Connect with us

tripura election

മണ്ണൊരുങ്ങുന്നത് മാറ്റത്തിനോ?

വിശാല ഐക്യത്തിനുള്ള വിത്തുപാകലും വിജയകരമായ വിളവെടുപ്പും എങ്ങനെയായിരിക്കുമെന്നതിന്റെ മണ്ണു പരിശോധനയാണ് ത്രിപുരയില്‍ നടക്കാന്‍ പോകുന്നത്. മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം വളപ്രയോഗം നടത്താന്‍. അധികാരത്തിന്റെ തുരുത്തുകളെല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ട/ നഷ്ടപ്പെടുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും വിശിഷ്യ സി പി എമ്മും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നു എന്നത് മാത്രമല്ല, അതിന്റെ ഫലം വഴിത്തിരിവുകള്‍ ഉണ്ടാക്കുമോയെന്നുമാണ് രാജ്യം ഉറ്റുനോക്കുന്നത്.

Published

|

Last Updated

2024ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന നിലക്ക് അതീവ പ്രധാന്യമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യ വിസില്‍ മുഴക്കിയത്. അതില്‍ തന്നെ രാജ്യത്തെ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമായ ത്രിപുരയിലേക്കാണ് ദേശീയ രാഷ്ട്രീയം സൂക്ഷ്മദര്‍ശിനി ക്രമീകരിച്ചുവെച്ചത്. ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യ (എന്‍ ഡി എ) ത്തെ കേന്ദ്ര ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ അനിവാര്യമായ വിശാല ഐക്യത്തിനുള്ള വിത്തുപാകലും വിജയകരമായ വിളവെടുപ്പും എങ്ങനെയായിരിക്കുമെന്നതിന്റെ മണ്ണു പരിശോധനയാണ് ത്രിപുരയില്‍ നടക്കാന്‍ പോകുന്നത്. മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം വളപ്രയോഗം നടത്താന്‍. അധികാരത്തിന്റെ തുരുത്തുകളെല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ട/ നഷ്ടപ്പെടുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും വിശിഷ്യ സി പി എമ്മും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നു എന്നത് മാത്രമല്ല, അതിന്റെ ഫലം വഴിത്തിരിവുകള്‍ ഉണ്ടാക്കുമോയെന്നുമാണ് രാജ്യം ഉറ്റുനോക്കുന്നത്. അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ സംഭവിച്ചതുപോലെ കനത്ത നിരാശയായിരിക്കില്ല ഫലം എന്ന് പ്രത്യാശിക്കാം.

