Connect with us

Uae

അപകടത്തില്‍ കാല്‍ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബൂദബിയില്‍ അത്യാധുനിക കൃത്രിമക്കാല്‍; ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച '10 ജേര്‍ണീസിന്' തുടക്കം

10 കോടി രൂപ വിലമതിക്കുന്ന അത്യാധുനിക ശസ്ത്രക്രിയകളുടെ ആദ്യ ഗുണഭോക്താക്കളായി മലയാളിയായ ഷാരോണും ഫലസ്തീനില്‍ നിന്നുള്ള അനസും യു എസ് സ്വദേശി ജോഷ്വയും.

Published

|

Last Updated

അബൂദബി | വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബല്‍ പ്രോസ്‌തെറ്റിക് പദ്ധതി ’10 ജേര്‍ണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളില്‍ മലയാളിയും. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോണ്‍ ചെറിയാനാണ് അബൂദബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ (ബി എം സി) ലോകപ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജന്‍ പ്രൊഫ. ഡോ. മുന്‍ജെദ് അല്‍ മുദിരിസ് നേതൃത്വം നല്‍കിയ സൗജന്യ ഓസിയോ ഇന്റഗ്രേഷന്‍ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ദാരുണമായ അപകടങ്ങള്‍ക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍. ഷാരോണിനോടൊപ്പം ഫലസ്തീനില്‍ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയില്‍ നിന്നുള്ള ജോഷ്വ അര്‍നോള്‍ഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി.

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് ബി എം സിയിലെ അല്‍ മുദിരിസ് ഓസിയോഇന്റഗ്രേഷന്‍ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് 2022 ലെ സിറിയന്‍ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ ഷാമിന്റെയും ഒമറിന്റെയും അതിജീവനത്തിനുള്ള ആദരസൂചകമായി 10 പേര്‍ക്ക് സൗജന്യ ഓസിയോഇന്റഗ്രേഷന്‍ ശസ്ത്രക്രിയകള്‍ നല്‍കാനുള്ള പദ്ധതി ഡോ. ഷംഷീര്‍ പ്രഖ്യാപിച്ചത്. ഈ നൂതന രീതിയിലൂടെ പ്രോസ്‌തെറ്റിക് ലിംബ് അസ്ഥിയില്‍ സംയോജിപ്പിക്കുകയും ഇതിലൂടെ രോഗിക്ക് മെച്ചപ്പെട്ട ചലനശേഷിയും ജീവിത നിലവാരവും ലഭിക്കുകയും ചെയ്യും.

ലോകമെമ്പാടും നിന്ന് ലഭിച്ച പ്രൊഫൈലുകളില്‍ നിന്ന് തിരഞ്ഞെടുത്ത 10 പേര്‍ക്കാണ് ചികിത്സ നല്‍കുക. രോഗികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വരും മാസങ്ങളില്‍ ഏഴ് പേര്‍ക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഷാരോണിന്റെ ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന് അറുതി
ഷാരോണിന്റെ ഇരുപത്തിയൊന്നാം വയസിലാണ് ജീവിതം തന്നെ മാറ്റിമറിച്ച ബൈക്കപകടം നടന്നത്. 2013 ഡിസംബറിലായിരുന്നു അത്. സുഹൃത്തുമൊത്തുള്ള ബൈക്ക് യാത്ര അവസാനിച്ചത് ദാരുണമായ അപകടത്തില്‍. സുഹൃത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ പിന്നില്‍ യാത്ര ചെയ്ത ഷാരോണിനെ ഇടുപ്പിനും കാലിനും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിലെ മുറിവുകളും അണുബാധയുമായി മല്ലിട്ട് തുടര്‍ന്നുള്ള ഒമ്പത് മാസം ആശുപത്രികളിലായിരുന്നു ഷാരോണിന്റെ ജീവിതം. രോഗമുക്തിക്കായി അവസാനം ഷാരോണിന്റെ വലതുകാല്‍ മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി.

‘സാമ്പത്തികമായും വൈകാരികമായും വളരെ ദുഷ്‌കരമായ സമയം കടന്നാണ് ഇവിടെയെത്തിയത്. ചികിത്സയ്ക്കായി വീടുപോലും വില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങളോളം ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. സമൂഹം പലപ്പോഴും മാറ്റിനിര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്.’ ഷാരോണ്‍ ഓര്‍ക്കുന്നു.

എന്നാല്‍, പ്രതിസന്ധിയില്‍ തളരാതെ അതില്‍ നിന്ന് കരകയറുന്നതിനുള്ള മാര്‍ഗം കണ്ടെത്താനായിരുന്നു ഷാരോണിന്റെ ശ്രമം. ഇതിന്റെ ഭാഗമായി, മൂന്ന് വര്‍ഷം മുമ്പ് ഓസിയോഇന്റഗ്രേഷനെക്കുറിച്ച് മനസിലാക്കുകയും പ്രൊഫ. മുന്‍ജെദുമായി ബന്ധപ്പെടുകയും ചെയ്തു. ഷാരോണിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചിലവുകള്‍. പ്രതീക്ഷകള്‍ അസ്തമിച്ചിടത്ത് വഴിത്തിരിവായാണ് 10 ജേര്‍ണീസ് ഉദ്യമത്തിന്റെ ഭാഗമായി അറിയിപ്പ് ലഭിച്ചത്. ‘ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച സൗജന്യ ഓസിയോഇന്റഗ്രേഷന്‍ ശസ്ത്രക്രിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് കാണുന്നത്. അവസരത്തിന് യു എ ഇക്കും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി,’ ഷാരോണ്‍ പറയുന്നു.

