Connect with us

Lokavishesham

പേടിക്കേണ്ടത് ഇസ്‌റാഈൽ തന്നെ

ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ സന്നാഹമാണ് ഇറാൻ നടത്തുന്നത്. അടിച്ചാൽ തിരിച്ചടിക്കാൻ ഇസ്‌റാഈലും തയ്യാറെടുക്കുന്നു. പശ്ചിമേഷ്യക്ക് മേൽ യുദ്ധഭീതി പെയ്തിറങ്ങുകയാണ്. ഗൾഫിലെ തൊഴിൽ നഷ്ടമായും വ്യാപാര പരാജയമായും കേരളത്തിലെ അടുക്കളയിൽ വരെയെത്തിയേക്കാവുന്ന മിസൈലുകൾ! മൂന്നാം ലോകമഹായുദ്ധമായി മാറിയേക്കാവുന്ന ഏറ്റുമുട്ടൽ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം അമേരിക്കയിലും ഇസ്‌റാഈലിലും മാത്രം നിക്ഷിപ്തമായിരിക്കും.

Published

|

Last Updated

“ഞങ്ങൾ ഇസ്‌റാഈലിന്റെ സംരക്ഷണത്തിൽ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ ഇസ്‌റാഈലിനെ പിന്തുണക്കും. ഞങ്ങൾ ഇസ്‌റാഈലിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കും. ഇറാന്റെ ഭീഷണി ജയിക്കാൻ പോകുന്നില്ല’- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളാണിത്. ഓരോ വാചകത്തിലും ഇസ്‌റാഈൽ എന്ന് ഉച്ചരിക്കുകയും സംരക്ഷിക്കുമെന്ന പ്രഖ്യാപനം മൂന്ന് വട്ടം ആവർത്തിക്കുകയും ചെയ്തിട്ട് ഇറാനോട് പറയുകയാണ്, നിങ്ങൾ ആക്രമണത്തിന് മുതിരരുത്; സംയമനം പാലിക്കണമെന്ന്.

പശ്ചിമേഷ്യയിൽ നടക്കുന്ന എല്ലാ സംഘർഷങ്ങളുടെയും അടിസ്ഥാന കാരണം ഈ വാചകങ്ങളിലുണ്ട്. ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ച് ഏഴ് ഇറാൻ റെവല്യൂഷനറി ഗാർഡുകളെ വധിച്ച ഇസ്‌റാഈലിനെ അപലപിക്കാൻ ഇന്നുവരെ യു എസ് പ്രസിഡന്റ് തയ്യാറായിട്ടില്ല.

സ്വാഭാവികമായും ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ താക്കീതിന്റെ സ്വരം തന്നെ പുറത്തെടുത്തു: “ദമസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണം ഇറാനെ ആക്രമിക്കുന്നതിന് തുല്യമാണ്. തക്കതായ മറുപടി നൽകും’. ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ സന്നാഹമാണ് ഇറാൻ നടത്തുന്നത്. അടിച്ചാൽ തിരിച്ചടിക്കാൻ ഇസ്‌റാഈലും തയ്യാറെടുക്കുന്നു. സർവായുധ സജ്ജമായി അമേരിക്കൻ യുദ്ധക്കപ്പലുകൾ കാത്തിരിക്കുന്നുണ്ട്. പശ്ചിമേഷ്യക്ക് മേൽ യുദ്ധഭീതി പെയ്തിറങ്ങുകയാണ്. ഗൾഫിലെ തൊഴിൽ നഷ്ടമായും വ്യാപാര പരാജയമായും കേരളത്തിലെ അടുക്കളയിൽ വരെയെത്തിയേക്കാവുന്ന മിസൈലുകൾ!