തിപ്രലാന്‍ഡ് എന്ന ആയുധം
ഗോത്രവര്‍ഗ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ത്രിപുരയില്‍ അവരെ പൂര്‍ണമായും ഒഴിവാക്കിയുള്ള ഒരു സഖ്യ നീക്കം ഫലവത്താകില്ല. നിയമസഭയില്‍ 20 സീറ്റുകള്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതുമാണ്. ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യ (ഐ പി എഫ് ടി) എന്ന ഗോത്രവര്‍ഗ പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബി ജെ പി ത്രിപുര ഭരിക്കുന്നത്. എന്നാല്‍, എല്ലാവര്‍ക്കും ഭീഷണിയായി രാജകുടുംബാംഗമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ തിപ്ര മോത്ത എന്ന പാര്‍ട്ടി, ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന ആവശ്യവുമായി ശക്തമായി രംഗത്തുണ്ട്. ഈ ആവശ്യത്തിന് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. മാത്രമല്ല, അത് വൈകാരികവുമാണ്. ഇപ്പോള്‍ ഭരണത്തിന്റെ ഭാഗമായ ഐ പി എഫ് ടി മേധാവി എന്‍ സി ദേബ് ബര്‍മയാണ് 2009ല്‍ ഈ മുദ്രാവാക്യം ആദ്യമായി പ്രയോഗിച്ചത്. ഈ ആയുധ പ്രയോഗമാണ് 2018ല്‍ അധികാരത്തിന്റെ ഭാഗമാകുന്നതിലേക്ക് വഴിവെച്ചതും. നിലവില്‍ ഭരണകക്ഷികളില്‍ നിന്ന് എട്ട് എം എല്‍ എമാരാണ് കളം മാറിയത് എന്നത് അധികാര കൊടുങ്കാറ്റിന്റെ സൂചനകളാണ് നല്‍കുന്നത്. ഇവരില്‍ അഞ്ച് പേര്‍ ബി ജെ പിയില്‍ നിന്നും മൂന്ന് പേര്‍ ഐ പി എഫ് ടിയില്‍ നിന്നുമാണ് പോയത്. ഇവരില്‍ തന്നെ നാല് പേര്‍ തിപ്ര മോത്ത പാര്‍ട്ടിയിലാണ് ലാവണം കണ്ടെത്തിയത്്. മൂന്ന് പേര്‍ കോണ്‍ഗ്രസ്സിലേക്കും ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്കും പോയി. നിലവില്‍ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ ഭരിക്കുന്നത് തിപ്ര മോത്തയാണ്. ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിക്കുന്ന തിപ്ര മോത്ത ലക്ഷ്യം വെക്കുന്നത് ഗോത്രവോട്ടുകളുടെ ഏകീകരണവും ശക്തിപ്രകടനവുമാണ്. ആ ലക്ഷ്യത്തിലേക്ക് ഐ പി എഫ് ടിയുടെ സഹകരണവും അവര്‍ പ്രതീക്ഷിക്കുന്നു. അണിയറയിലെ ലയന നീക്കം അതാണ് കാണിക്കുന്നത്. ഗോത്രജനതയുടെ അതിജീവനവും നിലനില്‍പ്പും അനിവാര്യമാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഐ പി എഫ് ടിയുമായി ലയിക്കാന്‍ തയ്യാറാണെന്ന് തിപ്ര മോത്ത പ്രഖ്യാപിച്ചിട്ടുണ്ട്. ഐ പി എഫ് ടി അത് അംഗീകരിച്ചിട്ടുമുണ്ട്. ചെറുകക്ഷികളെ ചിറകിനുള്ളിലാക്കി പിന്നീട് ഞെരിക്കുന്ന രീതിയാണ് മോദിക്കാലത്തെ ബി ജെ പി സംസ്ഥാനങ്ങളില്‍ പരീക്ഷിക്കുന്നതെന്ന് ഐ പി എഫ് ടിക്ക് ബോധ്യമുണ്ട് എന്നതുതന്നെ കാരണം. അതിനാല്‍, അതിജീവനവും നിലനില്‍പ്പും പ്രധാനമാണ്. കോണ്‍ഗ്രസ്സും സി പി എമ്മും തിപ്ര മോത്തയെ സമീപിച്ചിരുന്നെങ്കിലും ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പ്രധാന ആവശ്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് ശാഠ്യം പിടിച്ചിരിക്കുകയാണ്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തോട് കോണ്‍ഗ്രസ്സിനും സി പി എമ്മിനും കൈകൊടുക്കാന്‍ നിലവില്‍ കഴിയുകയുമില്ല. 1940കളില്‍ രാജഭരണവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ത്രിപുരയില്‍ ഉയര്‍ന്നുവന്നത് എന്നറിയുമ്പോഴാണ് രാജകുടുംബാംഗമായ പ്രദ്യോതിന്റെ പാര്‍ട്ടിയായ തിപ്ര മോത്തയുമായി തോളോടുതോള്‍ ചേരാന്‍ സി പി എം ഇക്കാലത്ത് തുനിയുന്നതിലെ നിര്‍ണായക രാഷ്ട്രീയ നീക്കത്തിന്റെ പ്രാധാന്യം മനസ്സിലാകുക. സംസ്ഥാനത്തിന് പുറത്തുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ പ്രദ്യോതിനെ നിരന്തരം സമീപിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

