Connect with us

Kerala

കുടുംബത്തിന്റെ കണ്ണികൾ തേടി അന്തമാനിൽ നിന്ന് കുഞ്ഞഹമ്മദ് കൊടിഞ്ഞിയിലെത്തി

കുഞ്ഞഹമ്മദിന്റെ മക്കളും പേരമക്കളുമൊക്കെയായി 50റെ കുടുംബാംഗങ്ങൾ അന്തമാനിൽ കഴിയുന്നുണ്ടെന്ന് കുഞ്ഞഹമ്മദ് പറഞ്ഞു

Published

|

Last Updated

തിരൂരങ്ങാടി | കുടുംബത്തിന്റെ കണ്ണികൾ തേടി അന്തമാനിൽ നിന്ന് കുഞ്ഞഹമ്മദ് കൊടിഞ്ഞിയിലെത്തി. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ 1920 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ അന്തമാനിലേക്ക് നാടുകടത്തപ്പെട്ട പത്തൂർ കുഞ്ഞഹമ്മദിന്റെ പേരമകൻ കുഞ്ഞഹമ്മദ് (70), ഇദ്ദേഹത്തിന്റെ മകൻ അബ്ദുൽ വഹീദ് എന്നിവരാണ് ബന്ധുക്കളെ തേടി കൊടിഞ്ഞി കടുവാളൂരിലെത്തിയത്. അന്തമാൻ ദ്വീപിലെ കാലിക്കറ്റ് പ്രദേശത്താണ് ഇവർ താമസിക്കുന്നത്.

നിലവിൽ പത്തൂർ കുടുംബത്തിന്റെ കാരണവരും കൊടിഞ്ഞി മഹല്ല് സെക്രട്ടറിയുമായ പത്തൂർ മൊയ്തീൻ ഹാജിയെ കുഞ്ഞഹമ്മദ് സമീപിക്കുകയായിരുന്നു. തുടർന്ന് താൻ തന്റെ പിതാവിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങൾ അന്വേഷിച്ച് ബന്ധുത്വത്തിന്റെ അടിവേര് തേടിയിറങ്ങിയതാണെന്ന് കുഞ്ഞഹമ്മദ് പറഞ്ഞു.

1920കളിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തതിന് ഇദ്ദേഹത്തിന്റെ പിതൃവ്യനായ കുഞ്ഞഹമ്മദിനെ ശിക്ഷിച്ച് അന്തമാൻ ജയിലിലേക്ക് അയക്കുകയായിരുന്നുവത്രെ. നാടുകടത്തുമ്പോൾ കുഞ്ഞഹമ്മദിന് ബാല്യമായിരുന്നു. മൂന്ന് വർഷത്തെ തടവുശിക്ഷക്ക് ശേഷം ജയിൽ മോചിതനായ കുഞ്ഞഹമ്മദ് വിവാഹം കഴിച്ച് കുടുംബസമേതം അന്തമാനിൽ കഴിയുകയായിരുന്നു.

നിലവിൽ കുഞ്ഞഹമ്മദിന്റെ മക്കളും പേരമക്കളുമൊക്കെയായി 50റെ കുടുംബാംഗങ്ങൾ അന്തമാനിൽ കഴിയുന്നുണ്ടെന്ന് കുഞ്ഞഹമ്മദ് പറഞ്ഞു. പൂക്കോട്ടൂരിൽ സ്ഥിതിചെയ്യുന്ന പത്തൂർ കുടുംബങ്ങളെ സന്ദർശിച്ച കുഞ്ഞഹമ്മദിന് അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊടിഞ്ഞി കടുവാളൂരിലെത്തിയത്. തങ്ങളുടെ രക്തബന്ധത്തെ തിരിച്ചറിഞ്ഞ കുഞ്ഞഹമ്മദ് വളരെയേറെ സന്തോഷത്തോടെയാണ് മടങ്ങിയത്.

 

---- facebook comment plugin here -----

Latest