Connect with us

Prathivaram

പോര്‍ച്ചുഗീസ് അധിനിവേശ കഥ പറയുന്ന ഖോർ ഫക്കാന്‍

Published

|

Last Updated

പ്രാചീന കാലം മുതല്‍ക്കെ ഇന്ത്യയുമായി വ്യാപാരബന്ധം തുടര്‍ന്ന് പോന്നിരുന്നവരായിരുന്നു അറബികള്‍. 1498ല്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്കുള്ള കടല്‍ മാര്‍ഗം കണ്ടുപിടിക്കുന്നതോടെയാണ് ഈ ബന്ധത്തില്‍ കാര്യമായി മാറ്റമുണ്ടായത്. ഏഷ്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര കുത്തക കീഴടക്കുകയും അറബികളുമായുള്ള ഇന്ത്യക്കാരുടെ കച്ചവട ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.

അതിനായി കടല്‍യാത്ര നടത്തി വഴി കണ്ടുപിടിക്കാന്‍ നിരവധി കടല്‍യാത്രികരെ രാജാവായിരുന്ന മാനുവല്‍ ഒന്നാമന്‍ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്താനായി പല നാവികരും യാത്ര തിരിച്ചെങ്കിലും 1498ൽ കോഴിക്കോട് (കാപ്പാട്) വന്നിറങ്ങിയ വാസ്‌കോഡ ഗാമയാണ് അതില്‍ വിജയിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. അക്കാലം വരെ സജീവമായിരുന്ന അറബി-മുസ്‌ലിം കച്ചവടക്കാരുടെ മലബാറിലെ സുഗന്ധവ്യഞ്ജന കച്ചവടവും പതിയെ അവസാനിച്ചു.

ഈ യാത്ര ഇന്ത്യയെ മാത്രമല്ല അറേബ്യന്‍ ഉപഭൂഖണ്ഡങ്ങളുടെ പിടിച്ചടക്കലിനും അതു കാരണമായി. പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധമുണ്ടായ പ്രദേശങ്ങളാണ് ഒമാനിലെ സോഹറും യു എ ഇയിലെ ഖോർ ഫഖാനും.
അറബിക്കടലിലൂടെ ഇന്ത്യയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യലായിരുന്നു അക്കാലത്തെ അറബികളുടെ പ്രധാന ജോലി. മത്സ്യബന്ധനവും കടലിനടിയില്‍ നിന്ന് മുത്തുകള്‍ വാരിയെടുത്തും കൃഷി ചെയ്തും ജീവിച്ചുപോരുകയായിരുന്നു അവര്‍. നല്ല ഉറപ്പുള്ള ചുമരുകളോടു കൂടിയ വീടുകളായിരുന്നു അക്കാലത്ത് ഖോർ ഫഖാനിലുണ്ടായിരുന്നത്. ഈത്തപ്പഴത്തിന് പുറമെ നാരങ്ങയും ഓറഞ്ചും അത്തിപ്പഴ മരങ്ങളും തുടങ്ങി പലവിധയിനങ്ങള്‍ അക്കാലത്ത് ഖോർ ഫക്കാനില്‍ കൃഷിചെയ്തിരുന്നതായി പോര്‍ച്ചുഗീസ് വിവരണങ്ങളിലുണ്ട്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശുദ്ധമായ വെള്ളം ഇവിടത്തേതായിരുന്നുവെന്ന് പോര്‍ച്ചുഗീസുകാര്‍ പിന്നീട് എഴുതിയിട്ടുണ്ട്.

1507 മുതല്‍ അറബിക്കടലിലും കരയിലും വ്യാപകമായ ആക്രമണങ്ങളാണ് അഫോസോ ഡി അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്നത്. അക്കാലം വരെ മേഖലയിലുണ്ടായിരുന്ന സമാധാനം ഇതോടെ ഇല്ലാതായി. പീരങ്കിയുപയോഗിച്ചായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങള്‍. എങ്കിലും ഖോർ ഫക്കാനിലെ സ്വദേശികള്‍ അവര്‍ക്കെതിരെ പടപൊരുതി
ഇവിടെ നിന്നുള്ള വെള്ളമുൾപ്പെടെയുള്ള വിഭവങ്ങള്‍ കൈക്കലാക്കിയ ശേഷം ഈ പ്രദേശം ചുട്ടെരിച്ചാണ് മറ്റു ഭാഗങ്ങളിലേക്ക് പോര്‍ച്ചുഗീസ് പട നീങ്ങിയത്. ദിബ്ബ, കല്‍ബ, ബിദ്്യ എന്നീ സ്ഥലങ്ങളില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോട്ടകളും പണിതു.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അന്ന് ശക്തമായ യുദ്ധം നടന്ന മറ്റൊരു പ്രദേശമായിരുന്നു റാസ് അല്‍ ഖൈമ. 1619ല്‍ അറബികളുടെ നേതൃത്വത്തില്‍ ശക്തമായ യുദ്ധം പോര്‍ച്ചുഗലിനെതിരെ നടന്നു. 1643ല്‍ ഖോർ ഫക്കാന്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചത് മേഖലയിലെ മറ്റു പ്രദേശങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഊർജം പകര്‍ന്നു.

ഒമാനിലെ മസ്കത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തില്‍ നിന്ന് മോചനം നേടുകയുണ്ടായി. പില്‍ക്കാലത്ത് ലോഞ്ച് കയറി ഗള്‍ഫിലേക്ക് പോയവര്‍ നീന്തിക്കയറാന്‍ ആശ്രയിച്ചിരുന്ന അടയാളപ്പാറ ഖോർ ഫക്കാനിലാണ്. പോലീസ് പിടിയിലാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഫുജൈറക്കടുത്തുള്ള വിജനമായ ഖോർ ഫക്കാന്‍ തീരത്തെ അക്കാലത്തെ യാത്രികര്‍ ആശ്രയിച്ചിരുന്നത്.

Latest