Kerala
അരികു ജീവിതങ്ങളുടെ നേതാവ്: രാഷ്ട്രപതി
ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി.

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. തന്റെ ദീര്‍ഘകാല പൊതുജീവിതത്തില്‍, പ്രത്യേകിച്ച് അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രവര്‍ത്തകരെയും അഗാധമായ അനുശോചനം അറിയിക്കുന്നു.
ഇടപെടലുകള്‍ ഓര്‍ക്കുന്നു: പ്രധാനമന്ത്രി
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമര്‍പ്പിച്ചു. ഞങ്ങള്‍ രണ്ട് പേരും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു. ഈ ദുഃഖവേളയില്‍ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കുമൊപ്പമാണ്.
എന്നും ഓര്‍മിക്കപ്പെടും: ഗവര്‍ണര്‍
ആദര്‍ശങ്ങളില്‍ ഉറച്ചുനിന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന യഥാര്‍ഥ നേതാവായിരുന്നു വി എസ്. സമൂഹത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും.
ആഴത്തില്‍ പതിഞ്ഞ
വിപ്ലവ പാരമ്പര്യം: എം കെ സ്റ്റാലിന്‍
കേരളത്തിന്റെ രാഷ്ട്രീയ മനഃസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യം സഖാവ് വി എസ് അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്മ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു. ഈ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു.
പരിചിതമല്ലാത്ത കമ്മ്യൂണിസ്റ്റ്:
സ്വാദിഖലി തങ്ങള്‍
ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത കമ്മ്യൂണിസ്റ്റുകാരനായിരുന്നു വി എസ്. അദ്ദേഹത്തിന്റെ വിയോഗം സി പി എമ്മിനും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്.