National
കരൂര്‍ ദുരന്തം: ടിവികെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി
വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനാണ് ജീവനൊടുക്കിയത്.

ചെന്നൈ| കരൂര്‍ ദുരന്തത്തെത്തുടര്‍ന്ന് നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പന്‍ ജീവനൊടുക്കി. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്. സെന്തില്‍ ബാലാജിയുടെ സമ്മർദം കാരണം വിജയ്‌യുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്.
വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു വി അയ്യപ്പന്‍. പിന്നീട് വിജയ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിയാകുകയായിരുന്നു. കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് മതിയഴകനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)