Connect with us

Kerala

കേരളം മാവോവാദത്തിന്റെ വേരറുക്കുന്നു

Published

|

Last Updated

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി കോഴിക്കോട്ട് നിന്നു അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു വിദ്യാര്‍ഥികളുടെ ജാമ്യ കാര്യത്തില്‍ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച ദിവസങ്ങളിലാണ് വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കീഴടങ്ങിയത്. മാവോ വാദത്തിന്റെ പേരില്‍ ആയുധമേന്തി സാഹസികതയിലേക്കു തിരിയാന്‍ സാധ്യതയുള്ള യുവത്വത്തിന്റെ പ്രവണതകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കേരളം പ്രഖ്യാപിച്ച മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് എന്നു വ്യക്തമാവുന്നതാണ് കബനിദളം ഡെപ്യൂട്ടി കമാന്‍ഡന്റ് വിജേഷ് എന്ന രാമുവിന്റെ കീഴടങ്ങല്‍.

പന്തീരങ്കാവ് യു എ പി എ കേസില്‍ രണ്ടാം പ്രതി ത്വാഹ ഫസലിന് സുപ്രീം കോടതി ജാമ്യം നല്‍കിയതും ഒന്നാം പ്രതി അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യം കോടതി തള്ളിയതും മനുഷ്യാവകാശ സംഘടനകളും മറ്റും ഏറെ ആശ്വാസത്തോടെയാണ് കാണുന്നത്. ത്വാഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2019 നവംബറിലാണ് പന്തീരാങ്കാവ് യു എ പി എ കേസിന്റെ ഭാഗമായി ത്വാഹ ഫസലിനെയും അലന്‍ ശുഹൈബിനെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിരുന്നു. ഇരുവര്‍ക്കും പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലന്‍ ശുഹൈബിന്റെ ജാമ്യം ശരിവക്കുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്ത ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

അലനും ത്വാഹയും മാവോവാദികളാണ് എന്ന കെട്ടുകഥയുടെ പുകമറയാണ് പരമോന്നത കോടതി തുടച്ചു നീക്കിയിരിക്കുന്നതെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. മോദി സര്‍ക്കാര്‍ എന്‍ ഐ എ – യു എ പി എ നിയമങ്ങള്‍ പരിഷ്‌കരിച്ച ശേഷം ആദ്യമെടുത്ത കേസായിരുന്നു ഇത്്. അലനെയും ത്വാഹയെയും പകയോടെ പിന്തുടരുന്ന എന്‍ ഐ എയുടെ അമിതോത്സാഹത്തിന് കിട്ടിയ തിരിച്ചടിയാണ് വിധിയെന്നും എന്‍ ഐ എയുടെ വാദങ്ങളിലെ പൊള്ളത്തരം കോടതിയില്‍ തുറന്നുകാട്ടപ്പെട്ടുവെന്നും അവര്‍ വിലയിരുത്തുന്നു.

ജീവിതത്തിലെ ഏറ്റവും ദുരിതംനിറഞ്ഞ പരീക്ഷണഘട്ടത്തിലൂടെയാണ് വിദ്യാര്‍ഥികളായ അലനും ത്വാഹയും കടന്നുപോവുന്നത്. ഇനിയും കേസുകള്‍ ബാക്കിയാണ്. അത് എന്‍ ഐ എ കോടതി പറഞ്ഞതുപോലെ അതിവേഗം തീര്‍പ്പാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പൗര സമൂഹവും. ഇതര സംസ്ഥാനങ്ങളില്‍ രക്തരൂക്ഷിത മാര്‍ഗങ്ങളിലൂടെ ഭീതി പടര്‍ത്തിയ മാവോയിസ്റ്റ് നീക്കങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്് കേരളത്തിന്റെ വനാതിര്‍ത്തികളിലും സാന്നിധ്യം പ്രകടമാക്കിയത്. ഇതോടൊപ്പമാണ് തീവ്രവാദ ആശയങ്ങളിലേക്ക് ആളെ ആകര്‍ഷിക്കാനുള്ള രഹസ്യ നീക്കങ്ങളും സജീവമായത്. ഈ പശ്ചാത്തലത്തിലായിരുന്നു കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തിലായവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കീഴടങ്ങിയവര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതാണ് പദ്ധതി.