ഇത്തവണ ഇറാനല്ല

ഇസ്‌റഈലിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആഭ്യന്തരവും ബാഹ്യവുമായ നിരവധി പരിമിതികൾ ഇറാനുണ്ട്. ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട് വലിയ ഉപരോധം ആ രാജ്യം ഇപ്പോൾ അനുഭവിക്കുന്നുണ്ട്. അമേരിക്കൻ ആയുധബലത്തിൽ പുളയ്ക്കുന്ന ഇസ്‌റാഈലിനോട് നേരിട്ട് മുട്ടുമ്പോൾ ഇറാന്റെ, സാമ്പത്തിക സൈനിക കരുത്ത് പര്യാപ്തമോ എന്ന ചോദ്യം ശിഈ രാജ്യത്തിന്റെ സുഹൃത്തുക്കൾതന്നെ ഉന്നയിക്കുന്നുമുണ്ട്.

ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ മേഖലയിലുണ്ടാക്കിയ മേൽക്കൈ നഷ്ടപ്പെടുത്തി മുന്നോട്ട് പോകാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. യുദ്ധത്തിലേക്ക് നീങ്ങിയാൽ അത് ഇറാനിലും ഇസ്‌റാഈലിലുമായി നിൽക്കില്ല. സിറിയയും ലബനാനും ഇറാഖും യമനുമെല്ലാം ഇരയാകും. ഫലസ്തീൻ ജനതയും ദുരിതം പേറേണ്ടി വരും. അറബ് രാജ്യങ്ങളിലും അനുരണനമുണ്ടാകും. ആഗോളതലത്തിൽ എണ്ണ പ്രതിസന്ധിയുമുണ്ടാകും. റഷ്യ, ചൈന, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവയുമായുള്ള ഊഷ്മളമായ ബന്ധം ബലികഴിക്കാനും ഇറാന് താത്പര്യമില്ല. ഇതെല്ലാം കണക്കിലെടുത്തു മാത്രമേ ഇറാന് തീരുമാനമെടുക്കാനാകൂ.

ഗസ്സക്കെതിരായ വംശഹത്യാ ആക്രമണത്തെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചില പരോക്ഷ നീക്കങ്ങളിൽ പങ്കു ചേരുകയും ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് ആക്രമണത്തിന് ഇറാൻ മുതിർന്നിട്ടില്ല. പക്ഷേ, ഇത്തവണ ഇറാന് അടങ്ങിയിരിക്കാനാകില്ല. അത്ര വലിയ അടിയാണ് ആ രാജ്യത്തിന് കിട്ടിയിരിക്കുന്നത്. ഇതിനോട് പ്രതികരിച്ചില്ലെങ്കിൽ ആഭ്യന്തരമായി വലിയ വിമർശമാകും ഇറാൻ ഭരണകൂടത്തിന് ഏൽക്കേണ്ടി വരിക. എന്തെങ്കിലും ചെയ്‌തേ തീരൂ. ഇങ്ങനെ സംഘർഷത്തിന്റെ നടുവിലേക്ക് ഇറാനെ വലിച്ചെറിഞ്ഞ ശേഷം നിങ്ങൾ സംയമനം പാലിക്കണമെന്ന് പറയുന്നതിനേക്കാൾ വലിയ തമാശയുണ്ടോ? ഇസ്‌റാഈലിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പറയുന്ന അമേരിക്ക “ഡോൺണ്ട് എസ്‌കലേറ്റ്’് എന്ന് ഇറാനോട് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ബെഞ്ചമിൻ നെതന്യാഹുവാണെങ്കിൽ ആക്രോശം തുരുകയാണ്. ഇറാനെ മുച്ചൂടും മുടിക്കുമെന്നാണ് ഭീഷണി.

