Connect with us

K Muraleedharan

നോട്ടീസ് ബോധപൂര്‍വം അപമാനിക്കൽ; ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ

പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പറയുകയാണെങ്കില്‍ നിര്‍ത്താന്‍ തയ്യാറാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തനിക്ക് നോട്ടീസ് നല്‍കിയത് ബോധപൂര്‍വം അപമാനിക്കാനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഡൽഹിയിൽ പറഞ്ഞു. പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കെ പി സി സി പ്രസിഡന്റിന് നേരിട്ട് വിളിച്ചു പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് നോട്ടീസ്. കെ സുധാകരൻ നേരിട്ടും ഫോണിലൂടേയും പറഞ്ഞിട്ടില്ല. അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പറയുകയാണെങ്കില്‍ നിര്‍ത്താന്‍ തയ്യാറാണ്. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അത്തരത്തില്‍ ഒരു സംതൃപ്തി അദ്ദേഹത്തിന് കിട്ടിയെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും മുരളീധരൻ തുറന്നടിച്ചു.

കഴിഞ്ഞ ദിവസമാണ് എം പിമാരായ കെ മുരളീധരനും എം കെ രാഘവനും പരസ്യ വിമർശം പാടില്ലെന്ന് കാണിച്ച് കെ പി സി സി നേതൃത്വം കത്ത് നല്‍കിയത്. പാര്‍ട്ടിക്കെതിരെ പൊതു വേദിയില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുവര്‍ക്കും കത്തയച്ചത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമാണ് എംകെ രാഘവന് നല്‍കിയിരിക്കുന്നത്.