Connect with us

articles

ഇസ്‌ലാമിക നീതിന്യായത്തിന് ബഹുമുഖ ലക്ഷ്യങ്ങളുണ്ട്

ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ നടപ്പാക്കുമ്പോഴും ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളുടെ പശിമയും അത് പ്രകാശിപ്പിക്കുന്ന മനുഷ്യോന്മുഖതയും മുഖ്യധാരാ ചര്‍ച്ചകളില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ലോകത്ത് വധശിക്ഷ നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊലപാതക കുറ്റത്തെ ഇസ്‌ലാം എവ്വിധമാണ് അഡ്രസ്സ് ചെയ്യുന്നതെന്ന ആലോചന പ്രസക്തമാണ്.

Published

|

Last Updated

യമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കാനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ഇടപെടല്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണല്ലോ. യമനിലെ ആഭ്യന്തര യുദ്ധമാണ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഇടപെടലിനെ കൂടുതല്‍ സവിശേഷമാക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതി ഉണ്ടായിരിക്കെ തന്റെ വ്യക്തി പ്രഭാവത്തിന്റെയും ബന്ധങ്ങളുടെയും ബലത്തില്‍ നിര്‍ണായകമായ ഒരു മാനവിക ഇടനാഴി രൂപപ്പെടുത്താന്‍ കാന്തപുരം ഉസ്താദിനായത് അസാമാന്യമാണ്. അപ്പോഴും മതത്തിനകത്തെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ചെയ്തതെന്ന് കാന്തപുരം പറയുമ്പോള്‍ ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്റെ വിശാലതയും തുറവിയുമാണ് അവിടെ അടയാളപ്പെടുത്തപ്പെടുന്നത്. കണ്ണിന് കണ്ണും പല്ലിന് പല്ലും നിഷ്‌കര്‍ഷിക്കുന്ന, 282 നിയമങ്ങളടങ്ങുന്ന ഹമ്മുറാബി കോഡിന്റെ പരിഷ്‌കരിച്ച വേര്‍ഷനെന്ന് വരെ ഇസ്‌ലാമിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതിയെ പരിഹസിച്ചു വരുന്നവരുണ്ട്. പഴയ ബാബിലോണിയയിലെ ആറാമത്തെ രാജാവായിരുന്നല്ലോ ഹമ്മുറാബി.

ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ നടപ്പാക്കുമ്പോഴും ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളുടെ പശിമയും അത് പ്രകാശിപ്പിക്കുന്ന മനുഷ്യോന്മുഖതയും മുഖ്യധാരാ ചര്‍ച്ചകളില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ലോകത്ത് വധശിക്ഷ നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊലപാതക കുറ്റത്തെ ഇസ്‌ലാം എവ്വിധമാണ് അഡ്രസ്സ് ചെയ്യുന്നതെന്ന ആലോചന പ്രസക്തമാണ്. മുസ്‌ലിം രാജ്യങ്ങളെല്ലാം ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രയോഗവത്കരിക്കുന്നവയല്ലെന്ന് കൂടെ ഓര്‍ക്കേണ്ടതുണ്ട്.

മഹാപാതകം തന്നെ

കൊലപാതകം(Murder) മഹാ അപരാധമാണെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാകില്ല. ഒരാളെ കൊല്ലുന്നതിലൂടെ അയാളുമായുള്ള നാനാതരം വ്യവഹാരങ്ങളെയും റദ്ദാക്കുകയാണ് കൊലയാളി ചെയ്യുന്നത്. കൊല്ലപ്പെട്ടയാളോട് പ്രപഞ്ചത്തിനുണ്ടായിരുന്ന ബന്ധത്തെ മുറിച്ചിടുന്നു ഘാതകന്‍. ജീവിച്ചിരിക്കാനുള്ള അവകാശമാണല്ലോ പരമമായ അവകാശം. ആ അവകാശത്തെ നിയമപരമല്ലാത്ത വിധത്തില്‍ കവര്‍ന്നെടുക്കുന്ന കൊലയാളി ജീവിച്ചിരിക്കാന്‍ അര്‍ഹനല്ലെന്ന് കരുതുന്നതില്‍ മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണുള്ളത്. അന്യായമായി കൊല്ലുന്നത് മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണെന്ന വിശുദ്ധ ഖുര്‍ആനിലെ മാഇദ അധ്യായത്തിലെ 32ാം വചനം ചൂണ്ടിക്കാട്ടുന്ന ആശയമാണത്.