ഇറാനെ കുറിച്ച് പല വിമർശങ്ങളുമുണ്ട്. ഇസ്‌ലാമിക് റവല്യൂഷൻ എന്ന പേരിൽ അവർ ആർജിച്ച സുസ്ഥിരത സഊദിക്കെതിരെയടക്കം വംശീയ കരുനീക്കങ്ങൾക്കും ഇറാഖിലും സിറിയയിലും ലബനാനിലും യമനിലും സ്വീധാനമുറപ്പിക്കാനുമാണ് ശിഈ രാജ്യം ഉപയോഗിച്ചത്. പല നിലകളിൽ നിഴൽ യുദ്ധങ്ങളിലും കുത്തിത്തിരിപ്പുകളിലും ആ രാജ്യം ഏർപ്പെട്ടിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും ഇപ്പോൾ പശ്ചിമേഷ്യ അകപ്പെടാൻ പോകുന്ന യുദ്ധാന്തരീക്ഷത്തിൽ ഇറാനെ കുറ്റവിമുക്തമാക്കിയേ തീരൂ. കഴിഞ്ഞ ഒക്‌ടോബർ ഏഴിന് ഇസ്‌റാഈലിനെ വിറപ്പിച്ച ഹമാസ് സായുധ നീക്കത്തിന് ശേഷം ഇറാനെ കളത്തിലിറക്കാൻ യു എസും ഇസ്‌റാഈലും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ആ ഗൂഢ പദ്ധതിയിലെ ഏറ്റവും പുതിയ ഇനമാണ് ഇറാൻ കോൺസുലേറ്റ് ആക്രമണം. ഗസ്സയിലെ ഇടതടവില്ലാത്ത വംശഹത്യയുടെ പല കാരണങ്ങളിലൊന്ന് യുദ്ധം വ്യാപിപ്പിക്കുകയെന്നതായിരുന്നു.

ബൈഡനും നെതന്യാഹുവിനും പിടിച്ചു നിൽക്കാൻ വലിയ യുദ്ധങ്ങൾ വേണം. ആയുധക്കച്ചവടക്കാർക്കും. അതുകൊണ്ട് പശ്ചിമേഷ്യയെ സമ്പൂർണ നാശത്തിലേക്ക് എടുത്തെറിയുന്ന, മൂന്നാം ലോകമഹായുദ്ധമായി മാറിയേക്കാവുന്ന ഒരു ബഹുരാഷ്ട്ര ഏറ്റുമുട്ടൽ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം അമേരിക്കയിലും ഇസ്‌റാഈലിലും മാത്രം നിക്ഷിപ്തമായിരിക്കും.

ഇറാൻ എന്തു ചെയ്യും?

ഇറാന്റെ മുന്നിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന്, ഇസ്‌റാഈലിനെ നേരിട്ട് ആക്രമിക്കുക.ഈ നീക്കം വിജയിക്കണമെങ്കിൽ ഇറാന്റെ സൈനിക ഇന്റലിജൻസ് കിറുകൃത്യതമായിരിക്കണം. ആക്രമിക്കുന്നത് സിവിലിയൻമാരെ ആകാതെ നോക്കണം. സൈനിക കേന്ദ്രങ്ങൾ തന്നെ ലക്ഷ്യമിടണം. അയേൺ ഡോം അടക്കമുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മറികടക്കണം. ആളപായം പരമാവധി കുറക്കണം. ലോകത്തിന്റെ പൊതു വികാരം എതിരാകാതെ നോക്കണമല്ലോ.

അഥവാ ആ സാധ്യത ഇറാൻ തിരഞ്ഞെടുക്കുകയും കൃത്യമായി അത് പൂർത്തിയാക്കുകയും ചെയ്താൽ ജൂത രാഷ്ട്രത്തിന്റെ അഹങ്കാരത്തിനേൽക്കുന്ന അടിയാകുമത്. ഒക്‌ടോബർ ഏഴിന് ഹമാസ് നൽകിയ ഷോക്കിൽ നിന്ന് ഇസ്‌റാഈൽ ഇപ്പോഴും മുക്തമായിട്ടില്ല.
പിന്നെയുള്ള സാധ്യത ഇസ്‌റാഈലിനെ പരോക്ഷമായി ആക്രമിക്കുകയെന്നതാണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലോ ലാറ്റിനമേരിക്കയിലോ ഉള്ള ഇസ്‌റാഈൽ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിക്കാം. ജൂലാൻ കുന്നുകളിലോ ഇറാഖിലെ ഇർബിലിലോ ഉള്ള ഇസ്‌റാഈൽ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കാം. ഇറാഖിൽ കുർദ് മേഖലയിലെ ഇസ്‌റാഈൽ ചാര കേന്ദ്രത്തിന് നേരെ ഈ വർഷം ജനുവരിയിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇന്നലെ ഇസ്‌റാഈലുമായി ബന്ധമുള്ള കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടത് ഈ രണ്ടാം ഓപ്ഷന്റെ ഭാഗമാണ്.
നിഴൽ യുദ്ധം പുതിയ കാര്യമല്ല.