സംഘര്‍ഷവും ഭരണവിരുദ്ധ വികാരവും
പ്രധാന പങ്കാളിയായ ഐ പി എഫ് ടി പോയാലും ജയിക്കാമെന്ന ആത്മവിശ്വാസം ബി ജെ പി പുറമേക്ക് പ്രകടിപ്പിക്കുന്നുണ്ട്. 2018ല്‍ 43.59 ശതമാനം വോട്ടോഹരി നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് തന്നെ പ്രധാന കാരണം. സി പി എം അന്ന് നേടിയത് 42.2 ശതമാനമായിരുന്നു. അധികാരത്തിലില്ലാത്ത സമയത്തുപോലും 40- 45 ശതമാനം വോട്ട് നേടുന്ന കോണ്‍ഗ്രസ്സിന്റെ വോട്ടുകളാണ് വന്‍തോതില്‍ ബി ജെ പിയിലേക്ക് ഒഴുകിയത്. കോണ്‍ഗ്രസ്സിന്റെ വോട്ടോഹരി 1.79 ശതമാനത്തിലേക്ക് തകര്‍ന്നടിഞ്ഞിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം കച്ചിത്തുരുമ്പാക്കിയാണ് സി പി എം- കോണ്‍ഗ്രസ്സ് കക്ഷികളുടെ പ്രചാരണം. മാത്രമല്ല, ഇടക്കിടെയുണ്ടാകുന്ന രാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷങ്ങളും മിസോറം അതിര്‍ത്തിയിലെ വംശീയ ആക്രമണങ്ങളുമെല്ലാം സംസ്ഥാനത്തെ ജനജീവിതം ദുരിതത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ത്രിപുരയിലെ മജ്ലിഷ്പൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രധാന ബി ജെ പി നേതാവും മന്ത്രിയുമായ സുശാന്ത ചൗധരിയുടെ മണ്ഡലത്തിലാണ് ബി ജെ പി- കോണ്‍ഗ്രസ്സ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന് മാറ്റേണ്ടി വന്നിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന അന്തരീക്ഷം ഒരുക്കണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും നേരത്തേ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതാണ്. കഴിഞ്ഞ ഒക്ടോബറിലും ത്രിപുരയില്‍ വര്‍ഗീയ കലാപമുണ്ടായിരുന്നു. വി എച്ച് പിയുടെ പ്രകോപനപരമായ ബൈക്ക് റാലികള്‍ക്കൊടുവില്‍ ചില അക്രമികള്‍ പള്ളിയും ന്യൂനപക്ഷങ്ങളുടെ കടകളും വീടുകളും ആക്രമിച്ചതാണ് കാരണം.

ബി ജെ പിയിലെ പടലപ്പിണക്കങ്ങളും പ്രധാന പങ്കാളി ഐ പി എഫ് ടിയും തിപ്ര മോത്തയും ഒന്നിക്കുന്നതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സി പി എമ്മും കോണ്‍ഗ്രസ്സും. മണിക് സര്‍കാറിന്റെ നേതൃത്വത്തിലുള്ള 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ച യുവതുര്‍ക്കി എന്ന നിലയില്‍ ഏറെ ഘോഷിക്കപ്പെട്ട ബിപ്ലബ് ദേബിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത് ബി ജെ പിയിലെ കൊട്ടാരവിപ്ലവം കാരണമായിരുന്നു. ഏറെ കാലം നീണ്ട പോരിനൊടുവില്‍ കഴിഞ്ഞ മെയില്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. പകരം മണിക് സാഹയാണ് മുഖ്യമന്ത്രിയായത്. ബിപ്ലബിനെതിരെ പരാതി നല്‍കിയ പ്രധാന നിയമസഭാംഗങ്ങളായ ഗോത്ര നേതാവ് ദീപചന്ദ്ര ഹറംഗ്ഖാവലും അഗര്‍ത്തല എം എല്‍ എ സുദീപ് റോയ് ബര്‍മനും ബി ജെ പിയില്‍ നിന്ന് തന്നെ രാജിവെച്ചിരുന്നു. ഇരുവരും കോണ്‍ഗ്രസ്സിലാണ് ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബര്‍മന്‍ കോണ്‍ഗ്രസ്സ്് ടിക്കറ്റില്‍ ജയിക്കുകയും ചെയ്തു.

