Editorial
വീണ്ടും തലകുനിച്ച് കേരളം
രാം നാരായണന്റെ ദാരുണ മരണത്തിന് ഉത്തരവാദി മര്‍ദകര്‍ മാത്രമല്ല, അതില്‍ മൗനം പാലിക്കുകയും കണ്ടാസ്വദിക്കുകയും ചെയ്യുന്ന സമൂഹം കൂടിയാണ്.
സമൂഹ മനസ്സാക്ഷിയെ നടുക്കിയ സംഭവമാണ് വാളയാര്‍ അട്ടപ്പള്ളത്തെ ആള്‍ക്കൂട്ടക്കൊല. കുടുംബത്തെ പോറ്റാനാണ് ഛത്തിസ്ഗഢിലെ ബിലാസ്പൂരില്‍ നിന്ന് രാം നാരായണന്‍ ഭയ്യാര്‍ കേരളത്തിലെത്തിയത്. വാളയാറിലെ സദാചാര പോലീസണിഞ്ഞ കേരളത്തിന്റെ മക്കള്‍ അദ്ദേഹത്തിന് സമ്മാനിച്ചത് അതിക്രൂര മര്‍ദനങ്ങളും. സംസ്ഥാനത്ത് ഇതാദ്യമല്ല ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും. എന്നാല്‍ വാളയാറില്‍ നടന്നത് അതിന്റെ ഏറ്റവും ഭീകര രൂപമായിരുന്നു.
ആയിരക്കണക്കിനു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തെങ്കിലും ഇത്രയുമേറെ മര്‍ദനമേറ്റ മൃതശരീരം ആദ്യമായാണ് കാണുന്നതെന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയത്. മര്‍ദനത്തില്‍ രാം നാരായണന്റെ കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടി വരെ തകര്‍ന്നു. വാരിയെല്ലുകളും നട്ടെല്ലും നുറുങ്ങി. പുറംഭാഗം മുഴുക്കെ വടികൊണ്ട് അടിച്ചു പൊളിച്ചു. ചവിട്ടിയതിന്റെയും നിലത്ത് വലിച്ചിഴച്ചതിന്റെയും അടയാളങ്ങളുണ്ട് ശരീരത്തില്‍. മര്‍ദനമേല്‍ക്കാത്ത ഒരു ഭാഗവുമില്ല. മരണശേഷവും മര്‍ദനം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ഇരുപതോളം പേര്‍ രാം നാരായണനു ചുറ്റുമുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
വാളയാര്‍ അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കുഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കായാണ് നാരായണന്‍ ഭയ്യാര്‍ പാലക്കാട്ടെത്തിയത്. സംഭവം നടന്ന ബുധനാഴ്ച വഴിതെറ്റിയാണ് അദ്ദേഹം അട്ടപ്പള്ളം ഭാഗത്തെത്തിയതെന്നാണ് സൂചന. അപരിചിതനായ വ്യക്തിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ മോഷ്ടാവാണെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇരയുടെ കൈവശം മോഷണ വസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ചോദ്യം ചെയ്യലും ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നു. അതിനിടെ മര്‍ദകരില്‍ ഒരാള്‍ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചു. അതേ എന്ന് മറുപടി ലഭിച്ചതോടെ മര്‍ദനത്തിന് ആക്കംകൂടി. തുടര്‍ന്ന് ഒന്നര മണിക്കൂറോളം രാം നാരായണന്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും മര്‍ദനത്തിന്റെ കാഠിന്യം മൂലം അധികം താമസിയാതെ മരണപ്പെട്ടു. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് രാം നാരായണന്.
