Connect with us

Articles

പാക്കിസ്ഥാൻ പാപ്പരാകുന്നോ?

കാത്തിരിപ്പിനൊടുവിൽ ഗോതമ്പുമായി ട്രക്കുകളെത്തി. ജനങ്ങൾ ആ ഭാഗത്തു തടിച്ചുകൂടി, തിക്കും തിരക്കുമായി, ചിലർ തമ്മിലടിക്കുന്നു, ചിലർ ബലം പ്രയോഗിച്ച് തട്ടിയെടുക്കുന്നു, ആക്രമിക്കുന്നു, അതിനിടയിൽ പെട്ട് നിരവധി പേർക്ക് പരുക്കേൽക്കുന്നു. തന്റെ കുടുംബത്തിനായുള്ള അഞ്ച് കിലോഗ്രാം ഗോതമ്പ് വാങ്ങാൻ എത്തിയ ഹർസിംഗ് കോൽഹി തിരക്കിനിടയിൽപ്പെട്ട് ശ്വാസംമുട്ടി മരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ ദയനീയമായ സംഭവം നടക്കുന്നത്.

Published

|

Last Updated

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള മിർപൂർ ഖാസിൽ, സബ്സിഡി നിരക്കിൽ സർക്കാർ വിതരണം ചെയ്യുന്ന ഗോതമ്പ് വാങ്ങാൻ ജനങ്ങൾ തടിച്ചു കൂടി. ഒരു കിലോഗ്രാം ഗോതമ്പിന് മാർക്കറ്റിൽ ഏകദേശം 140 മുതൽ 160 രൂപ വരെയാണ് വില. അതും ആവശ്യത്തിന് ലഭിക്കുന്നില്ല. കിലോക്ക് 65 രൂപക്കാണ് സർക്കാർ ഗോതമ്പ് വിതരണം ചെയ്യുന്നത്. കാത്തിരിപ്പിനെടുവിൽ ഗോതമ്പുമായി ട്രക്കുകളെത്തി. ജനങ്ങൾ ആ ഭാഗത്തു തടിച്ചുകൂടി, തിക്കും തിരക്കുമായി. ഗോതമ്പിനായി ചിലർ തമ്മിലടിക്കുന്നു. ചിലർ ബലം പ്രയോഗിച്ച് തട്ടിയെടുക്കുന്നു, ആക്രമിക്കുന്നു. അതിനിടയിൽ പെട്ട് നിരവധി പേർക്ക് പരുക്കേൽക്കുന്നു. ഭാര്യയും മക്കളുൾപ്പെടെ തന്റെ കുടുംബത്തിനായുള്ള അഞ്ച് കിലോഗ്രാം ഗോതമ്പ് വാങ്ങാൻ എത്തിയ ഹർസിംഗ് കോൽഹി തിരക്കിനിടയിൽ പെട്ട് ശ്വാസംമുട്ടി മരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ ദയനീയമായ സംഭവം നടക്കുന്നത്.

പാക്കിസ്ഥാനിൽ വർധിച്ചുവരുന്ന ഭക്ഷ്യക്ഷാമത്തിന്റെയും ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും ആഘാതം ദരിദ്രരായ ജനങ്ങളിൽ എങ്ങനെ അനുഭവപ്പെടുന്നു എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം. ഗോതമ്പിന് മാത്രമല്ല ഭക്ഷ്യ വസ്തുക്കൾക്കെല്ലാം തൊട്ടാൽ പൊള്ളുന്ന വിലയാണ് പാക്കിസ്ഥാനിൽ. സാധാരണക്കാർക്ക് മൂന്ന് നേരം കഴിക്കാൻ പോലും ഭക്ഷണമില്ലാത്ത അവസ്ഥയാണ്. പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷം. സബ്‌സിഡി നിരക്കിൽ സർക്കാർ നൽകുന്ന ഭക്ഷ്യ വസ്തുക്കൾക്ക് വേണ്ടി ജനങ്ങൾ മണിക്കൂറുകളോളം വരി നിൽക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തെ ഉത്പാദനം കുറഞ്ഞതിനോപ്പം വിദേശത്ത് നിന്ന് ധാന്യം ഇറക്കുമതി ചെയ്യാൻ മതിയായ പണമില്ല. ധാന്യം മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങൾ, മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവയുടെയെല്ലാം ഇറക്കുമതി കടുത്ത പ്രതിന്ധിയിലാണ്. പണപ്പെരുപ്പം 20 ശതമാനത്തിലെത്തി. ഒരു യു എസ് ഡോളറിന് 225 പാക് രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. ഇതോടെ വിലക്കയറ്റം പരിധി വിട്ടു. തൊഴിലില്ലായ്മയും രൂക്ഷം. സമ്പദ് വ്യവസ്ഥയുടെ സർവ മേഖലകളെയും ഇത് ബാധിച്ചു. ഇന്ധന ക്ഷാമവും വൈകാതെ രൂക്ഷമാകാനാണ് സാധ്യത.

