Palakkad
കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ
കിലോക്ക് 5,000 രൂപ കടന്നു.
പാലക്കാട് | കുതിച്ചുയര്‍ന്ന് മുല്ലപ്പൂവ്, രണ്ടാഴ്ചക്കിടെ വിലയുയര്‍ന്നത് 3,000 രൂപക്ക് മുകളില്‍. നിലവില്‍ കിലോക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്പ് 1,000 രൂപയായിരുന്നു. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500, 4,000 രൂപ വരെ വിലയുണ്ടെന്നും പാലക്കാട്ടെ വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ കനത്ത മഴയും കേരളത്തില്‍ മഞ്ഞുവീഴ്ച നേരത്തേ തുടങ്ങിയതുമാണ് മുല്ലപ്പൂ ഉത്പാദനത്തെ ബാധിച്ചത്.
തമിഴ്‌നാട്ടിലെ സത്യമംഗലം, കോയമ്പത്തൂര്‍, നരക്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മുല്ലപ്പൂവെത്തുന്നത്. പാലക്കാട്ടെ അതിര്‍ത്തി പഞ്ചായത്തായ വടകരപ്പതിയിലടക്കം പ്രാദേശികമായി കുറ്റിമുല്ല കൃഷി ചെയ്യുന്നവരുണ്ട്. സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉത്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂവ് തഴച്ചുവളരുക. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും. ഒരേക്കറില്‍ 2,530 കിലോ പൂവ് കിട്ടിയിരുന്നിടത്ത് ആറ് കിലോ പോലും കിട്ടുന്നില്ലെന്നും കർഷക പ്രസീത പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് മൂന്നിലൊന്നായി കുറഞ്ഞെന്ന് പാലക്കാട്ടെ വ്യാപാരികള്‍ പറയുന്നു. ഒരു കടയിലേക്ക് പത്ത് കിലോ പൂവെത്തിയിരുന്നത് മൂന്ന് കിലോയായി കുറഞ്ഞിട്ടുണ്ട്. വിവാഹ മുഹൂര്‍ത്തങ്ങളടക്കം വരാനിരിക്കുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നും വ്യാപാരികൾ പറഞ്ഞു.