അമ്മയ്ക്കൊപ്പം അബുദാബിയില്‍ എത്തിയ ഷാരോണിന് ബി എം സിയിലെ മെഡിക്കല്‍ ടീമിന്റെ അനുകമ്പയോടെയുള്ള പരിചരണ രീതി തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. നിലവില്‍ ഒരു കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാരോണിന് ഇനിയുള്ള കാലം പരിമിതികളില്ലാതെ ജീവിക്കാനും തന്റെ കരിയര്‍ പടുത്തുയര്‍ത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ. യു എ ഇയില്‍ ജോലി അന്വേഷിക്കാനും ആഗ്രഹമുണ്ട്. ‘ഒരു സാധാരണ വ്യക്തി ചെയ്യുന്നതെല്ലാം ചെയ്യണം. വളരെക്കാലമായി, ആളുകള്‍ എന്റെ കുറവുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഞാന്‍ ആരാണെന്നും എന്റെ കഴിവുകള്‍ വിലമതിക്കപ്പെടണമെന്നുമാണ് ആഗ്രഹം,” ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

അതിരുകള്‍ക്കതീതമായ സഹായഹസ്തം
ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ നിന്നെത്തിയ അനസ് ജെബേയ്ഹിക്കും അമേരിക്കയിലെ ലൂസിയാനയില്‍ നിന്ന് വന്ന ജോഷ്വ അര്‍നോള്‍ഡിനും ഇത് പ്രതീക്ഷയുടെ യാത്രയാണ്. അനസ് ജെബെയ്ഹിയുടെ ജീവിതം മാറിമറിഞ്ഞത് പന്ത്രണ്ടാം വയസിലാണ്. ആടുകള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെ കണ്ടെത്തിയ അവക്കാഡോ ആകൃതിയിലുള്ള വസ്തു ഗ്രനേഡ് ആണെന്നറിയാതെ വീട്ടിലേക്ക് കൊണ്ടുവന്നു. തന്റെ ബുക്ക് ഷെല്‍ഫില്‍ തൂക്കിയിടാനായി അത് തുരക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഇടതുകാലും വലതു കണ്ണും നഷ്ടപ്പെട്ടു. അതിനുശേഷം, വിവിധ രാജ്യങ്ങളില്‍ നിന്നായി എട്ട് പ്രോസ്‌തെറ്റിക്‌സുകള്‍ ഘടിപ്പിച്ചാണ് 30 വയസ്സ് വരെ അനസ് ജീവിച്ചത്.

അടിസ്ഥാന സൗകര്യങ്ങളോ, ശുദ്ധജലമോ, വൈദ്യുതിയോ കാര്യമായി ലഭ്യമല്ലാതിരുന്ന വെസ്റ്റ് ബാങ്കിലെ തുല്‍കാരം അഭയാര്‍ഥി ക്യാമ്പിലാണ് അനസ് വളര്‍ന്നത്. ഈയിടെ, സുരക്ഷയ്ക്കായി മറ്റൊരു താത്ക്കാലിക ഷെല്‍ട്ടറിലേക്ക് മാറേണ്ടിവന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും, അനസ് ദൃഢനിശ്ചയത്തോടെ വിദ്യാഭ്യാസം തുടര്‍ന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്ന അനസ് 2016 മുതല്‍ ഒരു ബോഡിബില്‍ഡറാണ്.

29കാരനായ ജോഷ്വ അര്‍ണോള്‍ഡിനു 2024-ല്‍ നടന്ന മോട്ടോര്‍സൈക്കിള്‍ അപകടത്തെ തുടര്‍ന്നാണ് വലതുകൈയും ഇടതു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടത്. തന്റെ പ്രതിശ്രുതവധു അലീസ അക്കറിനൊപ്പമാണ് ജോഷ്വ അബൂദബിയില്‍ എത്തിയത്. പരമ്പരാഗത സോക്കറ്റ് പ്രോസ്‌തെറ്റിക്‌സ് പരീക്ഷിച്ചു നോക്കിയെങ്കിലും അത് വേദനാജനകവും പരിമിതികള്‍ നിറഞ്ഞതുമായിരുന്നു. അപകടം കാരണം വിവാഹം വരെ മാറ്റിവെക്കേണ്ടിവന്നു. വിഷാദത്തിന്റെ നാളുകളില്‍ ജോഷ്വക്ക് കൂട്ടായി മാതാപിതാക്കളും സഹോദരങ്ങളും അലീസയും ഒപ്പം നിന്നു.

 

Latest