From the print
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് കേരളം പ്രഖ്യാപനം ഈ മാസം 21ന്
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ഗ്രാമപപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയില്‍ ആരംഭിച്ച ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി അതേ മാതൃകയില്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം | രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കിയ ‘ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി’ വിജയകരമായി പൂര്‍ത്തീകരിച്ചുള്ള പ്രഖ്യാപനം ഈ മാസം 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും.
വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നല്‍കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ഗ്രാമപപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയില്‍ ആരംഭിച്ച ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി അതേ മാതൃകയില്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയായിരുന്നു.
സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം, സര്‍ക്കാറിന്റെ ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയാണ് പാഠ്യവിഷയങ്ങള്‍. 83 ലക്ഷത്തിലേറെ കുടുംബങ്ങളിലായി 1.5 കോടി ആളുകളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തി 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തി. ഇവരില്‍ 21,87,966 പഠിതാക്കള്‍ പരിശീലനം പൂര്‍ത്തിയാക്കി. അവരില്‍ 21,87,667 (99.98 ശതമാനം) പഠിതാക്കള്‍ മൂല്യനിര്‍ണയത്തില്‍ വിജയിച്ച് ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു.
സര്‍വേയിലൂടെ കണ്ടെത്തിയ പഠിതാക്കളില്‍ 90 വയസ്സിന് മുകളില്‍ പ്രായമുള്ള 15,223 പേരും ഉള്‍പ്പെടുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, സാക്ഷരതാ മിഷന്‍ പ്രേരകുമാര്‍, എസ് സി എസ് ടി പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, എന്‍ എസ് എസ്, എന്‍ സി സി, എന്‍ വൈ കെ സന്നദ്ധസേന, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 2,57,000 വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് വിവര ശേഖരണവും പരിശീലനവും മൂല്യനിര്‍ണയവും നടത്തിയത്. പരിശീലനം പൂര്‍ത്തിയാക്കിയവരെ മൂല്യനിര്‍ണയ പ്രക്രിയക്ക് വിധേയരാക്കി.
മൂല്യനിര്‍ണയത്തില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പരിശീലനം നല്‍കി തുടര്‍മൂല്യനിര്‍ണയവും ഉറപ്പാക്കി. ‘ഡിജി കേരളം’ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ സൂപര്‍ ചെക്ക് പ്രക്രിയ ജില്ലാ ജോയിന്റ്്ഡയറക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സൂപര്‍ ചെക്കില്‍ പത്ത് ശതമാനത്തിലേറെ പഠിതാക്കള്‍ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പരിശീലനം നല്‍കി.
‘ഡിജി കേരളം’ പദ്ധതിയുടെ തേര്‍ഡ് പാര്‍ട്ടി മൂല്യനിര്‍ണയം ഇകണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് മുഖേന നടത്തി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു. സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമെന്ന പദവിക്ക് പുറമെ, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളം സ്വന്തമാക്കിയിരിക്കുന്നു.