ഇറാൻ ശക്തമായി തുടരുന്ന ഏർപ്പാടാണത്. ലബനാൻ കേന്ദ്രീകരിച്ച് ഹിസ്ബുല്ലയും യമനിലെ ഹൂത്തികൾ ചെങ്കടലിലും ഇറാഖി ഗ്രൂപ്പുകൾ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും നടത്തുന്ന സായുധ പ്രതികരണങ്ങളിൽ ഇറാന്റെ കൈയുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ജോർദാൻ- സിറിയ അതിർത്തിയിൽ ഈയിടെ മൂന്ന് യു എസ് സൈനികർ കൊല്ലപ്പെട്ടത് രൂക്ഷമായ സംഘർഷത്തിന് വഴിമരുന്നിടുമെന്ന് ആശങ്കയുയർന്നെങ്കിലും വലിയ പ്രശ്‌നങ്ങളില്ലാതെ അത് കടന്നുപോയി. പുതിയ സാഹചര്യത്തിൽ ഇത്തരം പരോക്ഷ ആക്രമണങ്ങൾ വർധിക്കുമെന്നുറപ്പാണ്. അത് ഇറാൻ നേരിട്ട് ആസൂത്രണം ചെയ്യുന്നതാകാം. അല്ലാത്തതുമാകാം. ഗസ്സയിലെ മനുഷ്യത്വരഹിതമായ ഇസ്‌റാഈൽ ക്രൂരത മേഖലയിലെ സർവ സായുധ ഗ്രൂപ്പുകളെയും പോരാട്ടത്തിന്റെ വഴിയിലേക്കിറങ്ങാൻ നിർബന്ധിതമാക്കുന്നുണ്ട്. അത് ആരുടെയെങ്കിലും പിന്തുണയോടെയോ ചരടു വലിയിലോ സംഭവിക്കുന്നതല്ല.

ഒരേയൊരു വഴി

പശ്ചിമേഷ്യയെ സംഘർഷ മേഖലയാക്കരുതെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പേരും ഇപ്പോൾ സംസാരിക്കേണ്ടത് ഗസ്സയിലെ മനുഷ്യരെ കുറിച്ച് തന്നെയാണ്. ഗസ്സയിൽ ഇസ്‌റാഈൽ വംശഹത്യ ഏഴാം മാസത്തിലേക്ക് നീണ്ടിരിക്കുകയാണ്. യു എൻ രക്ഷാ സമിതി വെടിനിർത്തൽ പ്രമേയം പാസ്സാക്കിയിട്ടും ഖത്വർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ പല വട്ടം ചർച്ചകൾ നടത്തിയിട്ടും കൊടും ക്രൂരത അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. സയണിസ്റ്റ് രാഷ്ട്രത്തിന്റെ എല്ലാ നെറികേടുകൾക്കും നരനായാട്ടിനും അധിനിവേശത്തിനും കൂട്ടുനിൽക്കുന്ന അമേരിക്ക പറയുന്നത് കേൾക്കാൻ പോലും ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരുക്കമല്ല. ഗസ്സയെ പൂർണമായി ഒഴിപ്പിച്ചെടുത്ത് പാവ സർക്കാറിനെ വാഴിക്കുകയെന്ന പദ്ധതി പൂർത്തിയാക്കാനാകാതെ വിയർക്കുന്ന നെതന്യാഹുവിന്റെ വാർ ക്യാബിനറ്റിനെയാണ് ആറ് മാസത്തിന് ശേഷവും കാണുന്നത്. അവശേഷിക്കുന്ന ഗസ്സക്കാർ മഴുവൻ പലായനം ചെയ്തുകൊള്ളുമെന്നായിരുന്നു നെതന്യാഹുവിന്റെ മനസ്സിലിരിപ്പ്.