മാവോയിസ്റ്റുകളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചാണ് കീഴടങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചത്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദേശിച്ചിട്ടുളളത്. ഉയര്‍ന്ന കമ്മിറ്റികളിലുള്ളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപയും നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക. തങ്ങളുടെ ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഉദാഹരണമായി എ കെ 47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്നു വിഭാഗത്തിലും പെട്ട വീടില്ലാത്തവര്‍ക്ക് സര്‍ക്കാറിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദേശമുണ്ട്. ഈ കീഴടങ്ങല്‍ പദ്ധതിയുടെ വിജയമാണ് കബനിദളം ഡെപ്യൂട്ടി കമാന്‍ഡന്റ് വിജേഷിന്റെ കീഴടങ്ങലിലൂടെ പ്രകടമായതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

രാമു, രമണ്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന 37 കാരനായ ലിജേഷ് തിങ്കളാഴ്ച രാത്രി പത്തിന് വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് അര്‍വിന്ദ് സുകുമാറിന് മുമ്പിലാണു കീഴടങ്ങിയത്. പുല്‍പ്പള്ളി അമരക്കുനി സ്വദേശിയായ ലിജേഷ് കഴിഞ്ഞ ഏഴ് വര്‍ഷമായി മാവോയിസ്റ്റ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ മാവോയിസ്റ്റുകള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ വിജയമാണിതെന്ന് ഉത്തരമേഖലാ ഐ ജി. അശോക് യാദവ് പറഞ്ഞു. കൂടുതല്‍ ചെറുപ്പക്കാര്‍ ആയുധവും അക്രമവും, പൗരന്മാര്‍ക്കും രാജ്യസുരക്ഷക്കും ഭീഷണിയായ ഭീകരപ്രവര്‍ത്തനവും ഉപേക്ഷിച്ച് മുഖ്യധാരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ മാവോയിസത്തിന് യാതൊരു ഭാവിയും പ്രയോജനവും ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ആ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കീഴടങ്ങിയതെന്ന് ലിജേഷ് പറഞ്ഞു. കുറേ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന പ്രസ്ഥാനമാണതെന്നും ലിജേഷ് കൂട്ടിച്ചേര്‍ത്തിരുന്നു.

2004 സെപ്തംബര്‍ 21ന് കെ സീതാരാമയ്യയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയും തമ്മില്‍ ലയിച്ചുചേര്‍ന്നുണ്ടായ പാര്‍ട്ടിയാണ് സി പി ഐ (മാവോയിസ്റ്റ്). 2005 മുതല്‍ ഇവര്‍ പോലീസ് താവളങ്ങള്‍ക്കുനേരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. 2005ല്‍ ജഹാനാബാദിലെ ജയില്‍ തകര്‍ക്കല്‍, 2007ല്‍ ദന്തെവാദ ജയില്‍ തകര്‍ക്കല്‍, 2007ല്‍ ജാംഷഡ്പൂരില്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എം പിയായ സുനില്‍ മഹാതോയുടെ കൊലപാതകം തുടങ്ങി ആക്രമണ സംഭവങ്ങള്‍ നിരവധിയാണ്. ഓരോ വര്‍ഷവും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ നൂറുക്കണക്കിനു പേര്‍ കൊല്ലപ്പെടാറുണ്ടെങ്കിലും അതില്‍ ഒരാള്‍പോലും അവര്‍ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിച്ച ഫ്യൂഡല്‍ പ്രഭുക്കളോ മറ്റോ ഉണ്ടായിരുന്നില്ല. ഒരു ഭീകരവാദ പ്രസ്ഥാനം മാത്രമായി സംഘടന അധപതിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.

മഞ്ചിക്കണ്ടിയിലും വയനാടന്‍ മലനിരകളിലും നിലമ്പൂര്‍ വനപ്രദേശങ്ങളിലുമൊക്കെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായതോടെയാണ് കേരളം ഇക്കാര്യത്തില്‍ ജാഗ്രത ആരംഭിച്ചത്. പശ്ചിമ ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ വിവിധ സര്‍ക്കാറുകള്‍ നടത്തിയ വേട്ടയാടലില്‍ നിന്ന് ഓടിയൊളിക്കേണ്ടി വന്നതു മൂലമാണ് അവര്‍ കേരളത്തില്‍ എത്തിയത്. പശ്ചിമ ബംഗാളില്‍ ഇടതു ഭരണം അട്ടിമറിച്ച സിംഗൂര്‍, നന്ദിഗ്രാം പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ മാവോയിസ്റ്റുകളെ മുന്നില്‍ നിര്‍ത്തിയാണ് അവിടെ സി പി എം വിരുദ്ധ മഴവില്‍ സഖ്യം ഉയര്‍ന്നുവന്നത്. നൂറിലേറെ സി പി എം പ്രവര്‍ത്തകരെ അവിടെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. അതിനാല്‍ കേരളത്തില്‍ സി പി എമ്മും ഇടതു സര്‍ക്കാറും മാവോയിസ്റ്റ് സാന്നിധ്യത്തെ ഏറ്റവും ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest