National
വിധാൻ സൗധയിലും എംഎൽഎ ഹോമിലും തെരുവ് നായ ശല്യം രൂക്ഷം; സ്പീക്കർക്ക് പരാതി നൽകി എംഎൽഎമാർ
ഡൽഹിയിലെ തെരുവുകളിൽ നിന്ന് നായകളെ മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ കർണാടകയിലെ എംഎൽഎമാർ ഈ ആവശ്യമുന്നയിച്ച് സ്പീക്കർ യു ടി ഖാദറിനെ സമീപിച്ചു.

ബംഗളൂരു | വിധാൻ സൗധയും എംഎൽഎ ഹോമും തെരുവ് നായകളുടെ ശല്യം കാരണം ദുരിതത്തിലാണെന്ന് കർണാടക നിയമസഭാംഗങ്ങൾ. ഡൽഹിയിലെ തെരുവുകളിൽ നിന്ന് നായകളെ മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ കർണാടകയിലെ എംഎൽഎമാർ ഈ ആവശ്യമുന്നയിച്ച് സ്പീക്കർ യു ടി ഖാദറിനെ സമീപിച്ചു.
ശൂന്യവേളയിലാണ് ജെഡി(എസ്) നിയമസഭാ കക്ഷി നേതാവ് സി ബി സുരേഷ് ബാബു ഈ വിഷയം സഭയിൽ ഉന്നയിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ബാധകമാക്കണമെന്നും നായകളെ മാറ്റിപ്പാർപ്പിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു.
സുപ്രീം കോടതിയുടെ ഉത്തരവ് ഇന്ത്യയിലുടനീളം ബാധകമാക്കണമെന്ന് മുതിർന്ന ബിജെപി എംഎൽഎ എസ് സുരേഷ് കുമാറും ആവശ്യപ്പെട്ടു. ആറ് മാസത്തിനുള്ളിൽ ബംഗളൂരുവിൽ 18,000 നായ കടി കേസുകളും 18 പേർക്ക് പേവിഷബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഉത്തരവ് ബംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിലും വിധാന സൗധയിലും ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരുവ് നായകളുടെ ശല്യം കാരണം എംഎൽഎ ഹോമിലെ വാതിലുകൾ തുറന്നിടാൻ കഴിയുന്നില്ലെന്ന് ബിജെപി എംഎൽഎ ഉമനാഥ് കോട്ടിയാൻ പറഞ്ഞു. നായകൾ വാതിൽ പായകളിൽ മൂത്രമൊഴിക്കുന്നു. പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല – അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാരിൽ ചിലർ നായകൾക്ക് അനുകൂലമായതുകൊണ്ട് തനിക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സ്പീക്കർ യു ടി ഖാദർ അറിയിച്ചു. എന്നാൽ വിധാൻ സൗധയെയും എംഎൽഎ ഹോമിനെയും നായകളിൽ നിന്ന് രക്ഷിക്കണമെന്ന് എംഎൽഎമാർ അഭ്യർത്ഥിച്ചു.