ഇസ്‌റാഈലിന്റെ നെറികേടിനെതിരെ പ്രതികരിക്കുന്ന പൗരൻമാരോ സംഘടനകളോ ഇല്ലാത്ത, രാഷ്ട്രപദവിയില്ലാത്ത ഫലസ്തീനെയാണ് സയണിസ്റ്റുകൾക്ക് വേണ്ടത്. അൽ അഖ്‌സയിൽ പ്രാർഥിക്കാൻ ഇസ്‌റാഈലിന്റെ കാരുണ്യത്തിനായി വിശ്വാസികൾ കേഴുന്ന കാലം വരണമെന്നും ജൂത തീവ്രവാദികൾ ആഗ്രഹിക്കുന്നു. മരണത്തിലും പട്ടിണിയിലും ഒടുങ്ങാത്ത ദുരിതത്തിലും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഉമ്മമാരുടെ കരച്ചിലിലും ഉറ്റവർ നഷ്ടപ്പെട്ട മനുഷ്യരുടെ നിതാന്ത വേദനയിലും കണ്ണീർഭൂമിയായി മാറുമ്പോഴും ഗസ്സയിൽ പ്രതിരോധത്തിന്റെ കൂമ്പടയുന്നില്ല. ഒഴിഞ്ഞുപോകാൻ അവർ കൂട്ടാക്കുന്നുമില്ല. നയതന്ത്രതലത്തിലും വെടിനിർത്തൽ ചർച്ചകളിലും കീഴടങ്ങലിന്റെ സ്വരമല്ല ആ ജനത പുറത്തെടുക്കുന്നത്.

വംശഹത്യാപരമായ ആക്രമണത്തിന്റെ ഈ അർധവർഷത്തിലും അവർ സ്വന്തം രാജ്യത്തിനായുള്ള സ്വപ്നം ഉപേക്ഷിക്കുന്നില്ല. ലോകത്താകെയുള്ള മനുഷ്യ സ്‌നേഹികൾ ഈ മനുഷ്യരെ കൈയൊഴിയുന്നുമില്ല. യു എസിലെയും യു കെയിലെയും ഫ്രാൻസിലെയുമെല്ലാം വൻ നഗരങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടന്നുകൊണ്ടേയിരിക്കുന്നു. ലോകത്താകെ ഈ ജനതക്കായി പ്രാർഥനകൾ ഉയരുന്നു. സയണിസ്റ്റുകൾ ഇതെങ്ങനെ സഹിക്കും? നെതന്യാഹുവിനെതിരെ ഇസ്‌റാഈലിൽ ആഞ്ഞു വീശുന്ന പ്രതിഷേധക്കൊടുങ്കാറ്റ് മറികടക്കാൻ വഴിയൊന്നും കാണാതെയാണ് റഫ വളയുന്നത്; അഭയാർഥി ക്യാമ്പുകൾ ആക്രമിക്കുന്നത്; ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നത്.

ഇസ്‌റാഈലിനെ സംരക്ഷിക്കാൻ കൂടുതൽ യുദ്ധക്കപ്പലുകൾ അയക്കുകയല്ല അമേരിക്ക ചെയ്യേണ്ടത്. ഗസ്സ ആക്രമണം അവസാനിപ്പിക്കുക. സമ്പൂർണ വെടിനിർത്തൽ സാധ്യമാക്കുക. അത്രയേ വേണ്ടൂ. അപ്പോൾ ഹിസ്ബുല്ല ആക്രമണം നിർത്തും. ചെങ്കടലിലൂടെ കപ്പലുകൾ ശാന്തമായി കടന്നുപോകും. ഇറാൻ- ഇസ്‌റാഈൽ സംഘർഷം അടങ്ങും. ജീവിക്കാൻ അനുവദിച്ചു കൊണ്ടു മാത്രമേ ജീവിക്കാനാകൂ എന്ന് ഇസ്‌റാഈലിനെ ഉപദേശിക്കാൻ ജോ ബൈഡന് നട്ടെല്ലുണ്ടോ എന്നതാണ് ചോദ്യം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്