Connect with us

From the print

ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടു; തുറന്നുപറഞ്ഞ് നെതന്യാഹു

ഖത്വര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശം നേരിടുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

Published

|

Last Updated

തെല്‍ അവീവ് | ഗസ്സാ വംശഹത്യയും അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും രാജ്യത്ത് കടുത്ത സാമ്പത്തിക ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സക്ക് നേരെയുള്ള വംശഹത്യാ ആക്രമണം രണ്ട് വര്‍ഷത്തോടടുക്കുമ്പോഴാണ് നെതന്യാഹു ഇതാദ്യമായി ഇത്തരമൊരു തുറന്നുപറച്ചില്‍ നടത്തുന്നത്. ഖത്വര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശം നേരിടുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

ജറൂസലമില്‍ ധനമന്ത്രാലയത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ കോണ്‍ഫറന്‍സിലാണ് രാജ്യം സാമ്പത്തികമായി ഒറ്റപ്പെടുന്ന കാര്യം അദ്ദേഹം സമ്മതിച്ചത്. ടൈംസ് ഓഫ് ഇസ്റാഈലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ‘സ്വതന്ത്ര വ്യാപാരം എന്ന ആശയത്തെ പിന്തുണക്കുന്നയാളാണ് ഞാന്‍. പക്ഷേ, നമ്മുടെ ആയുധ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ മറ്റ് വഴികള്‍ കണ്ടെത്തണം. ഇവിടെ ആയുധ വ്യവസായങ്ങള്‍ വികസിപ്പിക്കണം. നമുക്ക് ആവശ്യമുള്ളത് ഉത്പാദിപ്പിക്കാനുള്ള ഗവേഷണം നടക്കണം. അങ്ങനെയാണ് ഒറ്റപ്പെടലിനെ മറികടക്കേണ്ടത്- നെതന്യാഹു പറഞ്ഞു.

‘മുസ്ലിംകളാണ് പ്രശ്നം’
മുസ്ലിം കുടിയേറ്റക്കാര്‍ വന്‍തോതില്‍ യൂറോപ്പിലെത്തിയതാണ് ഇസ്റാഈലിന് വിനയായതെന്ന് നെതന്യാഹു പറയുന്നു. അവര്‍ അവിടുത്തെ സര്‍ക്കാറുകളെ ഇസ്റാഈല്‍വിരുദ്ധ ദിശയിലേക്ക് നയിക്കുകയാണ്. അവരാണ് ഇസ്റാഈലുമായുള്ള പ്രതിരോധ കരാറുകള്‍ റദ്ദാക്കാന്‍ രാഷ്ട്ര നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ഗസ്സാ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഇസ്റാഈലുമായുള്ള വ്യാപാര, ആയുധ കരാറുകള്‍ വിവിധ രാജ്യങ്ങള്‍ റദ്ദാക്കിയത് ജൂതരാഷ്ട്രത്തിന് കനത്ത ആഘാതമാണുണ്ടാക്കിയത്.

ചൈനയും ഖത്വറുമാണ് ഇസ്റാഈല്‍ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്ന് നേരത്തേ തെല്‍ അവീവില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിനിടെ, ഇസ്റാഈല്‍ ഒറ്റപ്പെട്ടതിന് കാരണം നെതന്യാഹുവിന്റെ തെറ്റായ നയങ്ങളാണെന്ന് ഇസ്റാഈല്‍ പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡ് പറഞ്ഞു.

 

---- facebook comment plugin here -----