Ongoing News
ദുബൈയിൽ തീപ്പിടിത്തം നേരിടാൻ നൂതന ഡ്രോൺ പ്രതികരണ സംവിധാനം
ലോകത്തിലെ ആദ്യ ഡ്രോൺ അധിഷ്ഠിത സംവിധാനം

ദുബൈ | തീപ്പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ ഡ്രോൺ അധിഷ്ഠിത അടിയന്തര പ്രതികരണ സംവിധാനത്തിന് ദുബൈ സിവിൽ ഡിഫൻസ് തുടക്കമിട്ടു. ദുബൈ പോലീസ് ജനറൽ കമാൻഡുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ മേഖലയിലെ ഒരു പുതിയ കാൽവെപ്പാണിതെന്ന് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ജമാൽ ബിൻ അദ്ഹ് അൽ മുഹൈരി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ച് ഈ സംവിധാനം തീയുടെയും പുകയുടെയും സ്വഭാവം വിശകലനം ചെയ്യുകയും വാഹനങ്ങളുടെ സ്ഥാനം നിർണയിക്കുകയും ദുബൈ സിവിൽ ഡിഫൻസ് റെഡിനസ് റൂമിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും. ഇത് സംഭവങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കാനും അവയുടെ ആഘാതം കുറക്കാനും സഹായിക്കും. ആദ്യഘട്ടത്തിൽ എട്ട് മേഖലകളിലാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഈ വർഷാവസാനത്തിന് മുൻപ് എമിറേറ്റിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപ്പിടിത്ത സാധ്യതകൾ മുൻകൂട്ടി പ്രവചിക്കുന്നതിന് “സിവിൽ ഡിഫൻസ് റെഡിനെസ് പ്രോഗ്രാം’ എന്നൊരു സ്മാർട്ട് സംവിധാനവും ദുബൈ സിവിൽ ഡിഫൻസ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ തീപ്പിടിത്തങ്ങളുടെ ഡാറ്റാബേസ് വിശകലനം ചെയ്ത് ഓരോ പ്രദേശത്തെയും തീപ്പിടിത്തങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും അതുവഴി താമസക്കാർക്ക് അവബോധ സന്ദേശങ്ങൾ അയക്കാനും ഈ പ്രോഗ്രാം സഹായിക്കുന്നു.