Thrikkakara by-election
തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് ജോ ജോസഫ്
ഇടതുപക്ഷമാണ് തന്റെ രാഷ്ട്രീയം; എല്ലാ മനുഷ്യരുടേയും വോട്ട് വേണം

കൊച്ചി | തൃക്കാക്കരയില്‍ വിജയം എല്‍ ഡി എഫിന് സുനിശ്ചിതമെന്ന് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കോന്നിയും പാലയും വട്ടിയൂര്‍കാവും ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയിക്കാനായെങ്കില്‍ തൃക്കാക്കരയിലും അത് ഉറപ്പാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എക്കാലവും എല്‍ ഡി എഫിനൊപ്പം ചേര്‍ന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പഠന കാലം മുതല്‍ രാഷ്ട്രീയം തന്നോടൊപ്പമുണ്ടായിരുന്നു. നിലവില്‍ താന്‍ പാര്‍ട്ടി മെമ്പറാണ്. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ ഒരു സാമുദായിക സംഘടനയുടേയും ഇടപെടലില്ല. സഭയുടെ ഇടപെടലുമുണ്ടായില്ല. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ ആദ്യം അറിയേണ്ടത് മാധ്യമങ്ങളാണ്. തനിക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും വോട്ട് വേണം. ഞാന്‍ എല്ലാവരുടേയും സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളത്തിന് അനുയോജ്യമായ ഒരു പ്രൊജക്ടാണ് കെ റെയില്‍. എന്നും വികസന രാഷ്ട്രീയത്തിനൊപ്പമാണ് താന്‍. അപ്രതീക്ഷിതമായാണ് തന്റെ സ്ഥാനാര്‍ഥിത്വം. ഇന്ന് രാവിലെയാണ് താന്‍ പാര്‍ട്ടി തീരുമാനം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.