മനപ്പൂര്‍വം ചെയ്യുന്നതാണല്ലോ കൊലപാതകം. അബദ്ധത്തില്‍ കൊല്ലപ്പെടുന്നതിനെ വേറിട്ട് തന്നെ നിര്‍വചിക്കുന്നുണ്ട് ലോക രാജ്യങ്ങളിലെ ക്രിമിനല്‍ നീതിന്യായ സംവിധാനങ്ങളെല്ലാം. വിവിധ സംസ്ഥാനങ്ങളിലെ ക്രിമിനല്‍ നിയമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട് അമേരിക്കയില്‍. അവിടെ കൊലപാതകക്കുറ്റത്തെ മൂന്നായാണ് വിഭജിച്ചിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി, സെക്കന്‍ഡ് ഡിഗ്രി, തേര്‍ഡ് ഡിഗ്രി എന്നിങ്ങനെയാണ് ആ വിഭജനം. ഇന്ത്യയിലാകുമ്പോള്‍ മനപ്പൂര്‍വ നരഹത്യയും മനപ്പൂര്‍വമല്ലാത്ത നരഹത്യയുമായാണ് വര്‍ഗീകരിച്ചിരിക്കുന്നത്. മറ്റു ലോക രാജ്യങ്ങളിലെല്ലാം ഈ വര്‍ഗീകരണമുണ്ട്. ഫലത്തില്‍ മനപ്പൂര്‍വമായ കൊലപാതകത്തെയും അബദ്ധത്തില്‍ സംഭവിക്കുന്ന കൊലപാതകത്തെയും വേറിട്ട് നിര്‍വചിക്കുകയും അതുവഴി വ്യത്യസ്ത തരത്തിലുള്ള ശിക്ഷ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

കൊലപാതകക്കുറ്റത്തെ മതം കാണുന്നത്
ഇസ്‌ലാമിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കൊലപാതകക്കുറ്റത്തെ മൂന്നായി തരംതിരിക്കുന്നുണ്ട്. കാരണമില്ലാതെയോ മതപരമായ ന്യായീകരണമില്ലാതെയോ ഒരാളെ കൊല്ലുന്നതാണ് ഒന്നാമത്തെ ഇനം. അവിടെ കൊലപാതകം കൊലയാളിയുടെ ബോധപൂര്‍വമായ പ്രവൃത്തിയാണ്. തീവെച്ച് കൊല്ലുക, കുത്തിക്കൊല്ലുക, ഉയര്‍ന്ന സ്ഥലത്ത് നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുക, ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരിക്കുന്നത് വരെ തടവിലിടുക എന്നിവയൊക്കെ മനപ്പൂര്‍വമായ കൊലപാതകങ്ങളാണ്. കൊലപാതകിക്ക് ലഭിക്കുന്ന ശിക്ഷ അയാളെ കൊല്ലുമെന്നതാണ്. അപ്പോഴും കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികള്‍ക്ക് കൊലയാളിയില്‍ നിന്ന് ദിയാ ധനം സ്വീകരിച്ച് പ്രതിക്രിയ ഒഴിവാക്കി കൊടുക്കുന്നതിനുള്ള അവകാശമുണ്ട്.

തങ്ങളുടെ രക്തബന്ധത്തിലെ ഒരംഗത്തെ അന്യായമായി കൊലപ്പെടുത്തിയയാളെ കൊല്ലണമെന്നാണ് ഇരയുടെ അനന്തരാവകാശികളുടെ പക്ഷമെങ്കില്‍ പ്രതിക്രിയ തന്നെ ഭരണകൂടം നടപ്പിലാക്കണം. ഒരാള്‍ അന്യായമായി കൊല്ലപ്പെടുമ്പോള്‍ ആത്യന്തികമായി അതില്‍ വേദനിക്കുക അയാളുടെ ബന്ധുക്കളാണല്ലോ. അതിനാല്‍ പ്രതിക്രിയയാണോ ദിയാ ധനമാണോ വേണ്ടതെന്നതില്‍ അവരുടെ തിരഞ്ഞെടുപ്പ് പ്രധാനമാണെന്ന പരിപ്രേക്ഷ്യത്തെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നു. ഒരാള്‍ ക്രിമിനല്‍ കുറ്റകൃത്യം ചെയ്യുന്നു എന്നതിനര്‍ഥം നിയമം ലംഘിക്കുന്നു എന്നാണ്. പ്രസ്തുത ക്രിമിനല്‍ പ്രവൃത്തി സ്റ്റേറ്റിനെതിരായ നടപടിയാണെന്ന കാഴ്ചപ്പാടാണ് ആധുനിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതികളെല്ലാം മുന്നോട്ടു വെക്കുന്നത്.

അതിനാല്‍ സ്റ്റേറ്റാണ് കൊലപാതക കുറ്റത്തില്‍ ഉള്‍പ്പെടെ ശിക്ഷ അന്തിമമായി തീരുമാനിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ വ്രണിത ഹൃദയരായ രക്തബന്ധുക്കള്‍ എല്ലാത്തിനും സാക്ഷികള്‍ മാത്രം. അതില്‍ നിന്ന് വ്യത്യസ്തമാണ് ഇസ്‌ലാമിന്റെ സമീപനം. കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികള്‍ക്ക് പ്രതിക്രിയ ആവശ്യപ്പെടുകയോ മതിയായ ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കുകയോ ചെയ്യാം. അപ്പോഴും പ്രതിക്രിയക്ക് പോകുന്നതിനേക്കാള്‍ ഉത്തമം മാപ്പ് നല്‍കലാണെന്ന് ഇസ്‌ലാമിക കര്‍മ ശാസ്ത്ര പണ്ഡിതര്‍ പറഞ്ഞു വെക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. കാരണം പകരം കൊല്ലണമെന്ന് ആവശ്യപ്പെടാന്‍ അവകാശമുണ്ടായിരിക്കെ അത് വേണ്ടെന്നു വെച്ച് മാപ്പ് നല്‍കുന്നത് വലിയ നന്മയാണ്.

