Malappuram
കേരളയാത്ര പതാക ദിനാചരണം; പതിതരായ മനുഷ്യര്‍ക്കൊപ്പം അണിചേരണം: കേരള മുസ്‌ലിം ജമാഅത്ത്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി.
കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ പ്രചാരണാര്‍ഥം ജില്ലാ ആസ്ഥാനമായ വാദിസലാമില്‍ സെക്രട്ടറി എ അലിയാര്‍ ഹാജി പതാക ഉയര്‍ത്തുന്നു.
മലപ്പുറം | പതിതരായ മനുഷ്യര്‍ക്കൊപ്പം അവരുടെ അവകാശങ്ങള്‍ക്കായി അണിനിരക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി. നാട്ടിലെ പട്ടിണി പാവങ്ങളുടെ ജീവിത മാര്‍ഗമായിരുന്ന മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പേരും ഘടനയും മാറ്റി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. സമസ്ത സെന്റിനറി ആഘോഷ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം സാധ്യമാക്കണം. ഇതിനായി ജാതി മത ഭേദമന്യേയുള്ള മുഴുവനാളുകളുടേയും കൂട്ടായ്മ രൂപപ്പെടുത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കൊപ്പമെന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് അടുത്ത മാസം ഒന്നുമുതല്‍ പതിനേഴ് വരെ കാസര്‍ക്കോട് നിന്നും തിരുവനന്തപുരം വരെയാണ് കേരള യാത്ര നടത്തുന്നത്. ഇതിന്റെ പ്രചാരണ ഭാഗമായാണ് പതാക ദിനാചരണം നടത്തിയത്.
ജില്ലയിലെ 1,240 യൂണിറ്റുകളിലും വിവിധ സ്ഥാപനങ്ങളിലുമായി കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ജില്ലാ ആസ്ഥാനമായ വാദി സലാമില്‍ ജില്ല സെക്രട്ടറി എ അലിയാര്‍ ഹാജി പതാക ഉയര്‍ത്തി. സുലൈമാന്‍ ഹാജി ഇന്ത്യനൂര്‍, ടി ശുഹൈബ്, മുഹമ്മദ് സഖാഫി പഴമുള്ളൂര്‍, മുസ്തഫ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി സഖാഫി, സിദ്ധീഖ് അംജദി, ഇര്‍ഫാന്‍ പൂങ്ങോട്, ശബീറലി അംജദി, അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി നേതൃത്വം നല്‍കി.



