവയാണ് അവിടുത്തെ കോടതികളെന്ന പരാമര്‍ശം നടത്തിയത്. മുമ്പിലുള്ള കേസിലെ നിയമ പ്രശ്നവുമായി ബന്ധമില്ലാത്ത അനുചിതവും അനാവശ്യവുമായ പ്രതികരണമാണ് പരമോന്നത നീതിപീഠത്തിലെ ന്യായാധിപ പ്രമുഖന്‍ നടത്തിയത്.
കോടതിയിലെ കേസ് വിചാരണാ വേളയില്‍ ന്യായാധിപര്‍ നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ വിധിയുടെ ഭാഗമാകില്ല. അപ്പോഴും നീതിന്യായ അന്തസ്സും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വം ന്യായാധിപര്‍ക്കുണ്ട്. അതിന് വിരുദ്ധമായ പ്രവണതകള്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് തന്നെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഗൗരവപൂര്‍ണമായ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.
വായില്‍ തോന്നുന്നത് പറയാമോ?
വി ഡി സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ഉത്കണ്ഠാജനകമായ ഇടപെടലുകളാണ് കഴിഞ്ഞ വാരം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബഞ്ച് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമല്ല സവര്‍ക്കറെ പുകഴ്ത്തിപ്പറയുക കൂടി ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരുന്നെങ്കില്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയെക്കുറിച്ച് രാഹുല്‍ ഗാന്ധി അത്തരം പരാമര്‍ശങ്ങള്‍ നടത്തുമായിരുന്നില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, എല്ലാ പരിധിയും ലംഘിച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയായിരുന്നെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. രാഹുല്‍ ഗാന്ധിക്കെതിരെ, ഒന്നുമറിയാത്ത പപ്പു എന്ന ലൈനില്‍ നേരത്തേ ബി ജെ പി നേതാക്കള്‍ നിരന്തരം നടത്തിയിരുന്ന (ഇപ്പോള്‍ അവര്‍ അങ്ങനെ പറയാറില്ല) പരിഹാസങ്ങളെ ഓര്‍മിപ്പിക്കുന്നതും ഗുരുതരവുമായ പരാമര്‍ശങ്ങളാണ് ജസ്റ്റിസ് ദത്ത നടത്തിയത്. ന്യായാധിപന്റെ നിഷ്പക്ഷതയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണതെന്നത് കാണാതിരിക്കാനാകില്ല.
രാഹുല്‍ ഗാന്ധി സവര്‍ക്കറെ ബ്രിട്ടീഷ് സേവകന്‍ എന്ന് പരാമര്‍ശിച്ചതിനെ കടന്നാക്രമിക്കുകയായിരുന്നു ജസ്റ്റിസ് ദത്ത. വൈസ്രോയിക്കുള്ള കത്തുകളില്‍ നിങ്ങളുടെ വിശ്വസ്ത സേവകന്‍ എന്നതിന് ചുവടെ ഒപ്പ് വെച്ചെന്ന് സങ്കല്‍പ്പിച്ചാല്‍ ആ പേരില്‍ മാത്രം മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷ് സേവകനെന്ന് വിളിക്കാനാകുമോ എന്ന് ചോദിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, പരമോന്നത കോടതിയിലെ ന്യായാധിപ പദവിയിലിരുന്ന് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് നിസ്സാര കാര്യമല്ല. ഒടുവില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ മാനഷ്ടക്കേസ് നടപടികള്‍ സ്റ്റേ ചെയ്തെങ്കിലും അതിന് വെച്ച ഉപാധി പ്രശ്നവത്കരിക്കപ്പെടേണ്ടതാണ്. ഇടക്കാല വിധിയുടെ ഗുണം ലഭിക്കണമെങ്കില്‍ ‘സ്വാതന്ത്ര്യ സമര സേനാനി’കള്‍ക്കെതിരെ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നിര്‍ദേശം. വസ്തുതകളുടെ പിന്‍ബലമില്ലാത്ത, ഒരു ന്യായാധിപന്റെ ആത്മനിഷ്ഠാപരമായ വീക്ഷണങ്ങളെ രാജ്യത്തെ പൗരന്‍മാരില്‍ അടിച്ചേല്‍പ്പിക്കുന്ന അപകടകരമായ നീക്കമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോക്കിടെ അശ്ലീല പരാമര്‍ശം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏകീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു രണ്‍വീര്‍ അലഹബാദിയ. വിചാരണക്കിടെ ജസ്റ്റിസ് സൂര്യകാന്ത്, അലഹബാദിയയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. അത് അംഗീകരിക്കാം. പക്ഷേ നീച മനസ്സിനുടമ, കാമവൈകൃതം എന്നൊക്കെ രാജ്യത്തെ പരമോന്നത ന്യായാസനത്തിലിരുന്ന് അയാള്‍ക്ക് നേരെ ആക്ഷേപം ചൊരിയുന്നത് മറ്റൊരു കുറ്റകൃത്യമാകാനേ തരമുള്ളൂ. മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്ന പരുവത്തിലുള്ള സമീപനങ്ങള്‍ നീതിപീഠത്തിനാകാമോ എന്നതൊക്കെ ന്യായാധിപര്‍ ഇരുന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.
രണ്‍വീര്‍ അലഹബാദിയക്ക് ഇടക്കാല സംരക്ഷണം നല്‍കിയ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. അലഹബാദിയയോ അദ്ദേഹത്തിന്റെ അസ്സോസിയേറ്റോ മേലില്‍ ഒരു ഷോയും നടത്തരുതെന്നതായിരുന്നു മാന്‍ഡേറ്റ്. എന്നാല്‍ സഭ്യത പാലിച്ചു കൊണ്ട് ഏത് പ്രായക്കാര്‍ക്കും കാണാന്‍ പറ്റുന്ന വിധം ഷോ നടത്താന്‍ അനുവദിച്ച് പിന്നീട് വിധി പരിഷ്‌കരിക്കുകയും ചെയ്തു.
വിചാരണയെ സ്വാധീനിക്കാന്‍ പോന്നത്
മേല്‍ച്ചൊന്ന രണ്ട് കേസുകളിലും വിചാരണ ആരംഭിച്ചിട്ടില്ലെന്നോര്‍ക്കണം. രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ നടത്തിയത് അപകീര്‍ത്തിയാണോ, രണ്‍വീര്‍ അലഹബാദിയയുടേത് അശ്ലീല പരാമര്‍ശമാണോ എന്നതൊക്കെ ഇനിയും തുടങ്ങാത്ത വിചാരണകള്‍ക്കൊടുവില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. എന്നിരിക്കെ സുപ്രീം കോടതി ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വിചാരണയെ സ്വാധീനിക്കത്തക്കവിധമുള്ളതാണ്. രണ്ട് കേസുകളിലും ഹരജിക്കാര്‍ തേടിയ ഇടക്കാല സംരക്ഷണം അനുവദിച്ച നീതിപീഠം അവര്‍ അതര്‍ഹിക്കുന്നു എന്നാണ് പറഞ്ഞുവെക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക ഹൈക്കോടതി ജഡ്ജി വിചാരണക്കിടെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി സ്വീകരിച്ച നടപടികള്‍ നമുക്ക് മുമ്പിലുണ്ട്. വിചാരണാ വേളകളിലെ സാധാരണ നിരീക്ഷണങ്ങള്‍ ന്യായാധിപരുടെ വ്യക്തിപരമായ പക്ഷപാതിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ച്, കര്‍ണാടക ഹൈക്കോടതി ജഡ്ജിയെ താക്കീത് ചെയ്യുകയും വിധിതീര്‍പ്പുകള്‍ പക്ഷപാതരഹിതവും മുന്‍വിധിയില്‍ നിന്ന് മുക്തവുമാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഭരണഘടനാ മൂല്യങ്ങളായിരിക്കണം ന്യായാധിപര്‍ തീരുമാനമെടുക്കുന്നതിലെ ഉള്‍പ്രേരകമെന്ന് അന്ന് സുപ്രീം കോടതി പറഞ്ഞുവെച്ചെങ്കില്‍ പുതിയ വിവാദ പരാമര്‍ശങ്ങളില്‍ തിരുത്താനെത്തുക ആരാണെന്ന ചോദ്യമാണുയരുന്നത്. നിഷ്പക്ഷവും നീതിന്യായ അന്തസ്സ് മുറുകെ പിടിക്കുന്നതുമായ ഇടപെടലുകള്‍ മാത്രമേ ന്യായാധിപരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടുള്ളൂ എന്ന് പലതവണ ഹൈക്കോടതികളെ ഉപദേശിച്ചിട്ടുണ്ട് സുപ്രീം കോടതി. 2021ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍, കടുത്ത വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചിരുന്നു പരമോന്നത നീതിപീഠം. കൗമാരക്കാരെക്കുറിച്ച് കല്‍ക്കത്ത ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വിവാദമായപ്പോള്‍ ന്യായാധിപന്‍ കേസ് വിധിച്ചാല്‍ മതി, ഗിരിപ്രഭാഷണം നടത്തേണ്ടെന്നായിരുന്നു സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
ചരിത്രവും രാഷ്ട്രീയവും പറയാനാളുണ്ട്
കോണ്‍ഗ്രസ്സ് എം പി ഇംറാന്‍ പ്രതാപ്ഗര്‍ഹിയുടെ കവിതയുമായി ബന്ധപ്പെട്ട കേസില്‍ പ്രസംഗത്തിന്റെ ഉള്ളടക്കത്തോട് ന്യായാധിപര്‍ വിയോജിച്ചാലും യോജിച്ചാലും നിയമം ലംഘിക്കാത്ത പക്ഷം അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ഊന്നിപ്പറയുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെയും രണ്‍വീര്‍ അലഹബാദിയയുടെയും കേസുകളില്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭാവിയില്‍ നിയന്ത്രിക്കപ്പെട്ടു കൊണ്ട് മാത്രമാണ് ഹരജിക്കാര്‍ക്ക് ഇടക്കാല സംരക്ഷണം ലഭ്യമായത്. ആ നിയന്ത്രണം നിയമവിധേയമല്ല. ന്യായാധിപരുടെ സ്വേച്ഛാധിഷ്ഠിതമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന തന്നെ ന്യായമായ നിയന്ത്രണം മുന്നോട്ടു വെക്കുന്നുണ്ടെന്നിരിക്കെ പൗരാവകാശത്തെ റദ്ദ് ചെയ്യുന്ന വിധമുള്ള നിയന്ത്രണങ്ങള്‍ ന്യായാധിപര്‍ കൊണ്ടുവന്നാലും അസ്വീകാര്യം തന്നെ.
ന്യായാധിപരും മനുഷ്യരാണ്. വ്യക്തിപരമായി വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികം. പക്ഷേ അത് കോടതി മുറിയില്‍ വേണ്ടെന്നത് തന്നെയാണ് നീതിന്യായ സ്വാതന്ത്ര്യവും സുതാര്യതയും. ചരിത്രവും രാഷ്ട്രീയവുമൊക്കെ പറയേണ്ടത് അതത് മേഖലകളിലെ വിദഗ്ധരാണ്. ന്യായാധിപരുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ പൗരന്‍മാരില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല.