Connect with us

Siraj Article

ജ. ഇഖ്ബാല്‍ സിംഗ് ചീമ ഭരണകൂട ധാര്‍ഷ്ട്യത്തിന്റെ ഇര

2019ല്‍ റോജര്‍ മാത്യു കേസിന്റെ വിധിയില്‍ ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷക്കാലാവധി ഉണ്ടാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിവിധ ട്രൈബ്യൂണലുകളുടെ സ്ഥിരതയുള്ള പ്രവര്‍ത്തനവും നീതിന്യായ സ്വാതന്ത്ര്യവും താത്പര്യപ്പെടുന്നതാണ് പ്രസ്തുത വിധിയെങ്കില്‍ ഉന്നത നീതിപീഠത്തിന്റെ തീര്‍പ്പുകളെ ധിക്കാരപൂര്‍വം സമീപിക്കുന്ന ലൈനിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്

Published

|

Last Updated

ത് അവസാന പ്രവൃത്തി ദിവസമാണെന്ന അറിയിപ്പ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സെപ്തംബര്‍ പത്തിന് തനിക്ക് ലഭിച്ചു എന്നാണ് ജസ്റ്റിസ് അശോക് ഇഖ്ബാല്‍ സിംഗ് ചീമ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജിയായ അദ്ദേഹം നാഷനല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലില്‍ (എന്‍ സി എല്‍ എ ടി) ജുഡീഷ്യല്‍ അംഗമായി നിയമിക്കപ്പെടുന്നത് 2017 സെപ്തംബര്‍ പതിനൊന്നിനാണ്. ജസ്റ്റിസ് അശോക് ഇഖ്ബാല്‍ സിംഗ് ചീമ കഴിഞ്ഞ ഏപ്രില്‍ 19 മുതല്‍ ട്രൈബ്യൂണല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സൻ കൂടിയാണ്. 67 വയസ്സ് പൂര്‍ത്തിയായ ഇന്നലെ വിരമിക്കുമെന്ന് ഉറപ്പായിരിക്കെയാണ് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തെ പിരിച്ചുവിട്ടത്. തന്റെ പരിഗണനയിലുള്ള അഞ്ച് നിയമ വ്യവഹാരങ്ങളുടെ വിധി തയ്യാറാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 31 മുതല്‍ അവധിയെടുത്ത സാഹചര്യത്തില്‍ പൊടുന്നനെ സെപ്തംബര്‍ 10ന് അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ സന്ദേശം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ജസ്റ്റിസ് ചീമ റിട്ട് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചതില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടുകയുണ്ടായി. ഈയിടെ പാര്‍ലിമെന്റ് പാസ്സാക്കിയ ട്രൈബ്യൂണല്‍ റിഫോംസ് ആക്ട്, 2021 പ്രകാരമാണ് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. പ്രസ്തുത നിയമപ്രകാരം ട്രൈബ്യൂണല്‍ അംഗത്തിന്റെ കാലാവധി നാല് വര്‍ഷമാണ്. 2017 സെപ്തംബര്‍ 11ന് നിയമിതനായ ജസ്റ്റിസ് ചീമയുടെ കാലാവധി സെപ്തംബര്‍ 10ന് അവസാനിച്ചു. അതിനാല്‍ കേന്ദ്ര സര്‍ക്കാറിന് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കാനുള്ള അധികാരമുണ്ടെന്നായിരുന്നു സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ മറുപടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം പരമോന്നത നീതിപീഠത്തെ ചൊടിപ്പിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ട്.

2017ലെ ട്രൈബ്യൂണല്‍ റൂള്‍സ് പ്രകാരമാണ് ജസ്റ്റിസ് ചീമയുടെ നിയമനം. പക്ഷേ റോജര്‍ മാത്യു കേസിന്റെ വിധിയില്‍ 2019ല്‍ സുപ്രീം കോടതി പ്രസ്തുത റൂള്‍സ് റദ്ദാക്കുകയുണ്ടായി. നിലവില്‍ സര്‍വീസിലുള്ളവരുടെ കാര്യത്തില്‍ അടിസ്ഥാന നിയമ (Parent Act)മനുസരിച്ച് തീരുമാനമെടുക്കണമെന്ന് ആ വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ അടിസ്ഥാന നിയമവും നാഷനല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ കൊണ്ടുവന്ന റൂളുമനുസരിച്ച് ജസ്റ്റിസ് ചീമക്ക് 67 വയസ്സ് പൂര്‍ത്തിയാകുന്ന സെപ്തംബര്‍ 20 വരെ കാലാവധിയുണ്ട്.