തങ്ങളനുഭവിക്കുന്ന കഠിന വേദനയിലും കുറ്റവാളിയിലേക്ക് പോലും കിനിഞ്ഞിറങ്ങുന്ന സ്‌നേഹവായ്പ്പാണവിടെ പ്രകടമാകുന്നത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പോരിനും പകക്കും ചെക്ക് വെക്കുന്ന മനുഷ്യത്വമാണത്. ഇസ്‌ലാമിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതിക്ക് ബഹുമുഖ ലക്ഷ്യങ്ങളുണ്ടെന്ന് ചുരുക്കം.

സാധാരണ നിലയില്‍ കൊലപാതകത്തിലേക്ക് നയിക്കുകയോ മരണം സംഭവിക്കുകയോ ചെയ്യാത്ത പ്രവൃത്തിയാല്‍ യാദൃച്ഛികമായി കൊല്ലപ്പെടുന്നതാണ് ഇസ്‌ലാമിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതി പ്രകാരമുള്ള കൊലപാതക കുറ്റത്തിലെ രണ്ടാമത്തെ ഇനം. രോഗശമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോക്ടര്‍ ചികിത്സിക്കുന്നതിനിടയില്‍ രോഗി മരിക്കുന്നത് അതിന് ഉദാഹരണമാണ്. അങ്ങനെ വന്നാല്‍ ശിക്ഷ ദിയാ ധനം നല്‍കുകയെന്നതാണ്.

കുറ്റവാളിയുടെ ബാധ്യതയാണ് ദിയാ ധനം നല്‍കല്‍. പ്രതിക്രിയ ഉണ്ടാകുകയില്ല.
പൂര്‍ണമായും അബദ്ധവശാല്‍ സംഭവിക്കുന്ന കൊലപാതകമാണ് ഇസ്‌ലാമിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതിയിലെ മൂന്നാമത്തെ ഇനം. പക്ഷിയെ വേട്ടയാടുകയായിരുന്നു. പക്ഷേ വെടിയുണ്ട ചെന്നു പതിച്ചത് അടുത്തുള്ളയാളുടെ ദേഹത്താണ്. അബദ്ധത്തിലാണ് അവ്വിധം കൊല്ലപ്പെട്ടത്. ദിയാധനം നല്‍കലാണവിടെ ശിക്ഷ. കുറ്റവാളിയുടെ ബന്ധുക്കളാണത് നല്‍കേണ്ടത്. ഓരോ സംഭവത്തിന്റെയും വസ്തുതയനുസരിച്ച് ദിയാ ധനത്തിന്റെ തോത് വ്യത്യാസപ്പെടുന്നതാണ്.

വധശിക്ഷ ആരുടെ തിരഞ്ഞെടുപ്പാണ്

ആധുനിക ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ മനപ്പൂര്‍വമായ കൊലപാതകത്തിന് വധശിക്ഷയുണ്ട്. അത് ജീവപര്യന്തം തടവുമാകാം. പിഴയുമുണ്ടായിരിക്കാം. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷ. പിഴയൊടുക്കേണ്ടിയും വന്നേക്കാം. മനപ്പൂര്‍വമായ കൊലപാതകത്തിന് മരണ ശിക്ഷയുണ്ടെന്ന് പറയുമ്പോഴും വധശിക്ഷ ഒഴിവാക്കുന്നതാണ് ഇപ്പോള്‍ ലോക രാജ്യങ്ങളിലെ പൊതു പ്രവണത. വധശിക്ഷ വേണോ വേണ്ടയോ എന്നതൊന്നും കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികളുടെ തിരഞ്ഞെടുപ്പാകുന്നുമില്ല.

ന്യായീകരണമേതുമില്ലാതെ മനപ്പൂര്‍വം മറ്റൊരാളെ കൊന്നയാള്‍ മാനവരാശിയെയാകെ കൊന്നിരിക്കുന്നു എന്ന നിലപാടാണ് ബോധപൂര്‍വമായ കൊലപാതകത്തിന് ശിക്ഷ വിധിക്കുമ്പോള്‍ അടിത്തറയാകേണ്ടത്. ഇന്ത്യയെപ്പോലെ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതക കുറ്റത്തിന് മാത്രം വധശിക്ഷ നല്‍കുന്ന വേറെയും രാജ്യങ്ങളുണ്ട്.

Latest