From the print
കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി.

തിരുവനന്തപുരം | സമ്പൂര്‍ണ സാക്ഷരത നേടി രാജ്യത്തിന് അഭിമാനമായ കേരളം മറ്റൊരു നേട്ടത്തില്‍. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കുമെന്നും ഇത്തരം സംവിധാനങ്ങള്‍ സാര്‍വത്രികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സാക്ഷരതയുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും സാമൂഹിക മാധ്യമ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയാന്‍ പരിശീലനം നല്‍കും. ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കെ ഫോണിലൂടെ ഇതിനകം ഒന്നേകാല്‍ ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകളും സജ്ജമാക്കി. നഗരഗ്രാമ വ്യത്യാസമില്ലാതെയാണ് ഇത്തരം സേവനങ്ങള്‍ നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവ ഡിജിറ്റല്‍ സാക്ഷരനായ എറണാകുളത്തെ 105 വയസ്സുകാരന്‍ അബ്ദുല്ല മൗലവിയുമായി മുഖ്യമന്ത്രി വീഡിയോകോളിലൂടെ സംസാരിച്ചു. മന്ത്രി എം ബി രാജേഷ് വീട്ടിലെത്തി സമ്മാനിച്ച ഫോണിലാണ് അബ്ദുല്ല മൗലവി മുഖ്യമന്ത്രിയുമായി സംസാരിച്ചത്.
75കാരായ ശാരദാ കാണിയും വിശാലാക്ഷിയും മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ സെല്‍ഫിയെടുത്തു. പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉപഹാരങ്ങള്‍ നല്‍കി. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ റിപോര്‍ട്ട് മന്ത്രി എം ബി രാജേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഡി സുരേഷ് കുമാറിന് കൈമാറി.
ഡിജി കേരളം രണ്ടാം ഘട്ട പദ്ധതി സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുല്ല അവതരിപ്പിച്ചു. രണ്ടാം ഘട്ട പദ്ധതിയുടെ രേഖ ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സി ഇ ഒയുമായ എസ് ഡി ഷിബുലാല്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമക്ക് കൈമാറി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മേയര്‍ ആര്യാ രാജേന്ദ്രന്‍, വകുപ്പ് ഡയറക്ടര്‍ അപൂര്‍വ ത്രിപാഠി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി ഹരികുമാര്‍ സംബന്ധിച്ചു.