Editorial
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാം
"വന്ദേമാതര'ത്തിന്റെ നൂറ്റമ്പതാം വാര്‍ഷികാചരണമെന്ന പേരില്‍ ലോക്സഭയില്‍ കഴിഞ്ഞ ദിവസം വന്ദേമാതര ചര്‍ച്ചക്ക് നരേന്ദ്ര മോദി തുടക്കമിട്ടത് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്താണ് “വന്ദേമാതര’ത്തോട് ബി ജെ പിക്കും സംഘ്പരിവാര്‍ സംഘടനകള്‍ക്കും ഇത്ര താത്പര്യം? മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ “വന്ദേമാതര’ ചര്‍ച്ചക്ക് തുടക്കമിട്ടതിന്റെയും ഉത്തര്‍പ്രദേശില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതര ആലാപനം നിര്‍ബന്ധമാക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെയും പ്രചോദനമെന്താണ്? സ്വാതന്ത്ര്യ സമരത്തിന് ആവേശം പകര്‍ന്ന ഗീതമായത് കൊണ്ടാണോ? സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജവും ദേശീയ ഐക്യത്തിന്റെ പ്രതീകവുമായിരുന്നു വന്ദേമാതരമെന്നാണ് ബി ജെ പിയുടെ അവകാശവാദം. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലികളിലും പ്രകടനങ്ങളിലും വന്ദേമാതരം മുഴക്കിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. 1882ല്‍ പ്രസിദ്ധീകൃതമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ “ആനന്ദമഠം’ നോവലിന്റെ ഭാഗമാണ് ഈ ഗീതം. ബ്രിട്ടീഷ്‌വിരുദ്ധ മനോഭാവവും സമൂഹത്തില്‍ സ്വാതന്ത്ര്യ ചിന്തയും സൃഷ്ടിച്ച മഹാനായ എഴുത്തുകാരനാണ് ബങ്കിം ചന്ദ്രചാറ്റര്‍ജി എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന, ദേശസ്‌നേഹം തുളുമ്പുന്ന പുസ്തകമാണ് “ആനന്ദമഠ’മെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ കടുത്ത മുസ്‌ലിംവിരുദ്ധമാണ് ഈ പുസ്തകം. മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി, രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം “അധിനിവേശക്കാരായ’ മുസ്‌ലിം നവാബുമാരാണെന്ന് സ്ഥാപിക്കാനാണ് കൃതി ശ്രമിക്കുന്നത്. പുസ്തകത്തില്‍ ബ്രിട്ടീഷുകാരെയും വിമര്‍ശിക്കുന്നുണ്ടെങ്കിലും മുഖ്യപ്രതി സ്ഥാനത്ത് മുസ്‌ലിംകളാണ്. മുസ്‌ലിം നവാബുമാരുടെ ഭരണത്തിനെതിരായ ഹിന്ദു കലാപമാണ് നോവലിന്റെ പ്രമേയം. ബംഗാളിലെ അന്നത്തെ നികുതി സമ്പ്രദായത്തെ നോവല്‍ വിമര്‍ശിക്കുന്നുണ്ട്. നവാബുമാരാണ് നികുതി നടപ്പാക്കിയതെന്ന മട്ടിലാണ് വിമര്‍ശം. യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാരാണ് നികുതി ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം മുസ്‌ലിംകളില്‍ നിന്നുള്ള വിമോചനം വഴിയേ സാധ്യമാകുകയുള്ളൂവെന്ന് സ്ഥാപിക്കാനാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദമഠത്തില്‍ ശ്രമിച്ചത്. ഹിന്ദുത്വ രാഷ്ട്രത്തിന്റെ സ്ഥാപനമാണ് ഹിന്ദുവിന്റെ ദൗത്യമെന്നും അതിനു വേണ്ടി പോരാടാനുള്ള ദൈവികാഹ്വാനമാണ് ഭഗവത് ഗീതയെന്നും വാദിച്ച ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആശയങ്ങളാണ് പില്‍ക്കാലത്ത് ഹിന്ദുത്വ ഫാസിസത്തിന് അടിത്തറ പാകിയത്. ഹിന്ദു മഹാസഭ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ രൂപവത്കരണത്തിന് ആശയപരിസരം സൃഷ്ടിച്ചതില്‍ അദ്ദേഹത്തിനും “ആനന്ദമഠ’ത്തിനും പങ്കുണ്ട്.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത് ബി ജെ പിയുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമാണ്. “വന്ദേമാതര’ത്തിന്റെ നൂറ്റമ്പതാം വാര്‍ഷികാചരണമെന്ന പേരില്‍ ലോക്സഭയില്‍ കഴിഞ്ഞ ദിവസം വന്ദേമാതര ചര്‍ച്ചക്ക് നരേന്ദ്ര മോദി തുടക്കമിട്ടത് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ്സിനെയും നെഹ്‌റുവിനെയും വിമര്‍ശിക്കാനുള്ള അവസരമായി മോദി ഈ ചര്‍ച്ച ഉപയോഗപ്പെടുത്തി. മുസ്‌ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി വന്ദേമാതരത്തിലെ ചില വരികള്‍ നെഹ്‌റു വെട്ടിമുറിച്ചുവെന്നായിരുന്നു മോദിയുടെ ആരോപണം. ഈ ശ്ലോകം വെട്ടിമുറിച്ച പോലെ നെഹ്‌റു പിന്നീട് രാജ്യത്തെ വെട്ടിമുറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമാണ് മോദിക്കും ബി ജെ പിക്കുമുണ്ടായത്. സഭയില്‍ പിന്നീട് സംസാരിച്ച പ്രിയങ്കാ ഗാന്ധി, മഹുവാ മൊയ്ത്ര, എ രാജ, അഖിലേഷ് യാദവ് തുടങ്ങിയവര്‍ ഈ ആരോപണങ്ങള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കി. നെഹ്‌റുവല്ല രവീന്ദ്രനാഥ് ടാഗോറാണ് വന്ദേമാതരത്തിലെ ആദ്യത്തെ രണ്ട് ശ്ലോകങ്ങള്‍ ദേശീയ ഗീതമാക്കിയാല്‍ മതിയെന്ന നിര്‍ദേശം വെച്ചത്; ആ നിര്‍ദേശം മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ അടങ്ങുന്ന ഉന്നത സമിതി അംഗീകരിക്കുകയാണുണ്ടായതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ സമര്‍ഥിച്ചു. ടാഗോറും നെഹ്‌റുവും തമ്മില്‍ നടന്ന എഴുത്തുകള്‍ തെളിവായി ഉദ്ധരിച്ചു കൊണ്ടുള്ള ഈ സമര്‍ഥനത്തിനു മുമ്പില്‍ ഭരണപക്ഷത്തിന് ഉത്തരം മുട്ടി.
ബങ്കിം ചന്ദ്ര ചാറ്റര്‍ജി രണ്ട് ഘട്ടങ്ങളിലായാണ് വന്ദേമാതരം ഗാനമെഴുതിയത്. ആദ്യത്തില്‍ ദേശസ്‌നേഹം സ്ഫുരിപ്പിക്കുന്ന രണ്ട് ശ്ലോകങ്ങള്‍ എഴുതി. പിന്നീട് എഴുതിയ നാല് ശ്ലോകങ്ങള്‍ ദുര്‍ഗാദേവി, ലക്ഷ്മി, സരസ്വതി തുടങ്ങി ഹൈന്ദവ ദേവികളെ പ്രകീര്‍ത്തിക്കുന്നതാണ്. അവസാനത്തെ നാല് വരികള്‍ ഹൈന്ദവരല്ലാത്ത മറ്റു മതസ്ഥരോട് ആലപിക്കാന്‍ പറയുന്നത് നീതിയല്ലെന്ന കാഴ്ചപ്പാടിലാണ് ആദ്യത്തെ രണ്ട് ശ്ലോകങ്ങള്‍ ദേശീയ ഗീതമാക്കിയാല്‍ മതിയെന്ന് രവീന്ദ്രനാഥ് നിര്‍ദേശിച്ചത്. ഇത് ദേശീയ ഗീതത്തെ വെട്ടിച്ചുരുക്കലല്ല, ആര്‍ക്കെങ്കിലും വേണ്ടിയുള്ള കീഴടങ്ങലല്ല, രാഷ്ട്രത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ മാനിച്ചു കൊണ്ടുള്ള വിവേകപരമായ തീരുമാനമാണ്. മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത മാത്രമാണ്. സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷനല്‍ ആര്‍മി രൂപവത്കരിക്കുമ്പോള്‍, വന്ദേമാതരത്തിനു പകരം ജനഗണമന തിരഞ്ഞെടുത്തതും വന്ദേമാതരത്തിലെ മതനിരപേക്ഷ വിരുദ്ധത ബോധ്യമായതിനെ തുടര്‍ന്നായിരുന്നു.
ഒരു രാഷ്ട്രത്തിന്റെ ദേശീയ ചിഹ്നങ്ങളും ഗാനങ്ങളും എല്ലാ വിഭാഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്നതും അംഗീകരിക്കാവുന്നതുമാകണം. ഹിന്ദുക്കളുടെയോ മുസ്‌ലിംകളുടെയോ ക്രിസ്ത്യാനികളുടെയോ അല്ല ഇന്ത്യ; എല്ലാവരുടേതുമാണ്. നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ മുഖമുദ്ര. അതിനെ മറികടന്നുകൊണ്ട് ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധ്യരെ വന്ദിക്കുന്ന വരികള്‍ ദേശീയ ഗീതത്തില്‍ വരുന്നത് അടിസ്ഥാനപരമായ തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. രാജ്യസ്‌നേഹം ഒരു നാടകമോ തിരഞ്ഞെടുപ്പുകള്‍ ആസന്നമാകുമ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന വികാര പ്രകടനമോ അല്ല. അത് വിവേക പൂര്‍ണമാകണം. ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നതാകണം. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന, അകല്‍ച്ച വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളും ചര്‍ച്ചകളും രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാണ്.