ഏഴ് വര്‍ഷം മുമ്പ് അട്ടപ്പാടി മധുവിനു നേരെ നടന്ന ഗുണ്ടായിസത്തെ അനുസ്മരിപ്പിക്കുന്നു ഈ സംഭവം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിക്കടുത്ത കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകള്‍ തല്ലിക്കൊന്നത്. വാളയാര്‍ സംഭവത്തിനു പക്ഷേ ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലകളെപ്പോലെ വര്‍ഗീയചുവ കൂടിയുണ്ട്. നാരായണന്‍ ഭയ്യാര്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നറിഞ്ഞതോടെയാണ് മര്‍ദനത്തിന് കാഠിന്യമേറിയത്. ബംഗ്ലാദേശി എന്നു കേള്‍ക്കുമ്പോഴേക്ക് ഒരു പ്രത്യേക സമുദായക്കാരനെന്ന പൊതുബോധം നിലവിലുണ്ടല്ലോ രാജ്യത്ത്. വാളയാറിലെ അക്രമി സംഘം സംഘ്പരിവാര്‍ അനുഭാവികളാണെന്നതും ശ്രദ്ധേയം. കോണ്‍ഗ്രസ്സ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചതു പോലെ, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടപ്പാക്കിയ പച്ചയായ വര്‍ഗീയാക്രമണമാണിതെന്ന് സന്ദേഹിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമൂഹിക പുരോഗതിയിലും മുന്‍പന്തിയിലെന്ന് അഭിമാനം കൊള്ളാറുണ്ട് കേരളീയ സമൂഹം പലപ്പോഴും. അട്ടപ്പാടി, വാളയാര്‍ പോലുള്ള സംഭവങ്ങള്‍ ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നു. അക്ഷരാഭ്യാസവും ഡിഗ്രിയുമല്ല വിദ്യാഭ്യാസത്തിന്റെ മേന്മ നിര്‍ണയിക്കേണ്ടത്. സഹജീവി സ്നേഹം, മൂല്യബോധം, നിയമ വാഴ്ചയോടുള്ള ആദരവ് തുടങ്ങിയവ കൂടി മാനദണ്ഡമാക്കിയാണ്. നിരപരാധിയായ ഒരു വ്യക്തിയെയാണ് വാളയാര്‍ ആള്‍ക്കൂട്ടം മോഷ്ടാവ് മുദ്രയടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. നിയമപാലനം രാജ്യത്ത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കു കടന്നു കയറി ഇടപെടാന്‍ സമൂഹത്തിനോ വ്യക്തികള്‍ക്കോ അവകാശമില്ല. അക്രമം നടക്കുമ്പോള്‍ കണ്ട് നില്‍ക്കുന്ന നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ച് ഇരയെ രക്ഷിക്കുന്നതിനു പകരം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നുവെന്നതും നമ്മുടെ സാമൂഹിക അവബോധത്തിന്റെ ജീര്‍ണതയിലേക്ക് വിരല്‍ ചൂണ്ടുന്നു. രാം നാരായണന്റെ ദാരുണ മരണത്തിന് ഉത്തരവാദി മര്‍ദകര്‍ മാത്രമല്ല, അതില്‍ മൗനം പാലിക്കുകയും കണ്ടാസ്വദിക്കുകയും ചെയ്യുന്ന സമൂഹം കൂടിയാണ്.
മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് നാട്ടുകാര്‍ നിരപരാധികളെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ വേറെയും ധാരാളം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, മാനസികാരോഗ്യ പ്രശ്നമുള്ളവര്‍ തുടങ്ങിയവരാണ് കൂടുതലും ഇത്തരം ക്രൂരതകള്‍ക്ക് വിധേയമാകുന്നത്. ഭാഷയും വേഷവും താമസസ്ഥലവുമെല്ലാം സംശയത്തിന് പ്രേരകമാകുന്നു. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍, വികാരഭരിതമാക്കുകയും വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്ന തലക്കെട്ടുകള്‍, വ്യാജ വീഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും വഴി മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
നീതി കൈയിലെടുക്കുന്ന സമൂഹം ഒടുവില്‍ നിയമരാഹിത്യത്തിലേക്കാണ് വീഴുന്നത്. ഇന്ന് മോഷ്ടാവെന്ന സംശയത്തില്‍ ഒരാളെ മര്‍ദിക്കുന്നവര്‍ നാളെ മറ്റൊരാള്‍ക്ക് നേരെയും തെരുവുനിയമം പ്രയോഗിക്കും. ആരും സുരക്ഷിതരല്ലാത്ത അവസ്ഥ വന്നുചേരും സമൂഹത്തില്‍. നീതി ജനക്കൂട്ടത്തിന്റെ കൈയിലാകരുത്. ഭരണകൂട നിയമ സംവിധാനത്തിലൂടെയാണ് അത് നടപ്പാകേണ്ടത്. വാളയാര്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്. പിടിയിലായ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും കണ്ടെത്തേണ്ടതാണ്. സംഘ്പരിവാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ പലപ്പോഴും മെല്ലെപ്പോക്കു നയമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാറുള്ളത്. വാളയാര്‍ കേസില്‍ അത് സംഭവിക്കരുത്.





