Kerala
മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ വിലക്കിയിട്ടുണ്ട്. ബസുകള്‍ തിരിച്ചുവിടുകയാണ്.

കോഴിക്കോട് | മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. വൈകിട്ട് 6.45ഓടെ കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്നും പൊലീസ് അറിയിച്ചു.
കല്‍പ്പറ്റയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്സ് മരങ്ങളും, കല്ലും നീക്കം ചെയ്തുവരികയാണ്.
താമരശ്ശേരി ചുരത്തില്‍ ഇന്നലെ പാഴ്‌സല്‍ ലോറി മറ്റ് വാഹനങ്ങളിലിടിച്ച് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. നിയന്ത്രണംവിട്ട ലോറി എട്ട് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.