Kozhikode
ജാമിഅതുല്‍ ഹിന്ദ്; പരീക്ഷകൾക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി
ഇത്തവണ മുതല്‍ പുതിയ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സിസ്റ്റം പ്രകാരമാണ് പരീക്ഷകള്‍ നടത്തുന്നത്
കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ 2025- 26 അദ്ധ്യയന വര്‍ഷത്തെ ഒന്നാം സെമസ്റ്റര്‍ ( ഓഡ് സെമസ്റ്റർ) പരീക്ഷകള്‍ക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. അടുത്ത മാസം 3 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. തുടര്‍ന്ന്, ലേറ്റ് അപ്ലിക്കേഷനായി നവംബര്‍ 4 മുതല്‍ 6 വരെയും അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്ന് ജാമിഅതുല്‍ ഹിന്ദ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം 22 മുതല്‍ 27 വരെ പരീക്ഷകള്‍ നടക്കുന്നതാണ്.
ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി- 3 വര്‍ഷം), ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി- 2 വര്‍ഷം), ബാച്ച്‌ലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (ബി ഐ എസ് സി), മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (എം ഐ എസ് സി) എന്നീ കോഴ്‌സുകള്‍ക്കുള്ള പരീക്ഷാ അപേക്ഷയാണ് സ്വീകരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി മുഴുവന്‍ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ബി എസ് 1, 2, 3 വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണ മുതല്‍ പുതിയ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സിസ്റ്റം (സി ബി സി എസ്) പ്രകാരമാണ് പരീക്ഷകള്‍ നടത്തുന്നത്.
അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് നവംബര്‍ 15 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഇതിനായി വിദ്യാര്‍ത്ഥികള്‍ അവരുടെ ഏറ്റവും പുതിയ ഫോട്ടോ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും കൺട്രോളർ അറിയിച്ചു. എല്ലാ ബാച്ചുകളുടേയും ഇന്റേണല്‍ മാര്‍ക്ക് എന്‍ട്രി നവംബര്‍ 6 മുതല്‍ 25 വരെ നടത്താവുന്നതാണ്. മാര്‍ക് എന്‍ട്രി ചെയ്യാത്തവര്‍ പരീക്ഷയില്‍ വിജയിച്ചതായി കാണിക്കില്ല.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും ബി എസ് 1, 2, 3 വര്‍ഷ വിദ്യാര്‍ത്ഥികളും അപേക്ഷിക്കുന്നതിനായി രജിസ്‌ട്രേഷന്‍ നമ്പര്‍ യൂസര്‍ ഐഡിയായും ജനന തീയ്യതി പാസ് വേര്‍ഡായും നല്‍കി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. ഇത് വിദ്യാർത്ഥികൾ തന്നെയാണ് ചെയ്യേണ്ടത്. ശേഷം പ്രിൻസിപ്പൽ അപ്രൂവ് ചെയ്യണം. ബി എസ് 4, 5 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ അപേക്ഷ സമര്‍പ്പിക്കേണ്ടത് സ്ഥാപനങ്ങളാണ്. രണ്ടു സംവിധാന പ്രകാരവും ഫീ അടക്കേണ്ടത് പ്രിൻസിപ്പൽമാരായിരിക്കും.
ബാച്ച്‌ലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (ബി ഐ എസ് സി), മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക്
സയന്‍സ് (എം ഐ എസ് സി) എന്നീ കോഴ്‌സുകളിലെ വിഷയങ്ങളില്‍ നിര്‍ണിത ഭാഗങ്ങളില്‍ നിന്നാണ് പരീക്ഷ നടക്കുന്നത്. ഈ ഭാഗങ്ങള്‍ ജാമിഅയുടെ വെബ്‌സൈറ്റില്‍ പരീക്ഷയുടെ 20 ദിവസം മുമ്പ് ലഭിക്കുമെന്നും ഫീസ് നിരക്കുകളും മറ്റ് വിവരങ്ങളും https://jamiathulhind.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷാ സംബന്ധിയായി വിശദമായ സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ പുതിയ ചോയ്സ് ബേസ്ഡ് ക്രഡിറ്റ് സംവിധാനത്തെ പരിചയപ്പെടുത്താൻ ബുധനാഴ്ച മുതൽ ഓരോ ദാഇറയിലും പ്രത്യേകം ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കും. ക്രഡിറ്റ് സംവിധാനത്തിൻ്റെ മാന്വലും ജാമിഅ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