അഞ്ച് നിയമ വ്യവഹാരങ്ങളില്‍ വിധിപറയാനിരിക്കെ സെപ്തംബര്‍ 20 വരെ പദവിയിലിരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് മുമ്പില്‍ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന നിലപാടായിരുന്നു അറ്റോര്‍ണി ജനറലിന്റേത്. എന്നാല്‍ ആ നിലപാടിന്റെ ഹേതു ദുര്‍ബലവും പരമോന്നത നീതിപീഠത്തെ അവഹേളിക്കുന്ന മനോഗതിയില്‍ നിന്നുണ്ടായതുമാണെന്നതാണ് സത്യം. ഇക്കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തിനിടെ ആഗസ്റ്റ് 16ന് പാസ്സാക്കിയ ട്രൈബ്യൂണല്‍ റിഫോംസ് ആക്ട്, 2021ന്റെ ചുവടുപിടിച്ചാണ് ജസ്റ്റിസ് ചീമക്ക് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. നേരത്തേ ട്രൈബ്യൂണല്‍ റിഫോംസ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയുടെ വിധിയില്‍, ട്രൈബ്യൂണല്‍ അംഗങ്ങളുടെ കാലാവധി നാല് വര്‍ഷമായി നിശ്ചയിച്ചതും അംഗമാകാന്‍ കുറഞ്ഞത് 50 വയസ്സാകണമെന്നതും സുപ്രീം കോടതി കഴിഞ്ഞ ജൂലൈ 14ന് റദ്ദാക്കിയിരുന്നു. എന്നാല്‍ അതേ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ലിമെന്റില്‍ വീണ്ടും നിയമം പാസ്സാക്കിയിരിക്കുന്നത്. പ്രസ്തുത നിയമം അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് ചീമയെ പിരിച്ചുവിട്ടതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുകയുണ്ടായി.

2019ല്‍ റോജര്‍ മാത്യു കേസിന്റെ വിധിയിലും ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷക്കാലാവധി ഉണ്ടാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിവിധ ട്രൈബ്യൂണലുകളുടെ സ്ഥിരതയുള്ള പ്രവര്‍ത്തനവും നീതിന്യായ സ്വാതന്ത്ര്യവും താത്പര്യപ്പെടുന്നതാണ് പ്രസ്തുത വിധിയെങ്കില്‍ ഉന്നത നീതിപീഠത്തിന്റെ തീര്‍പ്പുകളെ ധിക്കാരപൂര്‍വം സമീപിക്കുന്ന ലൈനിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ശക്തമായ വിമര്‍ശമുന്നയിച്ചപ്പോള്‍ മാത്രമാണ് സെപ്തംബര്‍ 20 വരെ തുടരാന്‍ ജസ്റ്റിസ് ചീമയെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
അതിനിടെ പുതിയ ട്രൈബ്യൂണല്‍ ആക്ടിന് മേല്‍ ട്രൈബ്യൂണല്‍ റൂള്‍സ്, 2021 ധൃതിപിടിച്ച് പുറപ്പെടുവിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് ചീമയുടെ ഹരജി പരിഗണിക്കവെ ട്രൈബ്യൂണല്‍ ആക്ട് 2021, സ്റ്റേ ചെയ്യേണ്ടിവരുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിരീക്ഷിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണല്‍ റൂള്‍സ് വളരെ വേഗം വിളംബരപ്പെടുത്തിയത്.

ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വ്യവഹാരങ്ങളാണ് പോയ വാരങ്ങളില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. സുപ്രീം കോടതി തന്നെ റദ്ദാക്കിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാസ്സാക്കിയ ട്രൈബ്യൂണല്‍ റിഫോംസ് ആക്ട് ചോദ്യം ചെയ്തുകൊണ്ട് മദ്രാസ് ബാര്‍ അസ്സോസിയേഷനും കോണ്‍ഗ്രസ്സ് എം പി ജയറാം രമേശും സമര്‍പ്പിച്ച ഹരജികളില്‍ അടുത്ത ആഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളും അതേസമയം തന്നെ കേള്‍ക്കുന്നുണ്ട്. നിയമവിധേയമല്ലാതെ തന്നെ പിരിച്ചുവിട്ടത് പ്രശ്‌നവത്കരിച്ച് ജസ്റ്റിസ് അശോക് ഇഖ്ബാല്‍ സിംഗ് ചീമ സമര്‍പ്പിച്ച ഹരജിയാണ് രണ്ടാമത്തെ പ്രധാന വ്യവഹാരം. രണ്ടും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള വ്യത്യസ്ത മൂന്നംഗ ബഞ്ചുകളാണ് കേള്‍ക്കുന്നത്. നിയമപരമായ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും തന്നിഷ്ട പ്രകാരവും ട്രൈബ്യൂണലുകളില്‍ നിയമനം നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച പരമോന്നത നീതിപീഠം ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ രണ്ടാഴ്ച സമയം കേന്ദ്ര സര്‍ക്കാറിന് അനുവദിച്ചിരിക്കുകയാണ്.

ഏറ്റവും വേഗം നീതി എന്നത് അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളായ ട്രൈബ്യൂണലുകളുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മിക്കവാറും ഭരണഘടനാ സ്ഥാപനങ്ങളെയും നിഷ്പ്രഭമാക്കിമാറ്റി തങ്ങളുടെ ഇംഗിത നടത്തിപ്പിനുള്ള ഉപകരണങ്ങളാക്കിത്തീര്‍ത്ത മാതൃകയില്‍ ട്രൈബ്യൂണലുകളുടെയും ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രൈബ്യൂണല്‍ അംഗമാകാന്‍ 50 വയസ്സാകണമെന്ന മാനദണ്ഡം റദ്ദാക്കി 10 വര്‍ഷം പ്രാക്ടീസും മതിയായ യോഗ്യതയുമുള്ള അഭിഭാഷകരെ പരിഗണിക്കണമെന്നും കുറഞ്ഞത് അഞ്ച് വര്‍ഷ കാലാവധി പദവിയില്‍ ഉണ്ടായിരിക്കണമെന്നുമുള്ള പരമോന്നത ന്യായാസന നിര്‍ദേശത്തിന്റെ ലക്ഷ്യം ട്രൈബ്യൂണലുകളെ കാര്യക്ഷമവും പ്രവര്‍ത്തന നൈരന്തര്യമുള്ളതുമാക്കുക എന്നതാണ്. അതേസമയം സുപ്രീം കോടതി ഉത്തരവ് പോലും പകല്‍ വെളിച്ചത്തില്‍ അട്ടിമറിച്ച് നിയമം പാസ്സാക്കുന്ന ഭരണകൂടം ആഗ്രഹിക്കുന്നത് നീതിയും നിയമവാഴ്ചയുമല്ല. ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനവും അതിലെ അംഗങ്ങളുടെ നിയമനവും സ്വതന്ത്രവും സുതാര്യവുമാകാന്‍ വേണ്ടി നാഷനല്‍ ട്രൈബ്യൂണല്‍ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന് റോജര്‍ മാത്യു കേസിന്റെ വിധിയിലും തുടര്‍ന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അക്കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പതിവ് അനങ്ങാപ്പാറ നയം തന്നെയാണ് സ്വീകരിച്ചത്. നിയമവാഴ്ചയുള്ള ജനാധിപത്യ രാജ്യമാണിതെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനെ ഓര്‍മപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത്തരമൊരു രാജ്യത്തെ ഭരണകൂടമാണിതെന്ന തോന്നലുണ്ടാക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാതിരിക്കുന്നത് എത്രമേല്‍ ധിക്കാരപരമാണ്.

Latest