കരുതൽ ധനമില്ല

പാക്കിസ്ഥാന്റെ വിദേശ കരുതൽ ധനം 500 കോടി ഡോളറിൽ താഴെ എത്തി നിൽക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത് 1,600 കോടി ഡോളറായിരുന്നു. അവശ്യ വസ്തുക്കളുടെ ഇറക്കുമതിയിലുൾപ്പെടെ വിദേശ കരുതൽ ധനത്തിന്റെ കുറവ് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ രാജ്യം വൈകാതെ സമ്പൂർണ സാമ്പത്തിക തകർച്ച എന്ന അവസ്ഥയിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും പ്രെട്രോളിയം ഉത്പന്നങ്ങളും ഉൾപ്പെടെയുള്ളവക്ക് ഇതര രാജ്യങ്ങളെ ആശ്രയിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ. നിലവിലെ കരുതൽ ധനം മൂന്ന് മാസത്തേക്കുള്ള ഇറക്കുമതിക്ക് മാത്രമേ മതിയാകുകയുള്ളൂ. മാത്രമല്ല 1,300 കോടി ഡോളറിലധികം ഈ മാസം വായപാ തിരിച്ചടവും നടത്തേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സഹായങ്ങൾക്ക് വേണ്ടി പാക്കിസ്ഥാൻ ഐ എം എഫിനെ സമീപിക്കാറുണ്ട്. ഇരുപതിലധികം തവണ രാഷ്ട്രം ഐ എം എഫിൽ നിന്ന് വായ്പയെടുത്തു. അംഗരാജ്യങ്ങൾക്ക് അനുവദനീയമായതിന്റെ ഇരട്ടിയിലധികം തുക നിലവിൽ കടവുമുണ്ട്. അതിനാൽ തന്നെ കർശനമായ ഉപാധികളാണ് ഇത്തവണ ഐ എം എഫ് മുന്നോട്ട് വെക്കുന്നത്. അത് പാലിക്കാൻ സാധിക്കാത്തതിനാൽ ഐ എം എഫ് സഹായവും വഴിമുട്ടി നിൽക്കുന്നു. ഫലത്തിൽ രാഷ്ട്രം പാപ്പരാകുന്ന സ്ഥിതിയാണ്. ചൈനയടക്കം വായ്പ നൽകിയ രാജ്യങ്ങൾ അതിന്റെ വായ്പാ തിരിച്ചടവ് കാലാവധി നീട്ടുകയും ഇതര മാർഗങ്ങളിൽ നിന്ന് കൂടുതൽ ധനസഹായം ലഭിക്കുകയും ചെയ്താൽ മാത്രമേ പാക്കിസ്ഥാന് പ്രതിസന്ധി ഘട്ടം മറികടക്കാൻ സാധിക്കുകയുള്ളൂ.

പുതുമയില്ല

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രതിസന്ധിയെന്നത് പുതുമയുള്ള കാര്യമല്ല. ഏറെക്കാലമായി രാഷ്ട്രം സാമ്പത്തിക പ്രതിസന്ധിയിലാണ്. സമീപകാലത്ത് അതിന്റെ ആഘാതം ഒന്നുകൂടി രൂക്ഷമായെന്ന് മാത്രം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ, സ്വാതന്ത്ര്യാനന്തരം 1980 വരെ ജി ഡി പി വളർച്ചാ നിരക്ക് ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ശരാശരി ജി ഡി പിയേക്കാൾ ഉയർന്നതായിരുന്നു. എന്നാൽ 1990 മുതൽ വളർച്ചാ നിരക്ക് ഏകദേശം 4.5 ശതമാനമായി കുത്തനെ ഇടിഞ്ഞു. അതേസമയം ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ശരാശരി വളർച്ചാ നിരക്ക് യഥാക്രമം 6.2 ശതമാനവും 5.9 ശതമാനവുമായിരുന്നു.