ബംഗാള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
ഫോര്‍വേഡ് ബ്ലോക്ക്, സി പി ഐ, ആര്‍ എസ് പി, സി പി ഐ (എം എല്‍) എന്നീ ഇടതുകക്ഷികളാണ് സി പി എമ്മിനൊപ്പമുള്ളത്. കൂടെയുള്ള കോണ്‍ഗ്രസ്സിനാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനായിട്ടില്ല. 16 സീറ്റുകള്‍ നേടിയ സി പി എം കൂടുതല്‍ പ്രാതിനിധ്യം എന്തായാലും ചോദിക്കും. ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യം കണക്കിലെടുത്ത് കോണ്‍ഗ്രസ്സും നല്ലൊരു പങ്ക് സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ സാധ്യതയുണ്ട്. സീറ്റുകള്‍ സംബന്ധിച്ച പ്രാഥമിക ഘട്ട ചര്‍ച്ചകളാണ് ഇരുകക്ഷികളും നടത്തിയത്. അവകാശവാദങ്ങളും ദേശീയ രാഷ്ട്രീയത്തിലെ പ്രതിച്ഛായയും പ്രാധാന്യവുമെല്ലാം മാറ്റിവെച്ച് തീര്‍ത്തും സംസ്ഥാന കേന്ദ്രീകൃതമായ ചര്‍ച്ചകളിലൂടെ സീറ്റുകള്‍ പങ്കുവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതാകും ഇരുകൂട്ടര്‍ക്കും കരണീയം. അല്ലെങ്കില്‍, 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച് 294 സീറ്റുകളില്‍ ഒന്നുപോലും നേടാനാകാത്ത നാണക്കേട് ഒരിക്കല്‍ കൂടി ഇടത്- കോണ്‍ഗ്രസ്സ് സഖ്യത്തിനുണ്ടാകും.

ബി ജെ പിക്ക് ഈസി വാക്ക് ഓവര്‍ ആയിരിക്കും ഫലം. അത്തരമൊരു സാധ്യതയിലാണ് ബി ജെ പിയുടെ ആത്മവിശ്വാസവും. മാത്രമല്ല, പ്രധാന പ്രതിപക്ഷമായ സി പി എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും വോട്ടുകളില്‍ നോട്ടമൂന്നി തൃണമൂല്‍ കോണ്‍ഗ്രസ്സും രംഗത്തുണ്ട്. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ ടി എം സി നാഷനല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ മാസങ്ങളായി ശക്തമായ പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. തുടര്‍ ഭരണം നേടിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേരും മുഖവും ഉപയോഗിച്ചാണ് ടി എം സി ത്രിപുരയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നത്. ബംഗാളില്‍ പ്രധാന പ്രതിപക്ഷമായതിനാല്‍ കോണ്‍ഗ്രസ്സ്- സി പി എം- ടി എം സി സഖ്യവുമുണ്ടാകില്ല. ഫലത്തില്‍ ബി ജെ പിവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെടുന്ന ദുഃസ്ഥിതിയുണ്ടാകും.

ചുരുക്കത്തില്‍, ത്രിപുര 2024ന്റെ പരീക്ഷണഭൂമിയാണ്. മോദിയുടെ ഹാട്രിക് വിജയത്തിന് തടയിടാന്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശ്രമവും സീതാറാം യെച്ചൂരിയുടെയും അഖിലേഷ് യാദവിന്റെയും മമതാ ബാനര്‍ജിയുടെയും കെ സി ആറിന്റെയും സ്റ്റാലിന്റെയുമൊക്കെ യത്നങ്ങളും ഫലവത്താകേണ്ടതുണ്ട്. ഒരാളെയും പുറത്തുനിര്‍ത്താതെ കൂട്ടായുള്ള പ്രവര്‍ത്തനമാണ് ബി ജെ പിയെ തടയിടാന്‍ വേണ്ടെതെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പും മറ്റെല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും തെളിയിച്ചതാണ്. ഏതെങ്കിലുമൊരു കക്ഷി വല്യേട്ടന്‍ മനോഭാവം പ്രകടിപ്പിച്ചാല്‍ കൂട്ടായ്മയുടെ ചരട് പൊട്ടും. നില്‍ക്കുന്ന മണ്ണിന്റെ സ്വഭാവം അറിഞ്ഞാണല്ലോ എടുപ്പുകള്‍ ഉയരേണ്ടത്. അല്ലാത്തപക്ഷം ചുവട്ടിലെ മണ്ണ് ഊര്‍ന്നുപോയി എടുപ്പ് തകരുകയും താഴെയുള്ളവരുടെ ജീവന്‍ വരെ നഷ്ടപ്പെടുകയും ചെയ്യും. ഇത്തരമൊരു കരുതലും യാഥാര്‍ഥ്യബോധവുമാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് വേണ്ടതും.

 

---- facebook comment plugin here -----

Latest