ദക്ഷിണേഷ്യയുടെ ജി ഡി പിയിൽ പാക്കിസ്ഥാന്റെ പങ്ക് 1960കളിൽ 10 ശതമാനവും 1980കളിൽ അത് 15 ശതമാനവുമായിരുന്നു. 2010ൽ അത് 10 ശതമാനമായി കുറഞ്ഞു. നിലവിൽ വെറും രണ്ട് ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ വളർച്ചാ സാധ്യത പരിഗണിക്കുമ്പോൾ, 1990 മുതലുള്ള ശരാശരി പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനത്തിന് മുകളിലാണ്. നിലവിലത് 20 ശതമാനത്തിലെത്തി. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. കയറ്റുമതി ആപേക്ഷികമായി വളരെ കുറവാണ്. കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും പാക്കിസ്ഥാന് എന്നും വലിയ ആശങ്കയായി തന്നെ നിലനിൽക്കുന്നു.

പ്രളയം, പ്രതിസന്ധി

2022ലെ മഹാ പ്രളയവും കാലങ്ങളായി തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും റഷ്യ- യുക്രൈൻ യുദ്ധവുമാണ് പാക് സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ തകർച്ചക്ക് പിന്നിൽ. കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത സർക്കാറുകൾ, ഇടക്കിടെ പട്ടാള ഭരണം. ഒരിക്കൽ പോലും സ്ഥിരത കൈവരിക്കാൻ പാക് രാഷ്ട്രീയത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാരെ കണ്ടു അരക്ഷിതമായ ഈ അയൽ രാജ്യം. ഈ അസ്ഥിരത സമ്പദ്ഘടനയെയും സാരമായി ബാധിച്ചു. മാത്രമല്ല രാഷ്ട്രീയ കിടമത്സരത്തിനിടെ ജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ മാറിമാറി വന്ന സർക്കാറുകൾ വാരിക്കോരി സൗജന്യങ്ങളും സബ്‌സിഡികളും പ്രഖ്യാപിച്ചു. എന്നാൽ ഇതിനുള്ള വരുമാനം എങ്ങനെ കണ്ടെത്തുമെന്ന് ഒരു സർക്കാറും ചിന്തിച്ചതുമില്ല. അതിലുമപ്പുറം പാക് സമ്പദ്‌വ്യവസ്ഥയെ പെട്ടന്ന് പടുകുഴിയിലെത്തിച്ചത് സമീപകാലത്തുണ്ടായ മഹാ പ്രളയമാണ്.

കഴിഞ്ഞ ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടുനിന്ന പ്രളയം ഔദ്യോഗിക കണക്ക് പ്രകാരം ഏകദേശം 33 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. വീടും വരുമാനവും നഷ്ടപ്പെട്ടവരേറെ. വ്യാപകമായി കൃഷി നശിച്ചു. രാജ്യത്തെ 80 ശതമാനം വിളകളും പ്രളയത്തിൽ നശിച്ചതായി സർക്കാർ കണക്കാക്കുന്നുണ്ട്. അതോടെ ഇറക്കുമതി വൻ തോതിൽ വർധിച്ചു. കയറ്റുമതി കുത്തനെ ഇടിയുകയും ചെയ്തു. ലോക ബേങ്കിന്റെ കണക്ക് പ്രകാരം പ്രളയം കാരണം 30 ബില്യൺ യു എസ് ഡോളറിന്റെ നഷ്ടമാണ് പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. പ്രളയത്തിൽ തകർന്നുപോയ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന് ഏകദേശം പതിനഞ്ച് ബില്യൺ യു എസ് ഡോളറാണ് ആവശ്യമാകുന്നത്. ഇതോടൊപ്പം റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് ലോകമാകെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പാക്കിസ്ഥാനെയും പിടിച്ചുലക്കുന്നുണ്ട്.

Latest